'കോളെജ് കാലത്ത് ആദ്യ വര്‍ഷം കെഎസ്‍യുവും അടുത്ത വര്‍ഷം എബിവിപിയും ആയിരുന്നു'; ഓര്‍മ്മ പങ്കുവച്ച് ശ്രീനിവാസന്‍

"മുഴുവന്‍ കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ ചരടും കെട്ടിയിട്ട് ഇറങ്ങിയപ്പോള്‍ ഭയങ്കര പ്രശ്നമായിരുന്നു. കമ്യൂണിസ്റ്റുകാരായ അച്ഛന്‍റെ മകന്‍ രക്ഷാബന്ധന്‍ കെട്ടിയതില്‍"

i have worked with ksu and abvp in college days says sreenivasan nsn

സ്വന്തം അഭിപ്രായങ്ങള്‍ എവിടെയും തുറന്ന് പറയാന്‍ ഒരിക്കലും മടികാട്ടാതിരുന്ന താരമാണ് ശ്രീനിവാസന്‍. അത് സിനിമയെക്കുറിച്ചാണെങ്കിലും രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളെക്കുറിച്ചാണെങ്കിലും ഉള്ള് തുറക്കാന്‍ ശ്രീനിവാസന് മടിയൊന്നുമില്ല. ഇപ്പോഴിതാ ക്യാമ്പസ് രാഷ്ട്രീയത്തിലെ തന്‍റെ പങ്കാളിത്തത്തെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവച്ചിരിക്കുകയാണ് ശ്രീനിവാസന്‍. കോളെജിലെ ആദ്യ വര്‍ഷം താന്‍ കെഎസ്‍യുവും അടുത്ത വര്‍ഷം എബിവിപിയുമായിരുന്നുവെന്ന് പറയുന്നു ശ്രീനിവാസന്‍. അന്ന് രാഷ്ട്രീയ കാര്യങ്ങളില്‍ അ‍ജ്ഞനായിരുന്നുവെന്നും. ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ശ്രീനിവാസന്‍.

കോളെജ് കാലത്തെ രാഷ്ട്രീയത്തെക്കുറിച്ച് ശ്രീനിവാസന്‍

"എന്‍റെ അച്ഛന് കമ്യൂണിസത്തിന്‍റെ പശ്ചാത്തലമായിരുന്നു. കമ്യൂണിസ്റ്റുകാരന്‍ ആണെന്നാണ് ഞാന്‍ സ്വയം കരുതിയിരുന്നത്. അച്ഛന്‍ കമ്യൂണിസ്റ്റുകാരന്‍ ആയതുകൊണ്ട് ആ പാരമ്പര്യം ആയിരിക്കുമെന്ന് കരുതി. അമ്മയുടെ വീട്ടില്‍ ചെന്നപ്പോഴാണ് മഹാത്മാഗാന്ധിയെക്കുറിച്ചൊക്കെ ആദ്യമായി കേള്‍ക്കുന്നത്. അവിടെ അമ്മയുടെ അച്ഛനും ആങ്ങളമാരുമൊക്കെ കോണ്‍ഗ്രസുകാര്‍ ആയിരുന്നു. ഞാന്‍ കോളെജില്‍ ചേര്‍ന്നിട്ട് ഒരു കൊല്ലം കെഎസ്‍യുക്കാരനായി. എനിക്കൊരു ബോധവുമില്ല. എന്ത് വേണമെങ്കിലും ആവും. ആ സമയത്ത് ഒരുത്തന്‍ എന്നെ സ്ഥിരമായിട്ട് ബ്രെയിന്‍വാഷ് ചെയ്യുന്നുണ്ടായിരുന്നു. അവന്‍ എബിവിപിക്കാരന്‍ ആയിരുന്നു. അടുത്ത കൊല്ലം ഞാന്‍ എബിവിപി ആയി. എബിവിപിക്ക് രക്ഷാബന്ധനൊക്കെ കെട്ടുന്ന ഒരു പരിപാടി ഉണ്ടല്ലോ. അതും കെട്ടിയിട്ട് ആദ്യമായിട്ട് എന്‍റെ നാട്ടില്‍ ഇറങ്ങിയ ഒരാള്‍ ഞാനാണ്. മുഴുവന്‍ കമ്യൂണിസ്റ്റുകാരുടെ ഇടയില്‍ ചരടും കെട്ടിയിട്ട് ഇറങ്ങിയപ്പോള്‍ ഭയങ്കര പ്രശ്നമായിരുന്നു. കമ്യൂണിസ്റ്റുകാരനായ അച്ഛന്‍റെ മകന്‍ രക്ഷാബന്ധന്‍ കെട്ടിയതില്‍. എന്താടാ, നിനക്ക് വട്ടായോ എന്ന മട്ടിലായിരുന്നു ആളുകളുടെ പ്രതികരണം. എന്ത് മണ്ണാങ്കട്ടയാടോ ഈ കെട്ടിയിരിക്കുന്നത് എന്നുപറഞ്ഞ് എന്‍റെയൊരു സുഹൃത്ത് ഇത് പൊട്ടിക്കാന്‍ നോക്കി. നീ ഇത് പൊട്ടിക്കുന്നതും നിന്നെ ഞാന്‍ കൊല്ലുന്നതും ഒരേ നിമിഷമായിരിക്കുമെന്ന് ഞാന്‍ പറഞ്ഞു. അവന്‍ പെട്ടെന്ന് കൈ വലിച്ചു. എനിക്ക് പ്രാന്താ അന്ന്", ചിരിയോടെ ശ്രീനിവാസന്‍ പറഞ്ഞുനിര്‍ത്തുന്നു.

ALSO READ : ബിഗ് ബോസ് ഇഷ്‍ടമല്ലായിരുന്നോ എന്ന് മോഹന്‍ലാല്‍; അഖില്‍ മാരാരുടെ മറുപടി

Latest Videos
Follow Us:
Download App:
  • android
  • ios