'എല്‍സിയുവിലേക്ക് അടുത്ത വില്ലന്‍'? ആദ്യ പ്രതികരണവുമായി മാധവന്‍
അത്തരത്തിലുള്ള ഒരു വാര്‍ത്തയുടെ ലിങ്കും മാധവന്‍ പങ്കുവച്ചിട്ടുണ്ട്
തമിഴ് സിനിമാപ്രേമികള്‍ ഏറ്റവുമധികം ചര്‍ച്ചകള്‍ നടത്താറുള്ള ഒന്നാണ് എല്‍സിയു അഥവാ ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്. കൈതി മുതല്‍ ലിയോ വരെയുള്ള മൂന്ന് ചിത്രങ്ങള്‍ ചേര്‍ന്ന, മുന്നോട്ടും നിരവധി സാധ്യതകള്‍ തിറന്നിട്ടിരിക്കുന്ന യൂണിവേഴ്സ്. ഈ സിനിമാ ഫ്രാഞ്ചൈസിയുടെ നാലാം ഭാഗമായി വരുന്ന ചിത്രം പക്ഷേ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജ് അല്ല. മറിച്ച് ഭാഗ്യരാജ് കണ്ണന്‍ ആണ്. ലോകേഷിന്‍റെ കഥയ്ക്ക് അദ്ദേഹവും ഭാഗ്യരാജ് കണ്ണനും ചേര്‍ന്നാണ് രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ബെന്‍സ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നായകനാവുന്നത് രാഘവ ലോറന്‍സ് ആണ്. ഈ ചിത്രത്തിലൂടെ മറ്റൊരു പ്രധാന താരം കൂടി എല്‍സിയുവിന്‍റെ ഭാഗമാവുമെന്ന് വാര്‍ത്തകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ അതിനെ നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആ താരം.
മാധവന്‍റെ പേരാണ് സമീപദിവസങ്ങളില്‍ ബെന്‍സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞത്. ചിത്രത്തില്‍ ഒരു നെഗറ്റീവ് റോളില്‍ മാധവന്‍ എത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ഇക്കാര്യം അറിഞ്ഞിട്ടില്ലെന്ന് മാധവന്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചു. "ഇത് എന്നെ സംബന്ധിച്ച് ഒരു വാര്‍ത്തയാണ്. ആവേശം പകരുന്ന ഒന്ന്. ഇത്തരമൊരു യൂണിവേഴ്സിന്‍റെ ഭാഗമാവുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടും. പക്ഷേ എനിക്ക് ഈ വാര്‍ത്ത ആശ്ചര്യമാണ് ഉണ്ടാക്കിയത്. കാരണം ഇതേക്കുറിച്ച് എനിക്ക് ഒന്നുമേ അറിയില്ല", മാധവന്‍ പരിഹാസരൂപേണ കുറിച്ചു.
ലോകേഷിന്റെ നിര്‍മ്മാണ കമ്പനിയായ ജി സ്‌ക്വാഡുമായി സഹകരിച്ച് പാഷന്‍ സ്റ്റുഡിയോ, ദി റൂട്ട് എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിക്കുന്നത്. അതേസമയം രജനികാന്ത് നായകനാവുന്ന കൂലിയാണ് ലോകേഷിന്‍റെ വരാനിരിക്കുന്ന ചിത്രം. എന്നാല്‍ ഇത് എല്‍സിയുവിന്‍റെ ഭാഗമല്ല.
ALSO READ : ഇതാ, ലോകേഷിന്‍റെ ഫ്രെയ്‍മിലെ രജനി; പിറന്നാള്‍ സമ്മാനമായി 'കൂലി' അപ്ഡേറ്റ്: വീഡിയോ