വൈകാതെ തെന്നിന്ത്യൻ സിനിമ ചെയ്യും, വെളിപ്പെടുത്തി ജാൻവി കപൂര്‍
ജൂനിയര്‍ എൻടിആര്‍ നായകനാകുന്ന പുതിയ ചിത്രത്തില്‍ ജാൻവി കപൂര്‍ നായികയായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
സിനിമകള്‍ അധികമൊന്നും ചെയ്‍തെങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ബോളിവുഡ് നടി ജാൻവി കപൂറിന് അവസരം ലഭിച്ചിട്ടുണ്ട്. തനിക്ക് തെന്നിന്ത്യൻ സിനിമകള്‍ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജാൻവി കപൂര്‍. വൈകാതെ തന്നെ തനിക്ക് തെന്നിന്ത്യൻ സിനിമ ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും ജാൻവി കപൂര്‍ പറഞ്ഞു. കൊരടാല ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജൂനിയര്‍ എൻടിആറിന്റെ നായികയായി ജാൻവി കപൂര്‍ അഭിനയിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
'ബവാല്‍', 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്നീ സിനിമകള്‍ ജാൻവി കപൂര്‍ നായികയായി ഹിന്ദിയില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വരുണ്‍ ധവാനാണ് നായകൻ. അടുത്ത വര്‍ഷം ഏപ്രില്‍ ഏഴിന് ചിത്രം റിലീസ് ചെയ്യാനാണ് ആലോചന. 'മിസ്റ്റര്‍ ആൻഡ് മിസിസ് മഹി' എന്ന ചിത്രം രാജ്‍കുമാര്‍ റാവു നായകനായി ശരണ്‍ ശര്‍മയാണ് സംവിധാനം ചെയ്യുന്നത്.
ജാൻവി കപൂര്‍ നായികയായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രം 'മിലി'യാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ 'ഹെലന്റെ' റീമേക്കാണ് 'മിലി'. 'ഹെലന്റെ' സംവിധായകനായ മാത്തുക്കുട്ടി സേവ്യര്‍ തന്നെയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മോശമല്ലാത്ത പ്രതികരണം തിയറ്ററുകളില്‍ നിന്ന് ചിത്രം നേടിയിരുന്നു. ജാൻവി കപൂറിന്റെ അച്ഛൻ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിനോദ് തല്‍വാറാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസര്‍, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷൻ ഡിസൈനര്‍. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്.
എ ആര്‍ റഹ്‍മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 'മിലി'യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിച്ചത്.
Read More: മാസായി ചിരഞ്‍ജീവി, 'വാള്‍ട്ടര്‍ വീരയ്യ' ചിത്രത്തിന്റെ ടൈറ്റില്‍ ട്രാക്ക് പുറത്ത്