'നിന്നെ കുട്ടിയായിരുന്നപ്പോള്‍ മുതല്‍ എനിക്കറിയാം'; ആര്യന് ഹൃത്വിക് റോഷന്‍റെ കത്ത്
ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് (Aryan Khan) കത്തെഴുതി ബോളിവുഡ് താരം ഹൃത്വിക് റോഷന്‍ (Hrithik Roshan). ഇപ്പോഴത്തെ പ്രതിസന്ധികള്‍ നല്ല ഭാവിയിലേക്കുള്ള വഴിവിളക്കുകളാകുമെന്നും മോശം അനുഭവങ്ങളെയും തള്ളിക്കളയാതെ സ്വീകരിക്കാന്‍ ശ്രമിക്കാനും ഹൃത്വിക് പറയുന്നു. തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ഹൃത്വിക് ആര്യനുള്ള തന്‍റെ കത്ത് എഴുതിയിരിക്കുന്നത്.
ഹൃത്വിക് റോഷന്‍റെ കത്ത്
എന്‍റെ പ്രിയപ്പെട്ട ആര്യന്,
ജീവിതം ഒരു വിചിത്രമായ യാത്രയാണ്. അനിശ്ചിതാവസ്ഥയാണ് അതിന്‍റെ മൂല്യം വര്‍ധിപ്പിക്കുന്നത്. അപ്രതീക്ഷിത പ്രതിസന്ധികളുണ്ടാവും എന്നതിനാലാണ് അത് ഗംഭീരമാവുന്നത്. പക്ഷേ ദൈവം ദയാലുവാണ്. കഠിനമായ പന്തുകള്‍ കാഠിന്യമുള്ള മനുഷ്യര്‍ക്കു നേരെയേ അദ്ദേഹം എറിയൂ. ഈ ബഹളങ്ങള്‍ക്കിടെ സ്വയം പിടിച്ചുനില്‍ക്കാനുള്ള സമ്മര്‍ദ്ദം നിനക്കിപ്പോള്‍ മനസിലാവും. അത് നീ അങ്ങനെതന്നെ അനുഭവിക്കണമെന്ന് ഞാന്‍ കരുതുന്നു. ദേഷ്യം, ആശയക്കുഴപ്പം, നിസ്സഹായത... ഉള്ളിലെ നായകനെ പുകച്ച് പുറത്തുചാടിക്കാനുള്ള ചേരുവകള്‍. പക്ഷേ ഒരു കാര്യം ശ്രദ്ധിക്കണം. ഇതേ ചേരുവകള്‍ നമ്മളിലെ ചില നന്മകളെയും വറ്റിച്ചുകളയാം. ദയ, അനുകമ്പ, സ്നേഹം. സ്വയം എരിയാന്‍ അനുവദിക്കുക, പക്ഷേ ആവശ്യത്തിനു മാത്രം. പിഴവുകള്‍, പരാജങ്ങള്‍, വിജയങ്ങള്‍... എന്താണ് തള്ളേണ്ടതെന്നും എന്താണ് കൊള്ളേണ്ടതെന്നും മനസിലാക്കിയാല്‍ ഇവയെല്ലാം സമാനമാണെന്ന് മനസിലാവും. പക്ഷേ വളര്‍ച്ചയില്‍ ഇവയൊക്കെ ഗുണകരമാവുമെന്ന് മനസിലാക്കുക. ഒരു കുട്ടി ആയിരുന്നപ്പോഴും ഒരു വലിയ ആളായപ്പോഴും എനിക്ക് നിന്നെ അറിയാം. എല്ലാ അനുഭവങ്ങളെയും സ്വീകരിക്കുക. ഇതെല്ലാം നിനക്ക് ലഭിച്ച സമ്മാനങ്ങളാണ്. എന്നെ വിശ്വസിക്കൂ, കാലം ചെയ്യുമ്പോള്‍ ഈ കള്ളികളെ നീ പൂരിപ്പിക്കും. അപ്പോള്‍ ഇവയ്ക്കൊക്കെയും അര്‍ഥമുണ്ടാവും. ചെകുത്താന്‍റെ കണ്ണില്‍ നോക്കി, ശാന്തതയോടെ ഇരുന്നാല്‍ മാത്രം. നിരീക്ഷിക്കുക. ഈ നിമിഷങ്ങളൊക്കെയാണ് നിന്‍റെ ഭാവിയെ നിര്‍വ്വചിക്കുക. ആ ഭാവി പ്രകാശത്തിന്‍റേതാണ്. പക്ഷേ അവിടെയെത്താന്‍ ഇരുട്ടിലൂടെ കടന്നുപോകണമെന്നു മാത്രം. ഉള്ളിലെ പ്രകാശത്തെ വിശ്വസിക്കുക, അത് എപ്പോഴും അവിടെയുണ്ട്.
ലവ് യൂ മാന്‍.
അതേസമയം ആര്യന്‍ ഖാന്‍റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ആര്യന്‍റെ അഭിഭാഷകന്‍ സതീഷ് മനെഷിന്‍ഡെ മറ്റൊരു ജാമ്യാപേക്ഷ കൂടി കോടതിയില്‍ ഇന്ന് സമര്‍പ്പിക്കുമെന്നാണ് അറിയുന്നത്. നടന്‍ അര്‍ബാസ് മര്‍ച്ചന്‍റ്, മോഡല്‍ മുണ്‍മൂണ്‍ ധമേച്ച ഉള്‍പ്പെടെ 16 പേരെയാണ് കേസില്‍ എന്‍സിബി ഇതിനകം അറസ്റ്റ് ചെയ്‍തിരിക്കുന്നത്. ഇക്കൂട്ടത്തില്‍ അറസ്റ്റിലായ മലയാളി ശ്രേയസ് നായര്‍ക്ക് ആര്യന്‍ ഖാനുമായി അടുത്ത ബന്ധമുണ്ടെന്നാണ് എന്‍സിബി അറിയിച്ചിരിക്കുന്നത്. ആര്യന്‍ ഖാന് ഇയാള്‍ സ്ഥിരമായി ലഹരി മരുന്ന് എത്തിച്ചുനല്‍കിയിരുന്നെന്നും ഇടപാടുകള്‍ക്ക് വാട്‍സ്ആപ്പ് ചാറ്റില്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നെന്നും എന്‍സിബി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.