ന്യൂ ലുക്കില്‍ മോഹന്‍ലാല്‍; 'ഹൃദയപൂര്‍വ്വ'ത്തിന് ആരംഭം
ചിത്രീകരണത്തിന് മുന്‍പ് പേര് തീരുമാനിക്കുന്ന അപൂര്‍വ്വം സത്യന്‍ അന്തിക്കാട് ചിത്രങ്ങളില്‍ ഒന്ന്
മോഹന്‍ലാലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ചിത്രത്തിന് പൂജ ചടങ്ങുകളോടെ തുടക്കം. പത്ത് വര്‍ഷത്തിന് ശേഷം മോഹന്‍ലാലും സത്യന്‍ അന്തിക്കാടും ഒരുമിക്കുന്ന ചിത്രമാണ് ഇത്. 2015 ല്‍ പുറത്തെത്തിയ എന്നും എപ്പോഴുമാണ് ഇരുവരും ഒരുമിച്ച അവസാന ചിത്രം. പുതിയ ലുക്കിലാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ എത്തുക. ആരാധകരെ സംബന്ധിച്ച് ഏറെ ആകാംക്ഷ ഉണ്ടാക്കുന്ന ഒന്നാണ് ഇത്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. എമ്പുരാന് ശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രവുമാണ് ഇത്.
ചിത്രീകരണത്തിന് മുന്‍പ് പേര് തീരുമാനിക്കുന്ന അപൂര്‍വ്വം സത്യന്‍ അന്തിക്കാട് ചിത്രങ്ങളുടെ കൂട്ടത്തിലാണ് ഹൃദയപൂര്‍വ്വം എന്ന ചിത്രം. മാളവിക മോഹനനും സംഗീതയുമാണ് ചിത്രത്തിലെ നായികമാര്‍. സംഗീത് പ്രതാപ്, നിഷാന്‍, ലാലു അലക്സ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. നൈറ്റ് കോള്‍ എന്ന ഷോര്‍ട്ട് ഫിലിമിലൂടെ ശ്രദ്ധ നേടിയ സോനു ടി പി ആണ് സത്യന്‍ അന്തിക്കാടിനൊപ്പം ചിത്രത്തിന്‍റെ രചനയില്‍ പങ്കെടുക്കുന്നത്. അനു മൂത്തേടത്താണ് ഛായാഗ്രഹണം. ജസ്റ്റിൻ പ്രഭാകരനാണ് സംഗീത സംവിധാനം. കലാസംവിധാനം പ്രശാന്ത് മാധവ്.
അതേസമയം മോഹന്‍ലാലിന്‍റെ അടുത്ത റിലീസ് ലൂസിഫര്‍ രണ്ടാം ഭാഗമായ എമ്പുരാന് ആണ്. മാര്‍ച്ച് 27 ന് ചിത്രം തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്‍റെ പ്രൊമോഷണല്‍ മെറ്റീരിയലുകള്‍ ദിനേനയെന്നോണം പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നുണ്ട്. വമ്പന്‍ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രം വന്‍ വിജയം നേടിയ ലൂസിഫറിന്‍റെ രണ്ടാം ഭാഗമാണ്. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന തുടരും എന്ന ചിത്രവും തിയറ്ററുകളില്‍ എത്താനുണ്ട്. ഇതിന്‍റെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
ALSO READ : നായകന്‍ ശ്രീനാഥ് ഭാസി; 'പൊങ്കാല' ഫൈനല്‍ ഷെഡ്യൂളിലേക്ക്