'ഹൃദയം' സംഗീതമയം; പ്രണവ് നായകനാവുന്ന ചിത്രത്തില്‍ 15 പാട്ടുകളെന്ന് വിനീത് ശ്രീനിവാസന്‍
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്
സംവിധാനം ചെയ്യുന്ന ചിത്രങ്ങളില്‍ മനോഹരമായ ഗാനങ്ങള്‍ വേണമെന്ന് നിര്‍ബന്ധമുള്ള ആളാണ് ഗായകന്‍ കൂടിയായ വിനീത് ശ്രീനിവാസന്‍. ആദ്യചിത്രമായ മലര്‍വാടി ആര്‍ട്‍സ് ക്ലബ്ബ് മുതല്‍ അവസാനമിറങ്ങിയ ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം വരെയുള്ള എല്ലാ ചിത്രങ്ങളിലെയും ഗാനങ്ങളും സൂപ്പര്‍ഹിറ്റുകള്‍ ആയിരുന്നുതാനും. ഇപ്പോഴിതാ പ്രണവ് മോഹന്‍ലാലിനെ നായകനാക്കി താന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലെ ഗാനവിഭാഗത്തെക്കുറിച്ച് ഒരു ശ്രദ്ധേയമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുകയാണ് വിനീത്. ചിത്രത്തില്‍ ആകെ 15 പാട്ടുകള്‍ ഉണ്ട് എന്നതാണ് അത്!
"ഹൃദയത്തിന്‍റെ അന്തിമ ട്രാക്ക് ലിസ്റ്റിലേക്ക് ഞാന്‍ നോക്കുകയായിരുന്നു. ചിത്രത്തില്‍ 15 ഗാനങ്ങളുണ്ട്. അത് പുറത്തിറങ്ങുന്നതിനായി കാത്തിരിക്കാനാവുന്നില്ല. ഗോ കൊറോണ, ഗോ", വിനീത് ഫേസ്ബുക്കില്‍ കുറിച്ചു.
ഏറെ ആകാംക്ഷയോടെയാണ് ആസ്വാദകലോകം ഈ പോസ്റ്റ് ഏറ്റെടുത്തത്. എണ്ണായിരത്തിലേറെ ലൈക്കുകളാണ് പോസ്റ്റിന് ലഭിച്ചത്. 'സംഭാഷണം പാട്ടുകളിലൂടെ ആണോ' എന്നും 'അപ്പൊ രണ്ട് മണിക്കൂര്‍ ചിത്രഹാര്‍' എന്നുമൊക്കെ തമാശയ്ക്ക് ആരാധകര്‍ കമന്‍റുകള്‍ ഇടുന്നുണ്ട്. ചിലതിനൊക്കം വിനീതിന്‍റെ മറുപടിയും ഉണ്ട്. 'സിനിമ ഫുള്‍ പാട്ടാണോ' എന്ന ചോദ്യത്തിന് 'ഏറെക്കുറെ' എന്നാണ് വിനീതിന്‍റെ മറുപടി. സംവിധാനം ചെയ്‍ത കഴിഞ്ഞ നാല് ചിത്രങ്ങളിലും പാട്ടുകള്‍ ഒരുക്കിയത് ഷാന്‍ റഹ്മാന്‍ ആയിരുന്നെങ്കില്‍ ഹിഷാം അബ്‍ദുള്‍ വഹാബ് ആണ് 'ഹൃദയ'ത്തിന്‍റെ സംഗീത സംവിധായകന്‍.
ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മെറിലാന്‍ഡ് സിനിമാസിന്‍റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒരുകാലത്ത് മലയാള സിനിമയിലെ പ്രശസ്‍ത ബാനര്‍ ആയിരുന്ന മെറിലാന്‍ഡിന്‍റെ തിരിച്ചുവരവ് ചിത്രം കൂടിയാണ് ഇത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തില്‍. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. വസ്ത്രാലങ്കാരം ദിവ്യ ജോര്‍ജ്. ചമയം ഹസന്‍ വണ്ടൂര്‍. ചീഫ് അസോസിയേറ്റ് ഡയറക്റ്റര്‍ അനില്‍ എബ്രഹാം. അസോസിയേറ്റ് ഡയറക്റ്റര്‍ ആന്‍റണി തോമസ് മാങ്കാലി. സംഘട്ടനം മാഫിയ ശശി. കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടേതാണ് വരികള്‍. മെരിലാന്‍ഡ് സിനിമാസ് ചിത്രം തിയറ്ററുകളില്‍ എത്തിക്കും. 'ഇരുപത്തിയൊന്നാം നൂറ്റാണ്ടി'നു ശേഷം പ്രണവ് മോഹന്‍ലാല്‍ നായകനാവുന്ന ചിത്രമാണിത്.