'പാപ്പാ..'; പത്തോ ഇരുപതോ തവണയല്ല, അനിമലില്‍ രണ്‍ബീര്‍ കപൂറിന്‍റെ 'പാപ്പാ' വിളി എണ്ണി സോഷ്യല്‍ മീഡിയ
കഴിഞ്ഞ വര്‍ഷം വലിയ വിജയം നേടിയ ചിത്രങ്ങളില്‍ ഒന്ന്
ബോളിവുഡില്‍ നിന്ന് കഴിഞ്ഞ വര്‍ഷമെത്തിയ വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു അനിമല്‍. സന്ദീപ് റെഡ്ഡി വാംഗയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകനായെത്തിയ ആക്ഷന്‍ ഡ്രാമ ചിത്രം. അര്‍ജുന്‍ റെഡ്ഡി, കബീര്‍ സിംഗ് സംവിധായകന്‍റെ ബോളിവുഡ് ചിത്രം എന്ന നിലയില്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമായിരുന്നു ഇത്. അര്‍ജുന്‍ റെഡ്ഡി പോലെ തന്നെ ഉള്ളടക്കം സ്ത്രീവിരുദ്ധമെന്ന് വിമര്‍ശനം ഉയര്‍ന്നെങ്കിലും ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പാണ് ചിത്രം നടത്തിയത്. രണ്ട് മാസത്തോളം നീണ്ട ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്‍റെ ഒടിടി റിലീസ്. ഇപ്പോഴിതാ കൗതുകകരമായ ഒരു വീഡിയോ എഡിറ്റ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
ഒരു മകനും അച്ഛനുമിടയിലുള്ള സവിശേഷ ബന്ധത്തില്‍ നിന്ന് കഥ പറയുന്ന ചിത്രമാണിത്. മകനായി രണ്‍ബീര്‍ കപൂര്‍ എത്തുമ്പോള്‍ അച്ഛനായി അനില്‍ കപൂര്‍ ആണ് എത്തുന്നത്. പാപ്പാ എന്ന് അതീവ ബഹുമാനത്തോടെയാണ് ചിത്രത്തില്‍ രണ്‍ബീര്‍ അനില്‍ കപൂറിനെ വിളിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തില്‍ ആകെ എത്ര പാപ്പാ വിളി ഉണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് സിനിമാപ്രേമികള്‍. പത്തോ ഇരുപതോ അല്ല, മറിച്ച് ആകെ 196 തവണയാണ് രണ്‍ബീര്‍ പാപ്പാ എന്ന് ചിത്രത്തില്‍ പറയുന്നത്. ജനപ്രിയ ചിത്രത്തെക്കുറിച്ചുള്ള കൗതുകമായതിനാല്‍ ഈ വീഡിയോയും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വൈറല്‍ ആയിട്ടുണ്ട്.
ബോബി ഡിയോള്‍, രശ്മിക മന്ദാന, തൃപ്തി ദിമ്രി, ചാരു ശങ്കര്‍, ബബ്ലു പൃഥ്വീരാജ്, ശക്തി കപൂര്‍, പ്രേം ചോപ്ര, മധു രാജ, സുരേഷ് ഒബ്റോയ്, സൗരഭ് സച്ച്ദേവ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അമിത് റോയ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ എഡിറ്റിംഗും സന്ദീപ് റെഡ്ഡി വാംഗ തന്നെയാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ടി സിരീസ് ഫിലിംസ്, ഭദ്രകാളി പിക്ചേഴ്സ്, സിനി 1 സ്റ്റുഡിയോസ് എന്നീ ബാനറുകള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
ALSO READ : 'ആട്ട'ത്തിന് ശേഷം വീണ്ടും ശ്രദ്ധേയ ചിത്രത്തില്‍ വിനയ് ഫോര്‍ട്ട്; 'ഫാമിലി' ട്രെയ്‍ലര്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം