കളിക്കളത്തിലെ കാണാക്കാഴ്‍ചകളും മത്സരാവേശവുമായി 'ഹോട്ട് സ്റ്റോവ് ലീഗ്'- റിവ്യു
ഹോട്ട് സ്റ്റോവ് ലീഗ്' എന്ന കൊറിയൻ ഡ്രാമയുടെ റിവ്യു.
കായികമേഖലയിലെ മത്സരച്ചൂടും തോൽവിയുടെ വേദനയും തിരിച്ചുവരവിന്റെ ഉണർവും എല്ലാം വമ്പൻ ടീമുകളെയും താരങ്ങളെയും കുഞ്ഞൻമാർ തോൽപിക്കുന്നതിന്റെ ആവേശവും വെല്ലുവിളികളിൽ നിന്നും തിരിച്ചടികളിൽ നിന്നും ഉള്ള ഉയർത്തെഴുന്നേൽപ്പിന്റെ ആവേശവും എല്ലാം എണ്ണമറ്റ സിനിമകൾക്കും പരമ്പരകൾക്കും വിഷയമായിട്ടുണ്ട്. മൈതാനങ്ങൾക്ക് അപ്പുറവും പിന്നാമ്പുറത്തും ഉള്ള മത്സരങ്ങളും പ്രശ്‍നങ്ങളും പ്രതിസന്ധികളും തന്ത്രങ്ങളും എല്ലാം പറയുന്ന പരമ്പരയാണ് 'ഹോട്ട് സ്റ്റോവ് ലീഗ്'. ടീം മാനേജർമാരും ഉടമകളും മത്സരരംഗത്തെ പടലപ്പിണക്കങ്ങളും ചേരിപ്പോരും എല്ലാം നന്നായി പറയുന്ന പരമ്പര. അതു കൊണ്ടാണ് ബേസ് ബോൾ ഒരു പ്രിയ കായിക ഇനം അല്ലാത്ത നാടുകളിൽ പോലും ( ഇന്ത്യ ഉൾപെടെ) കാണികൾ പരമ്പരയെ സന്തോഷത്തോടെ ഏറ്റെടുത്തത്.
ബേസ് ബോൾ ടൂർണമെന്റുകളുടെ ഓഫ്‍സീസൺ കാലത്തെയാണ് 'ഹോട്ട് സ്റ്റോവ് ലീഗ്' എന്നു പറയുന്നത്. ഇക്കാലത്താണ് കൂടുതലും കരാർ പരിഷ്‍കരിക്കലും പുതുക്കലും താരങ്ങളുടെ കൊടുക്കൽ വാങ്ങലുകളും ട്രാൻസ്‍ഫറുകളും എല്ലാം നടക്കാറുള്ളത്. ഇത്തരം ഒരു കാലത്താണ് ദ ഡ്രീംസ് എന്ന ബേസ് ബോൾ ടീമിന്റെ മാനേജർ ആയി ബേയ്‍ക് സ്യൂങ് സൂ എത്തുന്നത്. കൈകാര്യം ചെയ്‍തിട്ടുള്ള ടീമുകളെ വിജയിപ്പിച്ച ചരിത്രം ഉണ്ടെങ്കിലും സ്യൂങ് സൂ , ബേസ്ബോൾ ടീമിൽ ഇതാദ്യമായാണ്. കളിപ്പിച്ച ടീമുകൾ ചാമ്പ്യൻഷിപ്പ് നേടിയ ശേഷം പിരിച്ചുവിടപ്പെടുന്നു എന്നതും സ്യൂങ് സൂവിന്റെ ബയോഡാറ്റയിലെ വിശേഷമാണ്. പഴയ പടക്കുതിരകളായ ഡ്രീംസ് എന്ന ടീം നാല് സീസണിലായി ചാമ്പ്യൻഷിപ്പുകളിൽ അവസാന സ്ഥാനക്കാരാണ്. അപ്പോഴും ആരാധകരുടെ പിന്തുണയുണ്ട്.
പക്ഷേ നഷ്‍ടക്കച്ചവടം ആയ ടീമിനെ എങ്ങനെയെങ്കിലും തലയിൽ നിന്ന് ഒഴിവാക്കണമെന്നാണ് ഉടമകളായ വൻകിട വ്യാപാര സ്ഥാപനം ആലോചിക്കുന്നത്. അങ്ങനെ ഒരു ഉദ്ദേശം കൂടി മനസ്സിൽ വെച്ചാണ് സ്യൂങ് സൂവിനെ അവർ ടീമിലേക്ക് വിടുന്നതും. ഉടമകളെ തെറ്റു പറയാൻ പറ്റാത്ത വിധം ടീമിന്റെ അവസ്ഥ താറുമാറാണ് താനും. കോച്ചുമാർക്ക് ഇടയിൽ തർക്കം, കളിക്കാർക്ക് ഇടയിൽ തർക്കവും പിണക്കവും. പരിശീലനത്തിനും ഉപകരണങ്ങൾക്കും എല്ലാം ബജറ്റില്ലായ്‍മ ഉയർത്തിക്കാട്ടുന്ന ഉടമസ്ഥർ. നിരന്തരമായുള്ള തോൽവികൾ മനസ്സുമടുപ്പിച്ച ടീം മാനേജ്മെന്റ് ഉദ്യോഗസ്ഥർ. ഇതിനിടയിലേക്കാണ് സ്യൂങ് സൂ എത്തുന്നത്. എല്ലാവരേയും നിരീക്ഷിക്കുന്ന, എല്ലാത്തിനേയും നിരീക്ഷിക്കുന്ന സ്യൂങ് സൂ, അച്ചടക്കത്തിന്റേയും തന്ത്രത്തിന്റേയും ചേരുവകൾ മാറി മാറി പരീക്ഷിക്കുന്നു. അനുനയവും സമ്മർദവും അയാൾ മാറി മാറി നോക്കുന്നുണ്ട്. ടീം എങ്ങനെയെങ്കിലും ഒഴിവാക്കാനായി എത്തുന്ന മേലുദ്യോഗസ്ഥർ അയാൾക്ക് കൂടുതൽ തലവേദനകൾ ഉണ്ടാക്കുന്നുണ്ട്. അതിനെയും അയാൾ നേരിടുന്നുണ്ട്. ടീമിനെ സ്വന്തം പോലെ സ്നേഹിക്കുന്ന ഓപ്പേറഷൻസ് മാനേജർ ലീ സെ യങ്ങും മറ്റ് ഉദ്യോഗസ്ഥരും ആദ്യം സ്യൂങ് സൂവിന്റെ രീതികളോടു വിയോജിക്കുന്നുണ്ട്. പക്ഷേ പതുക്കെ അവർക്ക് അയാളെയും അയാളുടെ രീതികളും മനസ്സിലാവുന്നു, അവർ പിന്തുണക്കുന്നു. ഡ്രീംസ് വീണ്ടും സ്വപ്‍നങ്ങൾ കാണാൻ പര്യാപ്‍തരാവുന്നു. പരുക്കനായും നിർമമൻ ആയും കാര്യങ്ങളെ കാണുകയും ഇടപെടുകയും ചെയ്യുന്ന സ്യൂങ് സൂ വ്യക്തിപരമായ ഒട്ടേറെ പ്രതിസന്ധികൾ നേരിട്ടതും കഥയിൽ വന്നു പോവുന്നുണ്ട്. ഫോം ഇടക്ക് പോകുമ്പോഴും വരുമാനം കുറയുമ്പോഴും ഇഷ്‍ടപ്പെട്ട ടീമിൽ അവസരം കിട്ടാതെ വരുമ്പോഴും കളിക്കാർ അനുഭവിക്കുന്ന സമ്മർദവും നിരാശയും പരമ്പര പറയുന്നു. കളിക്കാരെ തെരഞ്ഞെടുക്കുന്നതിലും കളിപ്പിക്കുന്നതിലും ഉള്ള അഴിമതികൾ തുറന്നു കാട്ടുന്നു. സ്പോർട്‍സ് ടീം മാനേജ്മെന്റ് എന്ന കളിക്കളത്തിന് പുറത്തുള്ള വിശാല ലോകത്തെ മത്സരവും പ്രയാസങ്ങളും പരമ്പര പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നു.
ബേസ് ബോൾ നിങ്ങൾക്ക് അറിയുകയേ വേണ്ട. നിങ്ങൾക്ക് ഒരു കായിക ഇനത്തിലും താത്പര്യം വേണ്ട. എന്നാലും 'ഹോട്ട് സ്റ്റോവ് ലീഗ്' നിങ്ങൾക്ക് ഇഷ്‍ടപ്പെടും. എന്തുകൊണ്ടെന്നാൽ അത് ജീവിതസ്‍പർശിയാണ്. കാരണം സ്പോർട്‍സ്‍മാൻ സ്‍പിരിറ്റ് എന്നത് കായികമേഖലയിലെ ആളുകൾക്ക് മാത്രം ബാധകമായ ഒന്നല്ല, മറിച്ച് അത് ഒരു ജീവിതമന്ത്രമാണ്. പോസിറ്റീവ് ആയി, ഒന്നിച്ച് നിൽക്കാൻ, തോൽവികളിൽ നിന്ന് പഠിക്കാൻ, നല്ലത് കണ്ടെത്താൻ, കൂടുതൽ മുന്നേറാൻ എല്ലാം വേണ്ട ഒന്നാണ് അത്.