'ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്' മോഡല്‍ 'റോക്കി ഭായിയുടെ' ടോക്സിക്കില്‍; വന്‍ അപ്ഡേറ്റ് !
കെജിഎഫ് 2 ന് ശേഷം യഷ് നായകനാകുന്ന ടോക്സിക് എന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ ഒരുക്കുന്നത് പ്രശസ്ത ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർ
മുംബൈ: ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായിരുന്നു യഷ് നായകനായ പാന്‍ ഇന്ത്യന്‍ കന്നഡ ഫ്രാഞ്ചൈസി കെജിഎഫ്. ഭാഷാപരമായ അതിരുകള്‍ക്കപ്പുറത്ത് കന്നഡ സിനിമയെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തിക്കൊടുത്തതും ഈ ചിത്രമാണ്. എന്നാല്‍ 2022 ല്‍ പുറത്തെത്തിയ കെജിഎഫ് 2 ന് ശേഷം യഷ് നായകനായ ഒരു ചിത്രം ഇതുവരെ തിയറ്ററുകളില്‍ എത്തിയിട്ടില്ല.
പാന്‍ ഇന്ത്യന്‍ പ്രേക്ഷകരുടെ ആകാംക്ഷാപൂര്‍ണ്ണമായ കാത്തിരിപ്പിനൊടുവില്‍ ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ടോക്സിക് എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് യഷ് ഇപ്പോള്‍. ഇപ്പോള്‍ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുമ്പോള്‍ പുതിയ അപ്ഡേറ്റ് പുറത്ത് എത്തുകയാണ്.
ചിത്രത്തിലെ സംഘടന രംഗങ്ങള്‍ ഒരുക്കുന്ന പ്രമുഖ ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടര്‍ ജെജി പെറിയാണ് ഇപ്പോള്‍ ചിത്രത്തിന്‍റെ ആക്ഷന്‍ കൊറിയോഗ്രാഫറായി എത്തുന്നത്. ജോണ്‍ വിക്ക്, ഫാസ്റ്റ് ആന്‍റ് ഫ്യൂരിയസ്,ഡേ ഷിഫ്റ്റ് പോലുള്ള ചിത്രങ്ങളില്‍ സ്റ്റണ്ട് ഒരുക്കിയ പെറി ടോക്സിക്കിനായി മുംബൈ ഏയര്‍പോര്‍ട്ടില്‍ എത്തിയ വീഡിയോകള്‍ ഇതിനകം വൈറലായിട്ടുണ്ട്.
മുന്‍പ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ ജെജെ പെറിക്കൊപ്പം യാഷ് ഒരു ചിത്രം പങ്കുവച്ചിരുന്നു. ഇത് വലിയ ചര്‍ച്ചയായിരുന്നു. എന്നാല്‍ യാഷ് ചിത്രത്തില്‍ സ്റ്റണ്ട് കൊറിയോഗ്രാഫിക്ക് പെറി എത്തിയത് ചിത്രത്തിന്‍റെ ഹൈപ്പ് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
നേരത്തെ ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ താന്‍ എന്തുകൊണ്ട് ടോക്സിക് ഗീതു മോഹന്‍ദാസിനൊപ്പം ചെയ്യുന്നു എന്ന് യാഷ് വ്യക്തമാക്കിയിരുന്നു. യഷിന്‍റെ പ്രതികരണം ഇങ്ങനെയായിരുന്നു- "അത് വളരെ ലളിതമാണെന്നാണ് എനിക്ക് തോന്നുന്നത്. അവരുടെ പാഷനാണ് ഞാന്‍ നോക്കിയത്. ഏത് തരത്തിലുള്ള പ്രോജക്റ്റ് ആണ് അവര്‍ കൊണ്ടുവന്നിരിക്കുന്നത് എന്നതും. ഗീതു മുന്‍പ് സംവിധാനം ചെയ്ത ചിത്രങ്ങള്‍ അടുത്തകാലം വരെ ഞാന്‍ കണ്ടിരുന്നില്ല. കൃത്യമായ കാഴ്ചപ്പാടും പാഷനുമായി എത്തിയ വ്യക്തിയായിരുന്നു ഗീതു. അവര്‍ ഈ പ്രോജക്റ്റിനുവേണ്ടി ഏറെ സമയം മുടക്കിയിരുന്നതും എന്നില്‍ ബഹുമാനമുണ്ടാക്കി.
എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ചും അവര്‍ക്ക് കൃത്യമായ ധാരണയുണ്ടായിരുന്നു. അത് മാത്രമേ ഞാന്‍ നോക്കിയുള്ളൂ. പിന്നെ രണ്ട് വ്യത്യസ്തങ്ങളായ ലോകങ്ങള്‍ ഒത്തുചേരുക എന്നത് ഗംഭീരമല്ലേ. സിനിമയില്‍ കഥ പറയുന്ന കാര്യത്തില്‍ വ്യത്യാസമൊന്നുമില്ല. ഒരു കഥ പറയാനുണ്ടെങ്കില്‍ അത് ഗംഭീരമായി പറയുക എന്നതേയുള്ളൂ. ആ കഥ എല്ലാ പ്രേക്ഷകര്‍ക്കും ആകര്‍ഷകമായി തോന്നുമ്പോഴാണ് അതൊരു വാണിജ്യ വിജയം ആവുന്നത്. ഗീതു മുന്‍പ് ചെയ്തിരുന്നത് വ്യത്യസ്തമായ ചിത്രങ്ങളായിരിക്കാം. അതില്‍ നിന്നൊക്കെ തികച്ചും വ്യത്യസ്തമായ ഒരു ചിത്രമാണ് ഇത്തവണ ഞങ്ങള്‍ ചെയ്യുന്നത്", യഷ് പറയുന്നു.
ചലച്ചിത്ര മേളകളിലും അവാര്‍ഡ് പ്രഖ്യാപനങ്ങളിലുമൊക്കെ നിറഞ്ഞുനിന്ന ലയേഴ്സ് ഡൈസും മൂത്തോനും ഒരുക്കിയ ഗീതുവിനൊപ്പം കെജിഎഫ് താരം എത്തുന്നു എന്നത് പ്രേക്ഷകര്‍ക്ക് വലിയ കൗതുകമാണ്. ചിത്രം യഷ് ഉപേക്ഷിച്ചുവെന്നുവരെ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം നടന്നിരുന്നു.
2023 ഡിസംബറിൽ ടോക്‌സിക് പ്രഖ്യാപിച്ചത്. കെവിഎൻ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം 2025 ഏപ്രിൽ 10 ന് തീയറ്ററുകളിൽ എത്തും. മയക്കുമരുന്ന് മാഫിയയുടെ പശ്ചാത്തലത്തിൽ ഒരു ആക്ഷൻ ഓറിയന്‍റഡ് ചിത്രമായിട്ടാണ് ഇതെന്നാണ് വിവരം. മറ്റ് അഭിനേതാക്കളെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ലെങ്കിലും, യാഷിന്‍റെ നായികയായി കിയാര അദ്വാനി അഭിനയിക്കുമെന്ന് ഊഹിക്കപ്പെടുന്നു. അതേസമയം നയൻതാര യാഷിന്‍റെ സഹോദരിയായി വേഷമിടുമെന്നാണ് വിവരം.
'കെജിഎഫി'ന് ശേഷം എന്തുകൊണ്ട് ഗീതു മോഹന്‍ദാസ് ചിത്രം? ആദ്യമായി മറുപടി പറഞ്ഞ് യഷ്
സൂപ്പർ താരം യഷിന്‍റെ 'ടോക്സിക്' വിവാദത്തിൽ, സിനിമയുടെ ചിത്രീകരണത്തിനായി മുറിച്ചത് 100ലേറെ മരങ്ങൾ