ഷാരൂഖ് മറക്കാന്‍ ആഗ്രഹിക്കുന്ന ഡിസംബര്‍ ആവര്‍ത്തിക്കുമോ? ആശങ്കയില്‍ ആരാധകര്‍.!
ഒരു കൊല്ലം മൂന്ന് 1000 കോടി സിനിമകള്‍ എന്ന റെക്കോഡ് ഷാരൂഖ് തീര്‍ക്കുമോ എന്ന ആകാംക്ഷയില്‍ ബോളിവുഡ് നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുതിയ വാര്‍ത്ത എത്തിയത്. പ്രഭാസ് നായകനാകുന്ന സലാര്‍ റിലീസ് തീരുമാനിച്ചിരിക്കുന്നതും ഡിസംബര്‍ 22ന് തന്നെയാണ്.
മുംബൈ: ഒരു വര്‍ഷത്തില്‍ രണ്ട് 1000 കോടി ബ്ലോക്ക്ബസ്റ്ററുകള്‍ എന്ന നേട്ടവുമായി നില്‍ക്കുകയാണ് ഷാരൂഖ് ഖാന്‍. ബോളിവുഡ് ബോക്സോഫീസിന്‍റെ ഒരുതരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ സിനിമയിലെ കളക്ഷന്‍ കിംഗ് താനാണെന്ന് വീണ്ടും ഉറപ്പിച്ചിരിക്കുകയാണ് ഷാരൂഖ്. അതും വര്‍ഷങ്ങള്‍ക്ക് ശേഷം തുടര്‍ പരാജയ കഥകള്‍ എല്ലാം മാറ്റി ഒരു അഞ്ഞൂറുകോടി കളക്ഷന്‍ പടം പോലും ഇല്ലല്ലോ എന്ന വിമര്‍ശനങ്ങളെ തകര്‍ക്കുന്ന വിജയമാണ് പഠാന്‍, ജവാന്‍ എന്നീ ആക്ഷന്‍ ചിത്രങ്ങള്‍ ഷാരൂഖിന് സമ്മാനിച്ചത്. അടുത്തതായി ഡങ്കി എന്ന ചിത്രമാണ് ഷാരൂഖിന്‍റെതായി വരാനുള്ളത്.
ബോളിവുഡിലെ ഹിറ്റ്മേക്കര്‍ രാജ് കുമാര്‍ ഹിരാനിക്കൊപ്പം ഷാരൂഖ് ചേരുന്ന ആദ്യത്തെ ചിത്രമാണ് ഡങ്കി. മുന്നാഭായി, 3 ഇഡിയറ്റ്സ്, പികെ ഇങ്ങനെ ബോളിവുഡിലെ വന്‍ ഹിറ്റുകള്‍ ഒരുക്കിയ സംവിധായകനും ഷാരൂഖും ഒന്നിക്കുന്നു എന്നത് തന്നെ വീണ്ടും ഒരു ആയിരം കോടി ബ്ലോക്ബസ്റ്ററോ എന്ന ചോദ്യം ഉയര്‍ത്തുന്നുണ്ട്. ഡിസംബര്‍ 22നാണ് ഡങ്കി റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡങ്കിയില്‍ നായികയായി എത്തുന്നത് തപ്‍സിയാണ്. വിക്കി കൗശല്‍ അതിഥി വേഷത്തിലുമെത്തുന്ന ചിത്രത്തില്‍ ദിയാ മിര്‍സ, ബൊമാൻ ഇറാനി, ധര്‍മേന്ദ്ര, സതിഷ് ഷാ, പരീക്ഷിത് സാഹ്‍നി എന്നിവരും പ്രധാന കഥാപാത്രങ്ങളായുണ്ട്.
ഒരു കൊല്ലം മൂന്ന് 1000 കോടി സിനിമകള്‍ എന്ന റെക്കോഡ് ഷാരൂഖ് തീര്‍ക്കുമോ എന്ന ആകാംക്ഷയില്‍ ബോളിവുഡ് നില്‍ക്കുമ്പോഴാണ് കഴിഞ്ഞ ദിവസം പുതിയ വാര്‍ത്ത എത്തിയത്. പ്രഭാസ് നായകനാകുന്ന സലാര്‍ റിലീസ് തീരുമാനിച്ചിരിക്കുന്നതും ഡിസംബര്‍ 22ന് തന്നെയാണ്. കെജിഎഫ് 2 എന്ന ബ്രഹ്മാണ്ഡ ഹിറ്റിന് ശേഷം സംവിധായകൻ പ്രശാന്ത് നീല്‍ ഒരുക്കുന്ന ചിത്രം. നിര്‍മ്മാണം കെജിഎഫ് നിര്‍മ്മാതാക്കളായ ഹോംബാല പിക്ചേര്‍സ്. അതായത് ഇന്ത്യന്‍ സിനിമയില്‍ അടുത്തകാലത്ത് കണ്ട ഏറ്റവും വലിയ ക്ലാഷുകളിലൊന്നിനാണ് ഈ ഡിസംബര്‍ 22 സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.
ഇപ്പോഴത്തെ ബോക്സോഫീസ് പ്രകടനം വച്ച് ക്രിസ്തുമസ്, പുതുവത്സര അവധി സീസണ്‍ ആയതിനാല്‍ രണ്ട് ചിത്രങ്ങള്‍ക്കും മികച്ച ഓപ്പണിംഗ് ലഭിക്കാന്‍ സാധ്യതയുണ്ട്. രണ്ട് ചിത്രത്തിന് ആവശ്യത്തിന് അനുസരിച്ച് ഇനീഷ്യല്‍ ഹൈപ്പും ഉണ്ട്. എന്നാല്‍ ഷാരൂഖ് ആരാധകര്‍ പേടിക്കുന്ന ഒരു കാര്യമുണ്ട്. അത് മീമുകളായി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ഷാരൂഖിന്‍റെ അവസാന പരാജയത്തിന്‍റെ ഓര്‍മ്മ തന്നെയാണ് അത്.
2018 ഡിസംബറില്‍ ഷാരൂഖിന്‍റെ സീറോയും പ്രശാന്ത് നീലിന്‍റെ കെജിഎഫ് ചാപ്റ്റര്‍ 1ഉം ഒരേ ദിവസമാണ് റിലീസായത്. ഡിസംബര്‍ 21നായിരുന്നു അത്. ബാക്കി നടന്നത് ചരിത്രമാണ്. ഒരു കന്നഡ ചിത്രം എന്ന നിലയില്‍ അറിയാത്ത നായകനും, സംവിധായകനുമായി വന്ന കെജിഎഫ് പാന്‍ ഇന്ത്യന്‍ ഹിറ്റായി. അതേ സമയം സീറോ വന്‍ പരാജയമായി. ഷാരൂഖ് സിനിമയില്‍ നിന്നും താല്‍കാലികമായ ഇടവേളയും എടുത്തു.
വീണ്ടും ഷാരൂഖ് ചിത്രവും പ്രശാന്ത് നീല്‍ ചിത്രവും ക്ലാഷിന് എത്തുകയാണ്. അതും അന്നത്തെപ്പോലെ കെജിഎഫ് പോലെ ഒരു ആക്ഷന്‍ പാക്ഡ് ചിത്രമായ സലാറിനോടാണ്. ഡങ്കി ഏറ്റുമുട്ടുന്നത്. ചരിത്രം ആവര്‍ത്തിക്കുമോ? അല്ല മാറ്റിയെഴുതപ്പെടുമോ എന്നതാണ് ചലച്ചിത്ര ലോകം വീക്ഷിക്കാന്‍ പോകുന്നത്.