ടിക്കറ്റൊന്നിന് 500, 600! സംക്രാന്തി റിലീസുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് തെലുങ്ക് സിനിമ
മൂന്ന് ചിത്രങ്ങളാണ് ഇക്കുറി പ്രധാനമായും എത്തുന്നത്
തെലുങ്ക് സിനിമയെ സംബന്ധിച്ച് വര്‍ഷത്തിലെ ഏറ്റവും പ്രധാന സീസണുകളില്‍ ഒന്നാണ് സംക്രാന്തി. കാണികള്‍ കൂട്ടത്തോടെ തിയറ്ററുകളിലെത്തുന്ന ഫെസ്റ്റിവല്‍ സീസണ്‍ ആയതിനാല്‍ പ്രമുഖ താരങ്ങളുടെ ഒന്നിലധികം ചിത്രങ്ങള്‍ സംക്രാന്തിക്ക് എത്താറുണ്ട്. ഇത്തവണയും അതില്‍ നിന്ന് വ്യത്യസ്തമല്ല. മൂന്ന് ചിത്രങ്ങളാണ് തെലുങ്കില്‍ നിന്നുള്ള ഇത്തവണത്തെ സംക്രാന്തി റിലീസുകള്‍.
രാം ചരണിനെ നായകനാക്കി ഷങ്കര്‍ സംവിധാനം ചെയ്യുന്ന ഗെയിം ചേഞ്ചര്‍, നന്ദമൂരി ബാലകൃഷ്ണയെ നായകനാക്കി ബോബി കൊല്ലി സംവിധാനം ചെയ്ത ഠാക്കു മഹാരാജ്, വെങ്കടേഷിനെ നായകനാക്കി അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന സംക്രാന്തികി വസ്തുനാം എന്നിവയാണ് സംക്രാന്തി റിലീസിന് ഒരുങ്ങിയിരിക്കുന്ന ചിത്രങ്ങള്‍. ഈ ചിത്രങ്ങളുടെ ആദ്യ ഷോകള്‍ക്ക് വന്നേക്കാവുന്ന ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തെലുങ്ക് മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്.
ഗെയിം ചേഞ്ചര്‍ ആണ് കൂട്ടത്തിലെ ഏറ്റവും വലിയ ചിത്രം. ആദ്യമെത്തുന്നതും ഈ ചിത്രം തന്നെ. ആന്ധ്രയില്‍ ചിത്രത്തിന്‍റെ ആദ്യ ഷോ പുലര്‍ച്ചെ ഒരു മണിക്ക് ആണ്. ടിക്കറ്റൊന്നിന് 600 രൂപ നിരക്കില്‍ ഈ ഷോ നടത്താനാണ് നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നത്. ഇതിനായി സര്‍ക്കാരിന് അപേക്ഷ നല്‍കിയിട്ടുമുണ്ട്. ഗെയിം ചേഞ്ചര്‍ ഈ മാസം 10 ന് എത്തുമെങ്കില്‍ ബാലകൃഷ്ണയുടെ ഠാക്കു മഹാരാജിന്‍റെ റിലീസ് 12 ന് ആണ്. ആന്ധ്രയില്‍ പുലര്‍ച്ചെ 4 നാണ് ചിത്രത്തിന്‍റെ ഫസ്റ്റ് ഷോ. 400 രൂപ നിരക്കില്‍ ഈ ഷോകള്‍ക്ക് ടിക്കറ്റ് വില്‍ക്കാന്‍ അനുവദിക്കണമെന്നാണ് സര്‍ക്കാരിനോട് നിര്‍മ്മാതാക്കളുടെ അപേക്ഷ. സംക്രാന്തികി വസ്തുനാമിന്‍റെ റിലീസ് 14 ന് ആണ്. സ്പെഷല്‍ ഷോകള്‍ക്കുള്ള ഉയര്‍ന്ന ടിക്കറ്റ് നിരക്ക് സംബന്ധിച്ച് തത്വത്തില്‍ തീരുമാനമായതായാണ് അറിയുന്നത്. ഇത് സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡര്‍ വൈകാതെ പുറത്തെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് അനുകൂല നിലപാടാണ് ഉള്ളതെന്ന് ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ALSO READ : സംഗീതം നവനീത്; 'സ്വച്ഛന്ദമൃത്യു'വിലെ ഗാനമെത്തി