വിലക്കുമായി ഫിലിം ചേംബർ, പേര് മാറ്റില്ലെന്ന് സംവിധായകൻ; ചർച്ച പരാജയം, ഹിഗ്വിറ്റ വിവാദം കോടതി കയറുന്നു

കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു

Higuita movie makers to move court to fight film chamber ban and NS Madhavan

കൊച്ചി: ഹിഗ്വിറ്റ വിവാദം കോടതി കയറുന്നു. ഇന്ന് ഫിലിം ചേംബർ വിളിച്ചുചേർത്ത യോഗത്തിൽ സമവായമുണ്ടായില്ല. പേര് മാറ്റണമെന്ന ഫിലിം ചേംബറിന്റെ ആവശ്യം സംവിധായകൻ ഹേമന്ത് ജി നായർ അംഗീകരിച്ചില്ല. ഇതോടെ വിലക്കുമായി മുന്നോട്ടെന്ന് ഫിലിം ചേംബർ വ്യക്തമാക്കി. ഇതോടെയാണ് നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകൻ വ്യക്തമാക്കിയത്. ചർച്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

No description available.

എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ല. ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. ഹിഗ്വിറ്റയെന്ന പേരിടാൻ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

No description available.

ഫിലിം ചേംബറും ചിത്രത്തിന്റെ അണിയറ പ്രവർത്തകരും തമ്മിലാണ് ഇന്ന് ചർച്ച നടത്തിയത്. ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചർച്ച. ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകൻ ഹേമന്ത് ജി നായരുമാണ് ചർച്ചക്കായി ഫിലിം ചേംബറിന്റെ ഓഫീസിലെത്തിയത്.  ഹിഗ്വിറ്റയെന്ന സിനിമയുടെ പേരാണ് കേരള ഫിലിം ചേമ്പർ വിലക്കിയത്. എൻ.എസ് മാധവന്‍റെ പരാതി പരിഗണിച്ചായിരുന്നു കേരള ഫിലിം ചേംബറിന്റെ നടപടി.

മലയാളത്തിലെ പ്രശസ്തമായ ഹിഗ്വിറ്റയെന്ന ചെറുകഥയുടെ പേര് സിനിമയ്ക്ക് നൽകുന്നതിന് എഴുത്തുകാരനായ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടിയില്ല എന്ന് കാണിച്ചായിരുന്നു വിലക്ക്. എൻ എസ് മാധവന്റെ പരാതിയിലായിലായിരുന്നു ഫിലിം ചേമ്പറിന്റെ നടപടി. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് വിലക്കെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചർച്ച വിളിച്ചത്. ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്നും അതുകൊണ്ട് തന്നെ ഹിഗ്വിറ്റയെന്ന പേര് മാറ്റില്ലെന്ന നിലപാടിൽ നിന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പിന്നോട്ട് പോയില്ല.

 

Latest Videos
Follow Us:
Download App:
  • android
  • ios