ഏറ്റവും പ്രതിഫലം വാങ്ങുന്ന തെന്നിന്ത്യന്‍ നായിക ആര്? നയന്‍താരയോ തൃഷയോ? പുതിയ കണക്കുകള്‍
96, പിന്നാലെയെത്തിയ പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസി എന്നിവ തൃഷയുടെ താരമൂല്യത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിരുന്നു
ഇന്ത്യന്‍ സിനിമ വാണിജ്യപരമായി വന്‍ മുന്നേറ്റം നടത്തുന്ന കാലമാണിത്. സിനിമകളുടെ ബജറ്റും കളക്ഷനുമൊക്കെ ഉയരുന്നതിനനുസരിച്ച് താരങ്ങളുടെ പ്രതിഫലത്തിലും ഈ മാറ്റം ഉണ്ടാവുന്നുണ്ട്. ഇന്ത്യയിലെ ഏറ്റവും വിലയേറിയ പുരുഷ താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലം 200 കോടിയിലെത്തി നില്‍ക്കുകയാണ് ഇപ്പോള്‍. പ്രഭാസ്, ഷാരൂഖ് ഖാന്‍, രജനികാന്ത് എന്നിവരൊക്കെയാണ് ഇന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രതിഫലം വാങ്ങിയത്. മറ്റ് മേഖലകളിലേത് പോലെ സിനിമാരംഗത്തെ പ്രതിഫലത്തിലും ലിംഗവിവേചനമുണ്ടെന്ന പരാതിക്ക് ഏറെ കാലത്തെ പഴക്കമുണ്ട്. നായകന്മാരുടെ പ്രതിഫലവുമായി തട്ടിച്ച് നോക്കാന്‍ കഴിയില്ലെങ്കിലും താരമൂല്യമുള്ള നായികാതാരങ്ങളുടെ പ്രതിഫലത്തിലും വര്‍ധന ഉണ്ടാവുന്നുണ്ട്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം തൃഷയുടെ പുതിയ പ്രതിഫലം വാര്‍ത്തകളില്‍ ഇടംപിടിച്ചിരിക്കുകയാണ്.
96, പിന്നാലെയെത്തിയ പൊന്നിയിന്‍ സെല്‍വന്‍ ഫ്രാഞ്ചൈസി എന്നിവ തൃഷയുടെ താരമൂല്യത്തില്‍ മുന്നേറ്റം സൃഷ്ടിച്ചിരുന്നു. പ്രത്യേകിച്ച് പൊന്നിയിന്‍ സെല്‍വന്‍. ചിത്രത്തില്‍ ഐശ്വര്യ റായുടെ കഥാപാത്രത്തിനൊപ്പം പ്രാധാന്യമുള്ള കുന്ദവൈ എന്ന കഥാപാത്രത്തെയായിരുന്നു തൃഷ അവതരിപ്പിച്ചത്. ചിത്രത്തിന്‍റെ പാന്‍ ഇന്ത്യന്‍ റീച്ച് അഭിനയിച്ച താരങ്ങള്‍ക്കെല്ലാം ഗുണമായിരുന്നു. തൃഷയുടേതായി വരാനിരിക്കുന്ന പ്രോജക്റ്റുകളിലൊന്ന് കമല്‍ ഹാസനൊപ്പം ഉള്ളതാണ്. പൊന്നിയിന്‍ സെല്‍വന് ശേഷം മണി രത്നം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. നിര്‍മ്മാതാക്കള്‍ തൃഷയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത് 12 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഫര്‍ തൃഷ സ്വീകരിക്കുന്നപക്ഷം തെന്നിന്ത്യന്‍ നായികാ താരങ്ങളില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ആളായി അവര്‍ മാറും. തെന്നിന്ത്യന്‍ നായികമാരില്‍ പ്രതിഫലത്തില്‍ ഒന്നാമതുണ്ടായിരുന്നത് നയന്‍താരയാണ്. ബോളിവുഡ് അരങ്ങേറ്റ ചിത്രമായിരുന്ന ജവാനില്‍ നയന്‍താര വാങ്ങിയത് 10- 11 കോടി ആണെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
അതേസമയം മണി രത്നം- കമല്‍ ഹാസന്‍ ചിത്രത്തില്‍ തൃഷയാണ് നായികയെന്ന് ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. കമല്‍ ഹാസന്‍റെ കരിയറിലെ 234-ാം ചിത്രമാണ് ഇത്. രാജ്‍ കമല്‍ ഫിലിംസ് ഇന്‍റര്‍നാഷണല്‍, മദ്രാസ് ടാക്കീസ് എന്നീ ബാനറുകളില്‍ കമല്‍ ഹാസന്‍, മണി രത്നം, ജി മഹേന്ദ്രന്‍, ശിവ അനന്ദ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. കഴിഞ്ഞ വര്‍ഷം നവംബര്‍ 6 ന് ആയിരുന്നു ഈ ചിത്രത്തിന്‍റെ പ്രഖ്യാപനം. വരാനിരിക്കുന്ന വിജയ് ചിത്രം ലിയോ, ജീത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം റാം എന്നിവയിലും തൃഷയാണ് നായിക.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക