അല്‍പ വസ്‍ത്രം ധരിച്ചാല്‍ അവസരം, ചൂഷണം ചെയ്യുന്നവരില്‍ പ്രധാന നടൻമാരും, മലയാള സിനിമയില്‍ ഇടനിലക്കാരെന്ന് മൊഴി
ഇറുകിയ വസ്‍ത്രം ധരിക്കാനും നിര്‍ബന്ധിക്കുന്നുവെന്ന് പറയുന്നുണ്ട് റിപ്പോര്‍ട്ടില്‍.
മലയാളം നടിമാര്‍ നേരിടേണ്ടി വന്ന ക്രൂരതകള്‍ തുറന്നുകാട്ടി ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. അവസരം ലഭിക്കാൻ നടിമാര്‍ വഴങ്ങിക്കൊടുക്കേണ്ടി വരുന്നു എന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് റിപ്പോര്‍ട്ടിലുള്ളത്. സ്‍ത്രീ സൗഹാര്‍ദമല്ലന്ന് മാത്രമല്ല ക്രിമിനലുകളാണ് സിനിമ മേഖല നിയന്ത്രിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. സിനിമാ സെറ്റില്‍ ഒറ്റയ്‍ക്ക് പോകാൻ തങ്ങള്‍ക്ക് ഭയമാണെന്നും നടിമാര്‍ മൊഴി നല്‍കിയിട്ടുണ്ട്.
അല്‍പ വസ്‍ത്രം ധരിച്ചാല്‍ അവസരമെന്ന് പറയുന്നവര്‍ ഉണ്ട്. ഇറുകിയ വസ്‍ത്രം ധരിക്കാനും നിര്‍ബന്ധിക്കുന്നു. സ്‍ത്രീകളോട് പ്രാകൃത സമീപനമാണ്. അവസരം നല്‍കുന്നതിനായി ശരീരം ചോദിക്കുന്നവരാണ് സിനിമയിലെ ചിലരെന്നുമാണ് മൊഴി. രാത്രിയില്‍ മുറിയുടെ വാതിലില്‍ തട്ടുന്നു. വഴങ്ങിയില്ലെങ്കില്‍ ഭാവി നശിപ്പിക്കും. പലരും സഹിക്കുന്നത് ഒറ്റപ്പെടുന്നത് പേടിച്ചാണ്. വനിതാ നിര്‍മാതാക്കളോട് നടൻമാര്‍ അപമാനിക്കുന്നു. നടിമാര്‍ ആക്രമിക്കപ്പെട്ടത് ഒറ്റപ്പെട്ട സംഭവമല്ലെന്നും പറയുന്നു റിപ്പോര്‍ട്ടില്‍.
ഷൂട്ടിംഗ് സെറ്റുകളില്‍ മദ്യവും ലഹരിമരുന്നും കര്‍ശനമായി വിലക്കണം. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയോഗിക്കരുത്. വനിതകള്‍ക്ക് സുരക്ഷിതമായ താമസമടക്കമുള്ള സൗകര്യങ്ങള്‍ സിനിമാ നിര്‍മാതാവ് നല്‍കണം. ഷൂട്ടിംഗ് സെറ്റുകളില്‍ കുടുംബാംഗങ്ങളെയും കൊണ്ടു വരേണ്ട സ്ഥിതിയാണെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
സിനിമാ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ മാത്രം പോരെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. ബദലായ സ്വതന്ത്ര സംവിധാനം അനിവാര്യമാണ്. സിനിമയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സ്വതന്ത്ര സംവിധാനം വേണം. അതിന് സർക്കാർ ഇടപെടൽ അനിവാര്യമാണ്. സ്വതന്ത്ര സംവിധാനം സർക്കാർ നേരിട്ട് രൂപീകരിക്കണമെന്നും നിയമപരമായിരിക്കണം ആ പരാതി പരിഹാര സംവിധാനമെന്നും ഹേമ കമ്മിറ്റി നാലര വർഷം മുൻപ് നിർദ്ദേശിച്ചിട്ടുണ്ട്.
ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കും. 49 ാം പേജിലെ 96 ാം പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കി. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
Read More: നടുക്കുന്ന വെളിപ്പെടുത്തലുകൾ, 'അവസരത്തിന് കിടക്ക പങ്കിടണം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക