മൂത്രമൊഴിക്കാൻ സൗകര്യമില്ല, വെള്ളം കുടിക്കാതെ സ്ത്രീകൾ, കിടക്കാനോ ഉറങ്ങാനോ പറ്റില്ല:ഹേമ കമ്മിറ്റി റിപ്പോർട്ട്
ശുചിമുറികൾ പോലും നിഷേധിക്കുന്ന അവസ്ഥയാണ് മലയാള സിനിമയില്‍.
മലയാള സിനിമയിലെ സ്ത്രീ അഭിനേതാക്കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട്. അസമയങ്ങളിൽ നടിമാരുടെ മുറികളിൽ തട്ടുന്നവർ പതിവാണെന്നും മൂത്രമൊഴിക്കാൻ പോലും സൗകര്യ ഇല്ലാത്തതിനാൽ വെള്ളം കുടിക്കാതെ പല സ്ത്രീകളും ലൊക്കേഷനിൽ കഴിയേണ്ട അവസ്ഥ ആണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഷൂട്ടിങ് സെറ്റുകളിൽ കുടുംബത്തിൽ ഉള്ളവരെ ഒപ്പം കൊണ്ട് പോകേണ്ട അവസ്ഥയാണ്. മൂത്രമൊഴിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ സെറ്റില്‍ സ്ത്രീകള്‍ വെള്ളം കുടിക്കാതെ നില്‍ക്കുന്നു. പല സ്ത്രീകള്‍ക്കും യൂറിനറി ഇന്‍ഫെക്ഷന്‍ ഉണ്ടായെന്നും റിപ്പോർട്ടിലുണ്ട്. ഒന്ന് കിടക്കാനോ ഉറങ്ങാനോ ഉള്ള സൗകര്യങ്ങളില്ല. ലൊക്കേഷനിൽ നിന്നും പത്ത് മിനിറ്റുകളോളം നടന്നാൽ മാത്രമാണ് ശുചിമുറികൾ. എന്നാൽ അവിടേക്ക് പോകാനുള്ള പെർമിഷൻ പോലും(ആര്‍ത്തവ സമയത്തും) നൽകുന്നില്ലെന്നും സ്ത്രീ അഭിനേതാക്കൾ പറഞ്ഞതായി ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. ലൊക്കേഷനില്‍ തന്നെ തുണി മറയുണ്ടാക്കി പ്രഥമകാര്യങ്ങള്‍ ചെയ്യേണ്ട അവസ്ഥ. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ഭക്ഷണം കൊടുക്കുന്നത് പോലും ലൈംഗികത ആവശ്യത്തിന് വഴങ്ങിയാൽ മാത്രമാണെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്ത്.
ഓരോ നിമിഷവും മലയാള സിനിമയിലെ ഞെട്ടിക്കുന്ന വന്‍ സ്ത്രീവിരുദ്ധ പ്രവർത്തനങ്ങളാണ് റിപ്പോർട്ടിൽ നിന്നും പുറത്തുവന്നു കൊണ്ടിരിക്കുന്നത്. പരാതിപ്പെട്ടാൽ താൻ മാത്രം അല്ല, കുടുംബത്തിലെ അടുത്ത അംഗങ്ങളും പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നതടക്കം ഒരു അഭിനേത്രി മൊഴി നൽകിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ നടിമാരുടെ മുറികളിലെ വാതിലുകള്‍ മുട്ടുന്നത് പതിവാണെന്നും റിപ്പോര്‍ട്ടില്‍ തുറന്നു കാട്ടുന്നുണ്ട്.
Hema Committee Report live: നടുക്കുന്ന വെളിപ്പെടുത്തലുകൾ, 'അവസരത്തിന് കിടക്ക പങ്കിടണം'
ഏറെ നാളത്തെ സസ്പെൻസിന് ഒടുവിൽ ഇന്ന് രണ്ടരയോടെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിട്ടത്. ആകെ 233 പേജുകളുള്ള റിപ്പോർട്ടാണ് പുറത്തുവന്നത്. സ്വകാര്യതയെ ലംഘിക്കുന്ന വിവരങ്ങൾ കൈമാറില്ലെന്ന് നേരത്തെ വ്യക്തമാക്കിയതിനാൽ ആളുകളെ തിരിച്ചറിയുന്ന വിവരങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 49മത്തെ പേജിലെ 96മത്തെ പാരഗ്രാഫ് പ്രസിദ്ധീകരിച്ചില്ല. 81 മുതൽ 100 വരെയുള്ള പേജുകളിലെ ചില ഭാഗങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. 165 മുതൽ 196 വരെയുള്ള പാരഗ്രാഫുകളും അനുബന്ധവും ഒഴിവാക്കിയിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..