റീൽസിൽ നിന്ന് സിനിമയിലേക്ക്; 'ഹയ' നായിക അക്ഷയ ഉദയകുമാര്‍ പ്രതീക്ഷയിലാണ്
മലയാളത്തിൽ ആദ്യമായി മുഴുനീള വേഷം ചെയ്യുന്ന അക്ഷയ ഉദയകുമാര്‍ ഇൻസ്റ്റഗ്രാം റീൽസിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
പുതുമുഖങ്ങള്‍ പ്രധാനകഥാപാത്രമാകുന്ന "ഹയ" തീയേറ്ററുകളിൽ എത്തുകയാണ്. ഒരിടവേളയ്ക്ക് ശേഷം വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന സിനിമ ഒരു ക്യാംപസ് ത്രില്ലര്‍ ആണ്. ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധിക്കപ്പെട്ട അക്ഷയ ഉദയകുമാര്‍ ആണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളിൽ ഒന്ന് ചെയ്യുന്നത്. അക്ഷയ സംസാരിക്കുന്നു, സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകളെക്കുറിച്ച്.
എന്താണ് ഹയ സിനിമയിലെ വേഷം?
ഹയ സിനിമയിൽ ഞാൻ ചെയ്യുന്ന വേഷം യമുന എന്ന കോളേജ് വിദ്യാര്‍ഥിയുടെതാണ്. വളരെ അഗ്രഹങ്ങളുള്ള, സോഫ്റ്റ് ആയിട്ടുള്ള ഒരു കഥാപാത്രമാണ്. സിനിമയിലെ ലീഡ് റോള്‍ ആണ്. കഥാപാത്രത്തെക്കുറിച്ച് അധികം പറയാൻ പറ്റില്ല, അത് സിനിമ കണ്ടുതന്നെ മനസ്സിലാക്കേണ്ട, ഉള്ളടക്കമുള്ള റോള്‍ ആണ്.
ഈ സിനിമയിലേക്ക് എങ്ങനെയാണ് ക്ഷണം കിട്ടിയത്?
സംവിധായകന്‍ വാസുദേവ് സനൽ ആണ് എന്നെ സിനിമയിലേക്ക് വിളിക്കുന്നത്. ഞാൻ ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യുന്നുണ്ടായിരുന്നു. അത് കണ്ട് ഇഷ്ടപ്പെട്ടിട്ട് അദ്ദേഹം എന്‍റെ നമ്പര്‍ ചോദിച്ചുവാങ്ങി വിളിക്കുകയായിരുന്നു.
അക്ഷയയുടെ ആദ്യ സിനിമാ വേഷമാണോ ഹയ?
സിദ്ധി എന്നൊരു മലയാള സിനിമ ഞാൻ മുൻപ് ചെയ്തിട്ടുണ്ട്. അതിന് മുൻപ് ലവ് ടുഡേ എന്നൊരു തമിഴ് സിനിമ ചെയ്തു. അത് വിജയിച്ചിരുന്നു. പക്ഷേ, മലയാളത്തിൽ ഒരു ലീഡ് റോള്‍ ചെയ്യുന്നത് ആദ്യമായിട്ടാണ്.
പുതുമുഖങ്ങള്‍ക്കൊപ്പം മുതിര്‍ന്ന താരങ്ങളുമുള്ള സിനിമയാണല്ലോ ഹയ. എന്തായിരുന്നു സിനിമാ ഷൂട്ടിങ് അനുഭവം?
ഹയ ഒരുപാട് പുതുമുഖങ്ങളുള്ള സിനിമയാണ്. പക്ഷേ, ഈ സിനിമ വലുതാക്കിയത് ഇതിന്‍റെ പിന്നിൽ പ്രവര്‍ത്തിച്ചവര്‍ തന്നെയാണ്. അവരില്ലായിരുന്നെങ്കിൽ ഇത് ഇത്രയും വലുതാകില്ലായിരുന്നു. പുതുമുഖതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുന്ന സിനിമയിൽ വന്ന് അഭിനയിച്ചതിന് വലിയ താരങ്ങളോടാണ് എനിക്ക് നന്ദി പറയാനുള്ളത്. സിനിമ അനുഭവം ശരിക്കും ഒരു കോളേജ് പോലെയായിരുന്നു. കോളേജിൽ ഒരു പ്രോഗ്രാം ഉള്ള സമയത്ത് എല്ലാവരും ഒരുമിച്ച് ഇരിക്കല്ലേ? അതുപോലൊരു അനുഭവമായിരുന്നു ഷൂട്ടിങ്. കുറേപ്പേരുടെ അമ്മമാര്‍ സെറ്റിൽ വരുമായിരുന്നു. എല്ലാവരും ഫാമിലിയായിട്ടാണ് അഭിനയിക്കാൻ വരുന്നത്. ടീമാണെങ്കിലും വളരെ പിന്തുണ നൽകി. നമുക്ക് സംശയങ്ങള്‍ക്ക് മടിയില്ലാതെ ഉത്തരം നൽകും.
മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അഭിനയിക്കാൻ ലഭിച്ച അവസരം നന്നായി ഉപയോഗപ്പെടുത്തിയോ?
എനിക്ക് മുതിര്‍ന്ന താരങ്ങള്‍ക്ക് ഒപ്പമുള്ള സീനുകള്‍ കുറവായിരുന്നു. പക്ഷേ, ഗുരു സോമസുന്ദരത്തെ കാണാൻ പറ്റി. അദ്ദേഹം ഒരു ശാന്തനായ വ്യക്തിയാണ്. ഞാനൊട്ടും പ്രതീക്ഷിച്ചില്ല അദ്ദേഹം എന്നോട് അടുത്ത് സംസാരിക്കുമെന്ന്. വലിയൊരു ആര്‍ട്ടിസ്റ്റ് ആണെന്ന ഭാവം അദ്ദേഹം പ്രകടിപ്പിക്കില്ല. ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരു "ഫാൻ മൊമന്‍റ് " ആയിരുന്നു അദ്ദേഹത്തെ കണ്ടത്. അദ്ദേഹം എന്നെ അതിശയിപ്പിച്ചു.
സിനിമക്ക് പുറത്ത് അക്ഷയയുടെ ജീവിതം?
ഞാൻ കോയമ്പത്തൂരിൽ ബോട്ടണി ബിരുദം പൂര്‍ത്തിയാക്കി. സ്കൂള്‍കാലം മുതൽ തെരുവുനാടകങ്ങള്‍ ചെയ്യുമായിരുന്നു. പ്ലസ് വൺ പഠിക്കുന്ന സമയത്ത് ഒരു തെരുവുനാടകം ചെയ്തിരുന്നു. അതിലെ ഒരു കരച്ചിൽ രംഗം പ്രേക്ഷകരിൽ ഒരാളെ കരയിപ്പിച്ചു എന്ന് എന്‍റെ അധ്യാപിക പിന്നീട് പറഞ്ഞു. അത് വല്ലാത്തൊരു സംതൃപ്തി മനസ്സിന് തന്നു. നാടക അഭിനയം കഴിഞ്ഞ് ആളുകള്‍ അടുത്തുവന്ന് അഭിനയം നല്ലതാണെന്നെല്ലാം പറയാറുണ്ടായിരുന്നു. അന്നേ അഗ്രഹിച്ചിരുന്നതാണ് സിനിമ ചെയ്യണം എന്ന്. പക്ഷേ, സ്വാഭാവികമായും വീട്ടിൽ സമ്മതിച്ചില്ല. പിന്നീട് കോളേജിൽ പഠിക്കാൻ പോകുമ്പോഴും ഉള്ളിൽ അഭിനയിക്കണം എന്നായിരുന്നു അഗ്രഹം. വീട്ടിൽ നിന്ന് അനുവാദം ഇല്ലാത്തതു കൊണ്ട് ഓഡിഷൻ ഒന്നും പോകാറില്ലായിരുന്നു. ആ സമയത്താണ് ടിക് ടോക് വീഡിയോകള്‍ ചെയ്യാൻ തുടങ്ങിയത്. അത് ശ്രദ്ധിക്കപ്പെട്ടപ്പോഴേക്കും ഇന്ത്യയിൽ ടിക് ടോക് നിരോധനം വന്നു. അങ്ങനെയാണ് ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്യാൻ തുടങ്ങിയത്. അഭിനയത്തിന് പ്രധാന്യം നൽകുന്ന റീൽസ് ആണ് ചെയ്തത്. അത് ശ്രദ്ധിക്കപ്പെട്ടു.
ഹയ എത്രമാത്രം വലിയ പ്രതീക്ഷയാണ്?
എന്‍റെ കരിയറിലെ ടേണിങ് പോയിന്‍റ് ആകും ഹയ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. വാസുദേവ് സനൽ സംവിധാനം ചെയ്യുന്ന ഒരു സിനിമയിൽ ലീഡ് റോൾ ചെയ്യാൻ പറ്റിയെന്നത് തന്നെ വലിയ സന്തോഷം. അദ്ദേഹം ഒരിടവേളയ്ക്ക് ശേഷം തിരികെ എത്തുന്ന സിനിമ കൂടെയാണിത്. റീൽസിന് അപ്പുറത്ത് എന്നെ അറിയാൻ മലയാളികള്‍ക്ക് കഴിയും എന്നതിലും സന്തോഷമുണ്ട്. ഞാൻ മാത്രമല്ല, ഒരുപാട് പുതുമുഖങ്ങള്‍ ഈ സിനിമയിലുണ്ട്. അവരുടെയെല്ലാം സ്വപ്നം കൂടെയാണ് ഈ സിനിമ.