'മലൈക്കോട്ടൈ വാലിബന്‍' കാസ്റ്റിംഗ് പുരോഗമിക്കുന്നു; മോഹന്‍ലാലിനൊപ്പം ഹരീഷ് പേരടിയും
മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം
ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒരുമിക്കുന്ന ചിത്രമെന്ന നിലയില്‍ വലിയ പ്രേക്ഷകശ്രദ്ധ നേടിയ മലൈക്കോട്ടൈ വാലിബന്‍റെ കാസ്റ്റിംഗ് പുരോഗമിക്കുന്നു. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന വിവരം അവര്‍ തന്നെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ മലയാളത്തിലെ ഒരു പ്രമുഖ താരവും ചിത്രത്തിന്‍റെ ഭാഗമാവുകയാണ്. ക്യാരക്റ്റര്‍ റോളുകളിലൂടെ കൈയടി നേടിയ ഹരീഷ് പേരടിയാണ് താനും ചിത്രത്തിന്‍റെ ഭാഗമാണെന്ന് അറിയിച്ചിരിക്കുന്നത്.
മോഹന്‍ലാലിനും ലിജോയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് ഹരീഷ് പേരടി താനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ടെന്ന കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. അതെ. ആ യാത്ര തുടങ്ങുകയാണ്. എന്നിലെ നടൻ കാത്തിരുന്ന യാത്ര. പ്രതിഭയോടും പ്രതിഭാസത്തോടും ഒപ്പം ചേർന്നുള്ള യാത്ര. അനുഗ്രഹിക്കുക... മലൈക്കൊട്ടൈ വാലിബൻ.., ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.
മധു നീലകണ്ഠനാണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. പ്രശാന്ത് പിള്ള സംഗീതം പകരും. കലാസംവിധാനം ഗോകുല്‍ ദാസ്, വസ്ത്രാലങ്കാരം റോണക്സ് സേവ്യര്‍. ഷിബു ബേബി ജോണിന്‍റെ ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്,സെഞ്ച്വറി ഫിലിംസ് എന്നിവരും നിര്‍മ്മാണ പങ്കാളികളാണ്. ലിജോയും മോഹന്‍ലാലും ഒന്നിക്കുന്ന ഒരു ചിത്രം വരുന്നതായ, സോഷ്യല്‍ മീഡിയയിലെ ദീര്‍ഘനാളത്തെ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ഒക്ടോബര്‍ 25 ന് ആയിരുന്നു ഈ പ്രോജക്റ്റിന്‍റെ ഔദ്യോഗിക പ്രഖ്യാപനം.
അതേസമയം കഴിഞ്ഞ 17 വര്‍ഷമായി മറാഠി സിനിമയുടെ ഭാഗമാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൊണാലി കുല്‍ക്കര്‍ണി. നിരവധി മറാഠി ചിത്രങ്ങള്‍ക്ക് പുറമെ ഗ്രാന്‍ഡ് മസ്തി, സിംഗം റിട്ടേണ്‍സ് എന്നീ രണ്ട് ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഒപ്പം ബിഗ് ബോസ് മറാഠി ഉള്‍പ്പെടെയുള്ള റിയാലിറ്റി ഷോകളില്‍ അതിഥിയായും എത്തിയിട്ടുണ്ട്.