വൻ തിരിച്ചുവരവിനായി ഷാരൂഖ് ഖാൻ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങള്‍

പിറന്നാള്‍ നിറവില്‍ ഷാരൂഖ് ഖാൻ.

Happy Birthday Shah Rukh Khan actors upcoming film details

കിംഗ് ഖാൻ, പ്രണയ നായകൻ എന്നിങ്ങനെ വിശേഷണങ്ങള്‍ ഒരുപാടുണ്ട് ഷാരൂഖ് ഖാന്. ഒട്ടേറെ വര്‍ഷങ്ങളായി ബോളിവുഡിന്റെ മറു പേരുകളില്‍ ഒന്നെന്ന പോലെയുള്ള ഷാരൂഖ് ഖാൻ എന്നും ആഘോഷമാണ് പ്രേക്ഷകര്‍ക്ക്. സമീപകാലങ്ങളില്‍ അത്ര വിജയ ചിത്രങ്ങള്‍ സ്വന്തമാക്കാനായില്ല ഷാരൂഖ് ഖാന് എന്നത് വാസ്‍തവം തന്നെ. പക്ഷേ വൻ തിരിച്ചുവരവ് ഷാരൂഖ് ഖാനില്‍ നിന്ന് എന്നും പ്രതീക്ഷിക്കുന്നുണ്ട് ബോളിവുഡ് ആരാധകര്‍. വരും വര്‍ഷം ഷാരൂഖ് ഖാന് സ്വന്തമാണെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തവണ ഷാരൂഖ് ഖാന്റെ ജന്മദിനത്തില്‍ പുതിയ ചിത്രങ്ങളുടെ അപ്‍ഡേറ്റിനായാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. സമീപകാലത്ത് 'റോക്കട്രി: ദ നമ്പി ഇഫക്റ്റ്', 'ബ്രഹ്‍മാസ്‍ത്ര' എന്നീ ചിത്രങ്ങളില്‍ അതിഥി വേഷത്തില്‍ ഷാരൂഖിന് കാണാനായത് പ്രേക്ഷകരെ ആഹ്ളാദിപ്പിച്ചിരുന്നു.

ഷാരൂഖ് ഖാൻ നായകനായിട്ടുള്ള ചിത്രം പ്രദര്‍ശനത്തിന് എത്തിയിട്ട് മൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു . 2018ല്‍ 'സീറോ' എന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത്. 'സീറോ' വൻ പരാജയമായിരുന്നു. 'പത്താൻ' എന്ന പുതിയ ചിത്രത്തിലാണ് ഇനി ആരാധകരുടെ പ്രതീക്ഷ. 'റോ ഏജന്റ് പത്താനാ'യിട്ടാണ് ചിത്രത്തില്‍ ഷാരൂഖ് അഭിനയിക്കുന്നത്. ഒരു ആക്ഷൻ ത്രില്ലര്‍ ചിത്രമായതിനാല്‍ 'പത്താന്' തിയറ്ററുകളില്‍ മുൻ കാലങ്ങളിലേതു പോലെ ഷാരൂഖ് ഖാന് ആര്‍പ്പുവിളികളുയരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നതും. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ദീപിക പദുക്കോണാണ് നായിക. 2023ലാണ് റിലീസ്.

യാഷ് രാജ് ഫിലിംസിന്റെ നിര്‍മാണത്തിലുള്ള ഏറ്റവും ചിലവേറിയ ചിത്രമാണ് പത്താൻ. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

വൻ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഷാരൂഖ് ഖാൻ അഭിനയിക്കുന്ന മറ്റൊരു ചിത്രം സംവിധാനം ചെയ്യുന്നത് തെന്നിന്ത്യൻ ഹിറ്റ് മേക്കര്‍ ആറ്റ്‍ലിയാണ്. വന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയാവുന്നത് നയന്‍താരയാണ്. വിജയ് സേതുപതിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. കിംഗ് ഖാന്‍റെ ചില ലൊക്കേഷന്‍ ചിത്രങ്ങള്‍ ട്വിറ്ററില്‍ തരംഗമായിരുന്നു.   പ്രിയാമണി, റാണ ദഗുബാട്ടി, സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു ഐപിഎല്‍ മത്സരത്തിനിടെയാണ് ഷാരൂഖ് ഖാനും ആറ്റ്‍ലിയും ആദ്യമായി കണ്ടുമുട്ടുന്നത്. പിന്നീടുള്ള ചര്‍ച്ചകളിലൂടെ ഒരു ചിത്രത്തിലേക്ക് എത്തുകയുമായിരുന്നു. രാജ്‍കുമാര്‍ ഹിറാനിയുടെ സംവിധാനത്തിലുള്ള 'ഡങ്കി' എന്ന ചിത്രമാണ് ഷാരൂഖ് ഖാൻ നായകനാകുന്ന മറ്റൊന്ന്.

Read More: ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ്‍ക്കൊപ്പം വിശാലും?

Latest Videos
Follow Us:
Download App:
  • android
  • ios