മാസ് ലുക്കില്‍ അജിത്ത്, മഞ്‍ജു വാര്യര്‍ നായികയാകുന്ന ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചു

അജിത് നായകനാകുന്ന ചിത്രത്തിന് പേരിട്ടു.

 

H Vinod directed Ajith Manju warrier film titled Thuniv

ആരാധക്കൂട്ടായ്‍മകളിലൊന്നും വിശ്വസിക്കാത്ത നടനാണ് അജിത്ത്. തല എന്നതടക്കമുള്ള വിശേഷണപ്പേരുകളില്‍ തന്നെ വിളിക്കരുത് എന്ന് തുറന്നുപറഞ്ഞ നടൻ. ഇങ്ങനെയൊക്കെയാണെങ്കിലും അജിത്തിന്റെ ഓരോ സിനിമയും തമിഴകത്തിന് ആവേശമാണ്. ആരാധകരുടെ ആകാംക്ഷകള്‍ വര്‍ദ്ധിപ്പിച്ച് അജിത്തിന്റെ പുതിയ സിനിമയുടെ പേര് പുറത്തുവിട്ടു.

'തുനിവ്' എന്നാണ് പേര്. സിനിമ വരും ആരാധകരുടെ ആകാംക്ഷ നിലനിര്‍ത്താനെന്നവിധത്തില്‍ ആവേശത്തിലാക്കുന്ന അജിത്തിന്റെ ലുക്ക് ഉള്ള പോസ്റ്ററും പുറത്ത് വിട്ടാണ് ചിത്രത്തിന്റെ പേരറിയിച്ചത്. ആക്ഷനും പ്രധാന്യമുളള ചിത്രമായിരിക്കുമെന്നാണ് സൂചന. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടി മഞ്‍ജു വാര്യരാണ് ചിത്രത്തിലെ നായിക. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും 'വലിമൈ'ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് 'തുനിവ്'.

തുനിവിനു ശേഷം വിഘ്നേശ് ശിവന്റെ സംവിധാനത്തിലാണ് അജിത്ത് നായകനാകുക. ദേശീയ അവാര്‍ഡ് ജേതാവ് സുധ കൊങ്ങര പ്രസാദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലും അജിത്ത് നായകനായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. സംവിധായകൻ ശ്രീ ഗണേഷ് അജിത്തുമായി പുതിയ സിനിമ സംബന്ധിച്ച് ചര്‍ച്ചകളിലാണെന്ന വാര്‍ത്തയും ആരാധകര്‍ക്കിടയില്‍ പ്രചരിക്കുന്നുണ്ട്. 'കുരുതി ആട്ട'ത്തിന്റെ സംവിധായകനാണ് ശ്രീ ഗണേഷ്. മിസ്‍കിന്റെ സഹസംവിധായകനായിരുന്നു ശ്രീ ഗണേഷ്. '8  തോട്ടക്കള്‍' ആണ് ശ്രീ ഗണേഷിന്റെ ആദ്യത്തെ ചിത്രം. 2017ലാണ് ആദ്യ ചിത്രം പുറത്തിറങ്ങിയത്. ശ്രീ ഗണേഷിന്റെ രണ്ടാമത്തെ ചിത്രം അടുത്തിടെ പുറത്തിറങ്ങിയ 'കുരുതി ആട്ടം' ആണ്. അഥര്‍വ നായകനായ ചിത്രത്തില്‍ നിരവധി അജിത്ത് റെഫറൻസുകളുമുണ്ട്. അതിനാല്‍ അജിത്തും  ശ്രീ ഗണേഷും ഒന്നിക്കുന്ന വാര്‍ത്തയ്‍ക്ക് വലിയ പ്രചാരം ലഭിച്ചിരിക്കുകയാണ്.

Read More : 'പൊന്നിയിൻ സെല്‍വനി'ലെ വിസ്‍മയിപ്പിക്കുന്ന സെറ്റുകള്‍ക്ക് പിന്നില്‍, വീഡിയോ

Latest Videos
Follow Us:
Download App:
  • android
  • ios