ഡിവോഴ്സിന് ശേഷം ആദ്യമായി ഒരുമിച്ച് സംഗീതവേദിയിൽ എത്തി ജി വി പ്രകാശ് കുമാറും സൈന്ധവിയും; ഏറ്റെടുത്ത് ആരാധകര്‍

11 വര്‍ഷം നീണ്ട വിവാഹ ജീവിതം മെയ് മാസത്തിലാണ് ഇരുവരും അവസാനിപ്പിച്ചത്.

gv prakash kumar and ex wife saidhavi perormed at malaysia concert together for the first time after divorce

തമിഴ് സംഗിത സംവിധായകനും നടനുമായ ജി വി പ്രകാശ് കുമാറും ഗായിക സൈന്ധവിയും തങ്ങളുടെ വേര്‍പിരിയല്‍ പ്രഖ്യാപിച്ചത് മെയ് മാസത്തില്‍ ആയിരുന്നു. ഇപ്പോഴിതാ മാസങ്ങള്‍ക്കിപ്പുറം ഒരു സംഗീത വേദിയില്‍ ഇരുവരും വീണ്ടും ഒന്നിച്ച് പങ്കെടുത്തതിന്‍റെ ആഹ്ലാദത്തിലാണ് ഇരുവരുടെയും ആരാധകര്‍. ജി വി പ്രകാശ് കുമാറിന്‍റെ നേതൃത്വത്തില്‍ മലേഷ്യയില്‍ നടന്ന സംഗീതനിശയിലാണ് അദ്ദേഹത്തിനൊപ്പം സൈന്ധവിയും പങ്കെടുത്തത്. ജി വി പ്രകാശ് കുമാര്‍ സംഗീതം പകര്‍ന്ന മയക്കം എന്ന എന്ന ചിത്രത്തിലെ പിറൈ തേടും എന്ന ഗാനമാണ് സൈന്ധവി ആലപിച്ചത്. പ്രകാശ് കുമാര്‍ ഈ ഗാനത്തി് പിയാനോ വായിക്കുകയും ചെയ്തു.

ഈ വേദിയില്‍ നിന്ന് ആരാധകര്‍ മൊബൈലില്‍ പകര്‍ത്തിയ വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ ഗാനങ്ങളില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ് പിറൈ തേടും. ഡിവോഴ്സ് എന്നത് ഒരു ബന്ധത്തിന്‍റെ അവസാനമല്ലെന്നും സൗഹൃദവും പരസ്പര ബഹുമാനവുമൊക്കെ പിന്നെയും തുടരാമെന്നതിന്‍റെയും തെളിവായാണ് ഇരുവരുടെയും ഒരുമിച്ചുള്ള വേദി പങ്കിടലിനെ ആരാധകരില്‍ ചിലര്‍ വിലയിരുത്തുന്നത്.

 

11 വര്‍ഷം നീണ്ട വിവാഹ ജീവിതമാണ് മെയ് മാസത്തില്‍ ഇരുവരും അവസാനിപ്പിച്ചത്. "സുദീര്‍ഘമായ ആലോചനകള്‍ക്കിപ്പുറം, 11 വര്‍ഷത്തെ വിവാഹ ജീവിതം അവസാനിപ്പിക്കാന്‍ ഞാനും ജി വി പ്രകാശും ചേര്‍ന്ന് തീരുമാനിച്ചിരിക്കുന്നു. പരസ്പര ബഹുമാനം നിലനിര്‍ത്തിക്കൊണ്ട് ഞങ്ങള്‍ ഇരുവരുടെയും മനസമാധാനവും ഉന്നമനവും ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് ഇത്. ഏറെ വ്യക്തിപരമായ ഈ മാറ്റത്തിന്‍റെ സമയത്ത് ഞങ്ങളുടെ സ്വകാര്യതയെ മനസിലാക്കാനും മാനിക്കാനും മാധ്യമങ്ങളോടും സുഹൃത്തുക്കളോടും ഞങ്ങള്‍ അപേക്ഷിക്കുന്നു. പിരിയുകയാണെന്ന് തിരിച്ചറിയുമ്പോള്‍ത്തന്നെ ഇത് ഞങ്ങള്‍ക്ക് അന്യോന്യം എടുക്കാവുന്ന ഏറ്റവും മികച്ച തീരുമാനമാണെന്നും മനസിലാക്കുന്നു. പ്രയാസമേറിയ ഈ സമയത്ത് നിങ്ങളുടെ മനസിലാക്കലും പിന്തുണയും ഏറെ വലുതാണ്. നന്ദി", സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച കുറിപ്പില്‍ ഇരുവരും അറിയിച്ചിരുന്നു. 

ALSO READ : 'സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്നതല്ല, പക്ഷേ'; ശ്വേത മേനോന്‍ അഭിമുഖം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios