'ഗുരുവായൂരമ്പലനടയില്‍'; ചിത്രത്തിന് ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ആരംഭം
ജയ ജയ ജയ ജയ ഹേ സംവിധായകന്‍റെ പുതിയ ചിത്രം
ജയ ജയ ജയ ജയ ഹേ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഗുരുവായൂരമ്പലനടയിൽ എന്ന ചിത്രത്തിന്‍റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ വച്ച് നടന്നു. പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടൈൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ മേത്ത, സി വി സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
കുഞ്ഞിരാമായണം എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രമാണിത്. ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത് വില്ലന്‍ കഥാപാത്രത്തെയാണെന്ന് മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന ബൈജു സന്തോഷ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ജനപ്രീതി നേടിയ ചിത്രങ്ങളില്‍ മുന്‍നിരയിലാണ് ജയ ജയ ജയ ജയ ഹേയുടെ സ്ഥാനം. ബോക്സ് ഓഫീസ് കളക്ഷനില്‍ പല സൂപ്പര്‍താര ചിത്രങ്ങളേക്കാളും മുന്നിലായിരുന്നു വിപിന്‍ ദാസ് സംവിധാനം നിര്‍വ്വഹിച്ച ഈ ചിത്രം. ദര്‍ശന രാജേന്ദ്രനും ബേസില്‍ ജോസഫുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്‍ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങൻ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. വിപിൻ ദാസും നാഷിദ് മുഹമ്മദ് ഫാമിയും ചേർന്നാണ് ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. നിരവധി ബോളിവുഡ് ചിത്രങ്ങളിൽ പ്രവർത്തിച്ച സ്റ്റണ്ട് മാസ്റ്റർ ഫെലിക്സ് ഫുകുയോഷി റുവേ ആണ് സംഘട്ടന രംഗങ്ങൾ ഒരുക്കിയത്. ചിത്രത്തിന്‍റെ ഒടിടി റിലീസ് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആയിരുന്നു. വിപിന്‍ ദാസിന്‍റെ സംവിധാനത്തില്‍ ഒരു ഹിന്ദി ചിത്രവും വന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.
ALSO READ : 'പൃഥ്വി 25 കോടി അടച്ചതിന് തെളിവുണ്ടോ'? ലിസ്റ്റിന്‍ സ്റ്റീഫന്‍ ചോദിക്കുന്നു