'ഒരു നാഴികക്കല്ലായിരിക്കും ഈ ചിത്രം'; മലൈക്കോട്ടൈ വാലിബനിലെ അവസരത്തെക്കുറിച്ച് ഹരികൃഷ്‍ണന്‍ ഗുരുക്കള്‍
കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ ഗിന്നസ് റെക്കോര്‍ഡില്‍ എത്തിച്ചയാള്‍
മലയാള സിനിമയില്‍ നിന്ന് വരാനിരിക്കുന്ന പ്രോജക്റ്റുകളില്‍ പ്രേക്ഷകരുടെ കൌതുകത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. യുവതലമുറയിലെ ഏറ്റവും ശ്രദ്ധേയ സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹന്‍ലാലും ആദ്യമായി ഒന്നിക്കുന്നു എന്നതുതന്നെ ഇതിന് കാരണം. ചിത്രത്തിലെ കാസ്റ്റിംഗിനെക്കുറിച്ചോ മറ്റ് അണിയറക്കാരെക്കുറിച്ചോ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല. എന്നാല്‍ ചിത്രത്തിന്‍റെ ഭാഗമാവുന്ന പലരും സോഷ്യല്‍ മീഡിയയിലൂടെ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് അറിയിച്ചിരുന്നു താനും. ഇപ്പോഴിതാ ചിത്രത്തില്‍ ഭാഗഭാക്കാവുന്നതിനെക്കുറിച്ച് മറ്റൊരാള്‍ കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്.
കേരളത്തിന്‍റെ തനത് ആയോധന കലയായ കളരിപ്പയറ്റിനെ ഗിന്നസ് റെക്കോര്‍ഡില്‍ എത്തിച്ച ഹരികൃഷ്ണന്‍ ഗുരുക്കളാണ് താനും ഈ ചിത്രത്തിന്‍റെ ഭാഗമാവുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ഹരികൃഷ്ണന്‍റെ ട്വീറ്റ്. ചലച്ചിത്ര മേഖലയില്‍ ഒരു നാഴികക്കല്ല് തന്നെയായി മാറാനിരിക്കുന്ന മലൈക്കോട്ടൈ വാലിബനില്‍ ഇതിഹാസതാരം മോഹന്‍ലാലിനൊപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചതില്‍ ഞാന്‍ ഏറെ ആഹ്ലാദവാനാണ്. ഈ ഗംഭീര അവസരം എനിക്ക് നല്‍കിയതില്‍ ദൈവത്തിനും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിക്കും നന്ദി പറയാന്‍ ഈ അവസരം ഞാന്‍ ഉപയോഗിക്കുന്നു, ഹരികൃഷ്ണന് ഗുരുക്കള്‍ കുറിച്ചു.
ഇരട്ട ഉറുമി വീശലിലാണ് ഹരികൃഷ്ണന്‍റെ റെക്കോര്‍ഡ് നേട്ടം. 37 സെക്കന്‍ഡില്‍ 230 തവണ ഉറുമി വീശിയതിലൂടെ അറേബ്യന്‍ ബുക്സ് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ ഇടംപിടിച്ചിരുന്നു. പിന്നീട് ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡിലും ഈ ഉറുമിവീശല്‍ ഇടംപിടിച്ചു. 24 സംസ്ഥാനങ്ങള്‍ പങ്കെടുത്ത കളരിപ്പയറ്റ് ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ 2013-15 വരെ ഹാട്രിക് സ്വര്‍ണ്ണം നേടി. 2016 ല്‍ ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ വാള്‍പ്പയറ്റിലും സ്വര്‍ണ്ണം നേടി. ദേശീയ തലത്തില്‍ എട്ട് സ്വര്‍ണ്ണം, മൂന്ന് വെള്ളി, ഒരു വെങ്കലം എന്നിങ്ങനെയാണ് ഹരികൃഷ്ണന്‍റെ നേട്ടം. 30 സെക്കന്‍ഡില്‍ 61 പൈനാപ്പിള്‍ 61 പേരുടെ തലയില്‍ വച്ച് വാള് കൊണ്ട് വെട്ടിമുറിച്ചതിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡും ഹരിയുടെ പേരില്‍ ഉണ്ട്.