Survival Movies : 'മാളൂട്ടി' മുതല്‍ '127 അവേഴ്സ്' വരെ; കണ്ടിരിക്കേണ്ട സര്‍വൈവല്‍ ഡ്രാമ സിനിമകള്‍
ലോകസിനിമയില്‍ എക്കാലവും മികച്ച സിനിമകള്‍ ഉണ്ടായിട്ടുണ്ട് ഈ ഗണത്തില്‍
നിത്യജീവിതത്തിന്‍റെ സാധാരണത്വത്തിനിടയില്‍ അപായകരമായ ഒരു സാഹചര്യത്തില്‍ തികച്ചും അപ്രതീക്ഷിതമായി ചെന്നുപെടുക. വന്നുപെട്ടിരിക്കുന്ന സാഹചര്യത്തിന്‍റെ ഗുരുതര സ്വഭാവം മനസിലാക്കുന്നതോടെ രക്ഷയ്ക്കായി സ്വയം ശ്രമിക്കുക. അതിനു കഴിയാതെ വരുന്നപക്ഷം മറ്റുള്ളവരുടെ ശ്രദ്ധ ക്ഷണിക്കാനായി നോക്കുക. ഒരു അപകടസന്ധിയില്‍ എത്തിപ്പെടുകയും അവിടെനിന്നുള്ള മനുഷ്യരുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവും സിനിമ എന്ന മാധ്യമത്തിന് എക്കാലവും താല്‍പര്യമുള്ള വിഷയമാണ്. സര്‍വൈവല്‍ ഡ്രാമകളും റെസ്‍ക്യൂ മിഷനുകളുമൊക്കെയായി എല്ലാ ഭാഷാ സിനിമകളിലും മികച്ച സൃഷ്‍ടികളുണ്ട്. മലമ്പുഴയില്‍ മലകയറ്റത്തിനിടെ കാല്‍ വഴുതി പാറയിടുക്കില്‍ കുടുങ്ങിയ യുവാവ് ബാബുവിനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ദൗത്യസംഘം തുടരുമ്പോള്‍ കണ്ടിരിക്കേണ്ട ചില സര്‍വൈവല്‍ ഡ്രാമ സിനിമകളിലേക്ക് കണ്ണോടിക്കാം.
മാളൂട്ടി
രക്ഷാദൗത്യം പ്രമേയമാക്കുന്ന സിനിമകളെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ മലയാളി സിനിമാപ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന ചിത്രം ഇതായിരിക്കും. ജോണ്‍ പോളിന്‍റെ സംവിധാനത്തില്‍ ഭരതന്‍ സംവിധാനം ചെയ്‍ത് 1990ല്‍ പുറത്തെത്തിയ ചിത്രം. ടൈറ്റില്‍ കഥാപാത്രമായി ബേബി ശ്യാമിലി. ഒരു പഴയ കുഴല്‍ കിണറിലേക്ക് അഞ്ച് വയസുകാരി വീഴുന്നതും കുട്ടിയെ പുറത്തെത്താക്കാനുള്ള ശ്രമങ്ങളുമാണ് ചിത്രത്തിന്‍റെ പ്രമേയം. 1990ല്‍ ഈ ചിത്രം പുറത്തെത്തുമ്പോള്‍ മലയാളത്തില്‍ അതൊരു പുതുമയായിരുന്നു.
127 അവേഴ്സ്
ഡാനി ബോയിലിന്‍റെ സംവിധാനത്തില്‍ 2010ല്‍ പ്രദര്‍ശനത്തിനെത്തിയ ബയോഗ്രഫിക്കല്‍ സര്‍വൈവല്‍ ഡ്രാമ. പാറകള്‍ക്കിടയില്‍ കൈ കുടുങ്ങി 127 മണിക്കൂറുകള്‍ തള്ളിനീക്കിയ പര്‍വതാരോഹകന്‍ ആരോണ്‍ റാല്‍സ്റ്റണിന്‍റെ യഥാര്‍ഥ അനുഭവകഥയാണ് ചിത്രത്തിനാധാരം. അവസാനം കൈ അറുത്തുമാറ്റിയാണ് ആരോണ്‍ രക്ഷപെടുന്നത്.
എവറസ്റ്റ്
12 ജീവനുകള്‍ പൊലിഞ്ഞ 1996ലെ എവറസ്റ്റ് ദുരന്തം പശ്ചാത്തലമാക്കുന്ന ചിത്രം. രണ്ട് പര്‍വതാരോഹക സംഘങ്ങളുടെ സര്‍വൈവല്‍ പ്രമേയമാക്കുന്ന ചിത്രം സംവിധാനം ചെയ്‍തത് ബാല്‍തസാര്‍ കോര്‍മക്കൂര്‍ ആണ്. 2015ല്‍ പ്രദര്‍ശനത്തിനെത്തി.
കാസ്റ്റ് എവേ
സര്‍വൈവല്‍ ഡ്രാമ ചിത്രങ്ങളില്‍ ലോകമെങ്ങും ഏറെ ആരാധകരെ നേടിയ ചിത്രം. റോബര്‍ട്ട് സെമക്കിസിന്‍റെ സംവിധാനത്തില്‍ 200ല്‍ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രത്തില്‍ നായക കഥാപാത്രമായ ചക്ക് നോളണ്ടിനെ അവതരിപ്പിച്ചത് ടോം ഹാങ്ക്സ് ആയിരുന്നു. ഒരു വിമാനാപകടത്തിനു ശേഷം തെക്കന്‍ പെസഫിക്കിലെ വിജനമായ ഒരു ദ്വീപില്‍ അകപ്പെടുകയാണ് ചിത്രത്തിലെ നായകന്‍. രക്ഷപെടാനുള്ള അയാളുടെ ശ്രമങ്ങളാണ് ചിത്രത്തിന്‍റെ പ്ലോട്ട്.
ദ് ഗ്രേ
ജോയ് കര്‍ണഹന്‍റെ സംവിധാനത്തില്‍ 2011ല്‍ പുറത്തെത്തിയ സര്‍വൈവല്‍ ഡ്രാമ. അലാസ്കയില്‍ ഒരു എണ്ണക്കമ്പനിക്കുവേണ്ടി ജോലി ചെയ്യുന്ന ഒരു സംഘം ഒരു വിമാനാപകടത്തിനു ശേഷം അപകടകരമായ വന്യതയില്‍ അകപ്പെട്ടുപോകുന്നതാണ് ചിത്രത്തിന്റെ പ്ലോട്ട്. അവിടെനിന്നുള്ള അവരുടെ രക്ഷപെടലാണ് ചിത്രം പറയുന്നത്. ലയാം നീസണാണ് ജോണ്‍ ഓട്‍വേ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ചത്.
ട്രാപ്പ്‍ഡ്
വിക്രമാദിത്യ മോട്ട്‍വാനെയുടെ സംവിധാനത്തില്‍ 2016ല്‍ പ്രദര്‍ശനത്തിനെത്തിയ ബോളിവുഡ് ചിത്രം. ശൗര്യ എന്ന കോള്‍ സെന്‍റര്‍ ജീവനക്കാരനായ നായകനായെത്തിയത് രാജ്‍കുമാര്‍ റാവുവാണ്. കാമുകിയുടെ അറേഞ്ച്ഡ് വിവാഹത്തിനു തൊട്ടുമുന്‍പ് അവളുമൊന്നിട്ട് ഒരു പുതിയ ജീവിതം ആരംഭിക്കുന്നതിനുവേണ്ടി ഒരു താമസസ്ഥലം അന്വേഷിച്ചു നടക്കുകയാണ് അയാള്‍. അതിനായുള്ള തെരച്ചിലിനിടെ ഒരു അപ്പാര്‍ട്ട്മെന്‍റില്‍ കുടുങ്ങിപ്പോവുകയാണ് ശൗര്യ. രക്ഷപെടാനുള്ള അയാളുടെ ശ്രമങ്ങളാണ് സിനിമയുടെ പ്ലോട്ട്.
ഹെലെന്‍
മാത്തുക്കുട്ടി സേവ്യറുടെ സംവിധാനത്തില്‍ 2019ല്‍ തിയറ്ററുകളിലെത്തി വിജയം നേടിയ മലയാളം സര്‍വൈവല്‍ ഡ്രാമ. നഗരത്തിലെ ഒരു ഷോപ്പിംഗ് മാളിലെ ചിക്കന്‍ ഹബില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടി സ്ഥാപനത്തിലെ ഫ്രീസര്‍ റൂമില്‍ ഒരു രാത്രി കുടുങ്ങിപ്പോവുന്നതാണ് ചിത്രത്തിന്‍റെ പ്രമേയം. മൈനസ് 18 ഡിഗ്രി താപനിലയില്‍ അവള്‍ എങ്ങനെ മുന്നോട്ടുപോകും എന്ന ഉദ്യേഗത്തിലേക്കാണ് ചിത്രം പ്രേക്ഷകരെ കൊണ്ടുപോവുന്നത്. ചിത്രം തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടു.