വ്യാജ ടെലഗ്രാം ലിങ്കിലൂടെ തന്‍റെ പേരില്‍ തട്ടിപ്പിന് ശ്രമം, മുന്നറിയിപ്പുമായി ഗൗരി കൃഷ്‍ണന്‍

"അത് ഒരു തട്ടിപ്പ് ആണ്. സ്പാം ആണ്"

Gowri Krishnan points out a fake telegram account in her name

പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ നായികയാണ് ഗൗരി കൃഷ്ണന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഗൌരിയുടെ പോസ്റ്റുകള്‍ക്കെല്ലാം വലിയ ഇന്‍ററാക്ഷന്‍സ് ആണ് ലഭിക്കാറ്. ഇന്‍സ്റ്റഗ്രാമിന് പുറമെ സ്വന്തം ചാനലിലൂടെ യുട്യൂബിലും സജീവമാണ് ഗൌരി. ഇപ്പോഴിതാ തന്‍റെ പേരില്‍ ആരോ ഒരു തട്ടിപ്പിന് ശ്രമം നടത്തുന്നതായ വിവരം ആരാധകരെ അറിയിക്കുകയാണ് അവര്‍.

തന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റുകള്‍ക്ക് താഴെ സ്ഥിരമായി ഒരു ടെലഗ്രാം ലിങ്ക് കമന്‍റായി വരുന്നുണ്ടെന്നും ഇത് എന്തോ തട്ടിപ്പാണെന്നും പറയുന്നു ഗായത്രി. 'വളരെ പ്രധാനപ്പെട്ട ഒരു കാര്യം പറയാന്‍ വേണ്ടിയാണ് ഞാന്‍ ഇപ്പോള്‍ വന്നത്. കഴിഞ്ഞ കുറേ ദിവസങ്ങളായി ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ക്ക് താഴെ എല്ലാം ഒരു ടെലഗ്രാം ലിങ്ക് വരുന്നുണ്ട്. ഗൗരികൃഷ്ണന്‍ ഒഫിഷ്യല്‍ ടെലഗ്രാം പേജ് എന്ന് പറഞ്ഞുകൊണ്ടാണ് ലിങ്ക്. ഗിവ് എവേയുടെ ഭാഗമായി ലാപ് ടോപ് കൊടുക്കുന്നുണ്ട് എന്നൊക്കെയാണ് അതില്‍ പറയുന്നത്. അത് ഞാന്‍ അല്ല, ഞാനേ അല്ല. എന്റെ അറിവിലുള്ള കാര്യവും അല്ല. അത് ഒരു തട്ടിപ്പ് ആണ്. സ്പാം ആണ്. ഫേക്ക് അക്കൌണ്ട് ആണ്. ഡി സ്റ്റാര്‍ എന്ന കമ്പനിയുമായി പാര്‍ട്ണര്‍ഷിപ്പില്‍ കൊണ്ടു പോകുന്ന ചാനലാണ് എന്റെ യൂട്യൂബ് ചാനല്‍. ഇക്കാര്യം അവരോട് ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്കും ഇതിനെ പറ്റി അറിവില്ല. അവര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ദയവ് ചെയ്ത് ആരും ആ ലിങ്ക് ഓപണ്‍ ചെയ്യുകയോ അതില്‍ പറഞ്ഞിരിയ്ക്കുന്ന കാര്യങ്ങളിലേക്ക് പോകുകയോ ചെയ്യരുത്. പൂര്‍ണമായും അത് വ്യാജമാണ്. രണ്ട് മൂന്ന് പേരോട് അവര്‍ പണം ആവശ്യപ്പെട്ടു എന്ന് പറയപ്പെടുന്നുണ്ട്. അതൊന്നും ചെയ്യരുത്. ഇത് നിങ്ങളെ അറിയിക്കുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. അത് ഞാന്‍ ചെയ്യുന്നു. ചതിക്കുഴിയില്‍ പോയി പെടാതിരിക്കുക'- ഗൗരി കൃഷ്ണന്‍ പറയുന്നു.

ALSO READ : കവിയും ​ഗാനരചയിതാവുമായ ബീയാര്‍ പ്രസാദ് അന്തരിച്ചു

Latest Videos
Follow Us:
Download App:
  • android
  • ios