'ഹാഫ്' പ്രഖ്യാപിച്ച് ഗോളം സംവിധായകന്‍; വരുന്നത് വാംപയര്‍ ആക്ഷന്‍ ചിത്രം
ഗോളത്തിന്‍റെ നിര്‍മ്മാതാക്കളാണ് പുതിയ ചിത്രവും നിര്‍മ്മിക്കുന്നത്
ഗോളം എന്ന ചിത്രത്തിലൂടെ വലിയ പ്രേക്ഷകശ്രദ്ധ നേടിയ സംവിധായകനാണ് സംജാദ്. രഞ്ജിത്ത് സജീവിനെ നായകനാക്കി സംജാദ് സംവിധാനം ചെയ്ത ചിത്രം ഇന്‍വെസ്റ്റിഗേറ്റീവ് ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍പ്പെട്ട ഒന്നായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ശ്രദ്ധേയ ചിത്രങ്ങളിലൊന്നായ ഗോളം തിയറ്ററിന് ശേഷം ഒടിടി റിലീസിലും പ്രേക്ഷകപ്രീതി നേടിയിരുന്നു. ഇപ്പോഴിതാ അടുത്ത ചിത്രവുമായി പ്രേക്ഷകരിലേക്ക് എത്താന്‍ ഒരുങ്ങുകയാണ് അദ്ദേഹം. ഹാഫ് എന്ന പേരില്‍ ഒരുങ്ങുന്ന അദ്ദേഹത്തിന്‍റെ അടുത്ത ചിത്രം പ്രഖ്യാപിച്ചു.
കഥാപാത്രങ്ങളൊന്നുമില്ലാതെ നിഗൂഢതയുണര്‍ത്തുന്ന ടൈറ്റില്‍ പോസ്റ്ററിനൊപ്പമാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. അസ്തമയ സൂര്യനും ഒരു കാറും ചോരപ്പാടുകളുമൊക്കെ ചേര്‍ന്നാണ് ടൈറ്റില്‍ പോസ്റ്റര്‍. ചിത്രം വാമ്പയര്‍ ആക്ഷന്‍ ഗണത്തില്‍ പെടുന്ന ഒന്നായിരിക്കുമെന്ന് സംവിധായകന്‍ അറിയിക്കുന്നു. ഗോളം ടീം തന്നെയാണ് വീണ്ടും ഒന്നിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ഗോളത്തിന്‍റെ നിര്‍മ്മിച്ച ആനും സജീവും ചേര്‍ന്നാണ് ഹാഫ് എന്ന ചിത്രവും നിര്‍മ്മിക്കുന്നത്. ഗോളത്തില്‍ നായകനായി എത്തിയ രഞ്ജിത്ത് സജീവ് തന്നെയാവും ചിത്രത്തിലെ നായകന്‍ എന്നാണ് പ്രേക്ഷകരുടെ അനുമാനം. അതേസമയം താരനിരയെക്കുറിച്ച് മറ്റ് സൂചനകളൊന്നും എത്തിയിട്ടില്ല.
രഞ്ജിത്ത് സജീവിനൊപ്പം ദിലീഷ് പോത്തനും സണ്ണി വെയ്നുമാണ് ഗോളത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. പ്രവീൺ വിശ്വനാഥും സംജാദും ചേര്‍ന്നായിരുന്നു രചന. ജൂണ്‍ 7 ന് തിയറ്ററുകളില്‍ എത്തിയ ചിത്രം രണ്ട് മാസങ്ങള്‍ക്കിപ്പുറം പ്രമുഖ ഒടിടി പ്ലാറ്റ്ഫോം ആയ ആമസോണ്‍ പ്രൈം വീഡിയോയിലൂടെ സ്ട്രീമിംഗും ആരംഭിച്ചു.
ALSO READ : വിവാദങ്ങള്‍ക്ക് വിട; 'കൊറഗജ്ജ' 5 ഭാഷകളില്‍ തിയറ്ററുകളിലേക്ക്