തമിഴ്നാടും കീഴടക്കാന്‍ ചിരഞ്ജീവിയുടെ 'ഗോഡ്ഫാദര്'; റിലീസ് പ്രഖ്യാപിച്ചു
സല്മാന് ഖാന് അതിഥിവേഷത്തില്‍ എത്തുന്നുണ്ട് ചിത്രത്തില്‍
മലയാളത്തിലെ എക്കാലത്തെയും വലിയ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍. പൃഥ്വിരാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്ന ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ആയിരുന്നു ഒക്ടോബര്‍ 5 ന് തിയറ്ററുകളിലെത്തിയ ഗോഡ്ഫാദര്. തിയറ്ററുകളില്‍ മികച്ച പ്രദര്‍ശനവിജയം നേടിക്കൊണ്ടിരിക്കുന്ന ചിത്രം ഇപ്പോഴിതാ തമിഴ്നാട്ടിലേക്കും എത്തുകയാണ്. ഒക്ടോബര്‍ 14 ന് ആണ് ഗോഡ്ഫാദറിന്റെ തമിഴ്നാട് റിലീസ്.
മോഹന്‍ രാജ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ എക്സ്റ്റന്‍ഡഡ് കാമിയോ റോളില്‍ സല്മാന് ഖാന് അഭിനയിച്ചിട്ടുണ്ട്. ഇതോടെ ഒരു പാന്‍ ഇന്ത്യന്‍ അപ്പീല്‍ ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. റിലീസ് ദിനം മുതല്‍ തെലുങ്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച അഭിപ്രായം നേടിയ ചിത്രം ആദ്യ രണ്ട് ദിനങ്ങളില്‍ ആകെ നേടിയ ഗ്രോസ് 69.12 കോടിയാണെന്നാണ് ഔദ്യോഗിക കണക്കുകള്‍. നാലാം ദിനത്തില്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ഇടംനേടിയതായി ട്രേഡ് അനലിസ്റ്റുകള്‍ അറിയിച്ചിരുന്നു.
ചിത്രത്തിന്റെ വിജയത്തില്‍ പ്രേക്ഷകര്‍ക്കും ഒപ്പം അതിഥിവേഷത്തില്‍ എത്തിയ സല്മാന് ഖാനും നന്ദി പറഞ്ഞ് ചിരഞ്ജീവി രംഗത്തെത്തിയിരുന്നു. അതേസമയം ഉത്തരേന്ത്യയില്‍ മികച്ച പ്രതികരണം ലഭിക്കുന്നതിനാല്‍ അവിടെ മറ്റൊരു 600 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സല്മാന് തെലുങ്കില്‍ അവതരിപ്പിക്കുന്നത്. ചിരഞ്ജീവിയുടെ കരിയറിലെ 153-ാം ചിത്രവുമാണ് ഇത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വില്‍പ്പനയായതായും അപ്ഡേറ്റ് എത്തിയിരുന്നു. പുറത്തെത്തിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം നെറ്റ്ഫ്ലിക്സിനാണ് ചിത്രത്തിന്റെ സ്ട്രീമിംഗ് റൈറ്റ്സ്.
മൂന്ന് സംവിധായകരുടെ പേരുകള്‍ വന്നുപോയതിനു ശേഷമാണ് മോഹന്‍ രാജയുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകനായി ആദ്യം കേട്ടത് പുഷ്പ ഒരുക്കിയ സുകുമാറിന്റെ പേരായിരുന്നു. എന്നാല്‍ ഇത് സ്ഥിരീകരിച്ച വിവരമായിരുന്നില്ല. പിന്നീട് സാഹൊ ഒരുക്കിയ സുജീതിന്റെ പേരും ലൂസിഫര്‍ റീമേക്കിന്റെ സംവിധായകനായി കേട്ടു. എന്നാല്‍ സുജീത് നല്കിയ ഫൈനല്‍ ഡ്രാഫ്റ്റില്‍ തൃപ്തി പോരാഞ്ഞ് ചിരഞ്ജീവി അദ്ദേഹത്തെയും നീക്കിയെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ആദി, ടാഗോര്‍, ബണ്ണി തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ വി വി വിനായകിന്റെ പേരും പിന്നീട് ഉയര്‍ന്നുകേട്ടിരുന്നു. പിന്നീടാണ് ചിത്രം സംവിധാനം ചെയ്യാന്‍ പോകുന്ന വിവരം മോഹന്‍ രാജ തന്നെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.