മുഷിപ്പ് നിറഞ്ഞ ജീവിതം വിട്ടൊരു ടൈം ട്രാവൽ; ബന്ധങ്ങളുടെ ആഴം പറഞ്ഞ 'ഗോ ബാക്ക് കപ്പിൾ'- റിവ്യു
'വിവാഹമോചനം ഉറപ്പിച്ച ദിവസം ഉറങ്ങാൻ കിടക്കുന്ന ദമ്പതികള്‍ ഉണരുന്നത് 20 കൊല്ലം മുമ്പാണ്'- രസകരമായ ടൈം ട്രാവല്‍ കഥയുമായി 'ഗോ ബാക്ക് കപ്പിൾ'.
കെ ഡ്രാമ സൃഷ്‍ടാക്കൾക്ക് പ്രിയപ്പെട്ട വിഷയങ്ങളായ പ്രണയവും ടൈം ട്രാവലും ഒരുമിച്ച് എത്തുന്ന പരമ്പരയാണ് 'ഗോ ബാക്ക്' അഥവാ 'ഗോ ബാക്ക് കപ്പിൾ'. 12 എപ്പിസോഡിൽ തീരുന്ന പരമ്പര നമ്മെ രസിപ്പിക്കുക മാത്രമല്ല ചെയ്യുക. നമുക്ക് ഒപ്പമുള്ളവരെ നാം എങ്ങനെ പരിഗണിക്കുന്നു, സ്നേഹിക്കുന്നു, കരുതുന്നു എന്നൊക്കെ ഓർക്കാനും പ്രേരിപ്പിക്കുന്നു.
ചോയ് ബാൻ ഡുവും മാ ജിൻ ജുവും ഭാര്യയും ഭർത്താവും ആണ്. മൂന്ന് വയസ്സുകാരൻ മകനുണ്ട് അവർക്ക്. 38 വയസ്സാണ് രണ്ടു പേരുടെയും പ്രായം. കോളേജ് പഠനകാലത്തെ പ്രണയത്തിന് ശേഷമാണ് അവർ വിവാഹിതരായത്. ഇപ്പോൾ പക്ഷേ രണ്ടു പേരുടെയും ജീവിതത്തിൽ അത്ര മധുരമില്ല.ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയ്ൽസ്‍മാൻ ആണ് ബാൻ ഡു. ബോസിനെ പ്രീതിപ്പെടുത്തലും ഉപഭോക്താക്കളെ സോപ്പിടലും കണക്കുകളുടെ സമ്മർദവും വരവും ചെലവും ഒത്തിണക്കാനും ഒക്കെയുള്ള പെടാപാടിലാണ് ബാൻ ഡു. ജിൻ ജു വീട്ടമ്മയാണ്. മകനു പിന്നാലെയുള്ള ഓട്ടവും വീട്ടുച്ചെലവ് നടത്താനുള്ള ബുദ്ധിമുട്ടും പിന്നെ വീട്ടുജോലിയുടെ മുഷിപ്പും. വൃത്തിരാക്ഷസി എന്ന് പേരുണ്ടായിരുന്ന ജിൻ ജുവിന് ഇപ്പോൾ കറയും പാടുമുള്ള ഉടുപ്പിടാൻ പോലും മടിയില്ലാത്ത അല്ലെങ്കിൽ അതൊന്നും ശ്രദ്ധിക്കാൻ നേരം ഇല്ലാത്ത മനസ്സാണ് ഇപ്പോൾ. ബാൻ ഡു തന്നെ ശ്രദ്ധിക്കുന്നില്ലെന്ന തോന്നലും ഉണ്ട് അവൾക്ക്. സ്വന്തമായി ജോലിയും വരുമാനവും ഇല്ലാത്തതിന്റെ വിഷമം വേറെ. വെറുപ്പിന്റെയും മടുപ്പിന്റേയും ലോകത്ത് വല്ലാതെ ശ്വാസം മുട്ടിയ സമയത്ത് രണ്ടു പേരും വിവാഹമോചനത്തിന് തീരുമാനിച്ചു. നമ്മൾ അന്ന് കണ്ടുമുട്ടിയിരുന്നില്ലായിരുന്നുവെങ്കിൽ എന്ന് പരസ്‍പരം പറഞ്ഞു.
വിവാഹമോചനം ഉറപ്പിച്ച ദിവസം ഉറങ്ങാൻ കിടക്കുന്ന അവർ ഉണരുന്നത് 20 കൊല്ലം മുമ്പാണ്. അവരവരുടെ വീടുകളിൽ. കോളേജ് മുറിയിൽ പഴയ സ്നേഹിതർക്കൊപ്പം അവർ വീണ്ടും എത്തുന്നു. പഴയ അനുഭവങ്ങൾ മുന്നിലെത്തുന്നു. ഭാവിയുടെ അറിവോടെ അവർ അത് കൈകാര്യം ചെയ്യുന്നു. മകനെ കാണാത്തതിന്റെ വിഷമം രണ്ടു പേർക്കും ഉണ്ട്. അപ്പോഴും അച്ഛനും അമ്മയും കൂടപ്പിറപ്പുകളും കൂട്ടുകാരും വീണ്ടും ഒപ്പം എത്തുന്നതിന്റെ സന്തോഷവും ഉണ്ട്. ജിൻ ജുവിന് പ്രത്യേകിച്ചും സന്തോഷം, മരിച്ചുപോയ അമ്മയുടെ ഒപ്പം എത്താൻ പറ്റിയതിലാണ്. ജിൻ ജുവിനും ബാൻ ഡുവിനും അവരോട് തിരിച്ചും ആകർഷണം തോന്നിയ സഹപാഠികൾ വീണ്ടും അവർക്കിടയിലേക്ക് എത്തുമ്പോഴുള്ള കൗതുകവും അസൂയയും ഒക്കെ അവരുടെ മടങ്ങിവരവ് രസകരമാക്കുന്നുണ്ട്. അതുപോലെ ഒപ്പമുള്ള ചങ്ങാതിമാരുടെ പ്രണയവും എല്ലാവരും കൂടി ഒപ്പിക്കുന്ന വികൃതികളും ചെന്നു ചാടുന്ന പ്രശ്‍നങ്ങളും എല്ലാം കോളേജ് കാലം വീണ്ടും രസകരമാക്കുന്നു. ഭാവി എന്ത് എന്ന് അറിയാം എന്നുള്ളതു കൊണ്ടുതന്നെ ജിൻ ജുവും ബാൻ ഡുവും അതിന് അനുസരിച്ച് കുടുംബത്തെ ഭൂമി വാങ്ങാനും സ്നേഹിതരോട് ഭാവിയെ കുറിച്ച് ഉപദേശിക്കാനും മറക്കുന്നില്ല. രണ്ടു പേരുടെയും കൂട്ടുകാർ നേരിടുന്ന വിവിധ പ്രശ്‍നങ്ങളും അവരുടെ ആശങ്കകളും പ്രണയവും എല്ലാം കഥയ്‍ക്ക് കൂടുതൽ വൈവിധ്യം നൽകുന്നു. ജിൻ ജു തന്റെ ഇഷ്‍ടങ്ങളും ഹോബികളും മാറ്റിവെക്കുന്നതും ബാൻ ഡു സ്വപ്‍നങ്ങൾ മാറ്റിവെച്ച് കുടുംബത്തിന് വേണ്ടി ജോലിയെടുക്കാൻ തീരുമാനിക്കുന്നതും എല്ലാം ഭാവിയുടെ ബോധ്യത്തിൽ നിന്ന് അവർ രണ്ടു പേരും മനസ്സിലാക്കുന്നു. പിന്നീട് എന്ത് എങ്ങനെ എന്നതാണ് സീരിസിന്റെ അവസാന ഭാഗങ്ങളെ രസകരവും ആസ്വാദ്യകരവും ആക്കുന്നത്. സോൻ ഹോ ജുൻ, ജാങ് നാ റാ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹ്യോ ജങ് മിൻ, ഗോ ബോ ഗ്യോൾ, ഹാൻ ബോ റ്യൂം, ജങ് കി യോങ്, കിം മി ക്യുങ്, ഇം ജി ക്യു, കിം ബ്യോങ് ഒകെ തുടങ്ങി പല തലമുറ അഭിനേതാക്കൾ പരമ്പരക്ക് മിഴിവേകുന്നു.
നിത്യജീവിതത്തിന്റെ മുഷിപ്പും പ്രാരാബ്‍ധങ്ങളും ബന്ധങ്ങളുടെ ഊഷ്‍മളതയെ എങ്ങനെ ബാധിക്കുന്നു എന്നതും മനസ്സിലാക്കലും കരുതലും എങ്ങനെ ബന്ധങ്ങളെ കൂടുതൽ ശക്തിപ്പെടുത്തുന്നു എന്നതും പരമ്പര നമ്മളെ ബോധ്യപ്പെടുത്തുന്നു. അതു തന്നെയാണ് ഈ കെ ഡ്രാമയുടെ വിജയവും.
Read More: ഫാന്റസിയും പ്രണയവും നിറച്ച 'സീക്രട്ട് ഗാർഡൻ', ഒപ്പം ഹ്യൂ ബിന്നിന്റെ താരോദയവും