'കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക'; അല്ലെങ്കില്‍ മലയാള സിനിമയോടുള്ള അനീതിയെന്ന് ഒമര്‍ ലുലു
ലിയോ കണ്ടതിന് ശേഷമാണ് ഒമര്‍ കുറിപ്പുമായി എത്തിയിരിക്കുന്നത്.
കേരളത്തില്‍ ഒരു സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ സ്ക്രീന്‍ കൌണ്ട് ആണ് ലിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. 655 സ്ക്രീനുകള്‍! ഇതുവരെ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളിക്കൊണ്ടാണ് ലിയോയുടെ നേട്ടം. ലിയോ എത്തുമ്പോള്‍ അത് നിലവില്‍ തിയറ്ററുകളിലുണ്ടായിരുന്ന മലയാള ചിത്രം കണ്ണൂര്‍ സ്ക്വാഡിന്‍റെ മുന്നോട്ടുപോക്കിന് തടസം സൃഷ്ടിക്കുമോ എന്നത് സിനിമാപ്രേമികള്‍ക്കിടയിലെ ഒരു ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ സംവിധായകന്‍ ഒമര്‍ ലുലുവിന്‍റെ സോഷ്യല്‍ മീഡിയ പോസ്റ്റ് ശ്രദ്ധ നേടുകയാണ്. കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കണമെന്ന് ഒമര്‍ അഭിപ്രായപ്പെടുന്നു. ലിയോ കണ്ടതിന് ശേഷമാണ് ഒമര്‍ കുറിപ്പുമായി എത്തിയിരിക്കുന്നത്.
"ലിയോ കണ്ടു. ഒരു വണ്‍ ടൈം വാച്ചബിള്‍ സിനിമ. കണ്ണൂര്‍ സ്ക്വാഡിന് വീണ്ടും തിയറ്റര്‍ കൊടുക്കുക. ഇല്ലെങ്കില്‍ മലയാള സിനിമയോട് തിയറ്റര്‍ ഉടമകള്‍ ചെയ്യുന്നത് അനീതിയാവും", ഒമര്‍ ലുലു കുറിച്ചു. അതേസമയം ലിയോ കണ്ണൂര്‍ സ്ക്വാഡിന് ഭീഷണി സൃഷ്ടിക്കുന്നില്ലെന്ന് തിയറ്റര്‍ ഉടമകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് നേരത്തെ പ്രതികരിച്ചിരുന്നു.
ലിയോ വരുമ്പോള്‍ കണ്ണൂര്‍ സ്ക്വാഡിന് ഇപ്പോഴുള്ള തിയറ്ററുകളുടെ എണ്ണം സ്വാഭാവികമായും കുറയുമെന്നും എന്നാല്‍ നാലാം വാരത്തിലേക്ക് കടക്കുന്ന ഒരു ചിത്രത്തിന് അത്രയും തിയറ്ററുകള്‍ മതിയാവുമെന്നും തിയറ്റര്‍ ഉടമയും ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്‍റുമായ ലിബര്‍ട്ടി ബഷീര്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് പറഞ്ഞിരുന്നു. "ആ സമയത്ത് അത്രയും തിയറ്ററുകള്‍ മതി എന്നതാണ് വാസ്തവം. റിലീസ് സമയത്ത് മള്‍ട്ടിപ്ലെക്സുകളില്‍ മൂന്നും നാലും സ്ക്രീനുകളില്‍ കളിച്ച ചിത്രത്തിന് ഇപ്പോള്‍ ഒരു സ്ക്രീന്‍ മതിയാവും. അത്രയും ആളേ ഉണ്ടാവൂ. പണ്ട് അറുപതും എഴുപതും തിയറ്ററുകളിലായിരുന്നു റിലീസ് എങ്കില്‍ ഇന്ന് 250- 300 തിയറ്ററുകളിലാണ്. അപ്പോള്‍ അത്രയും പ്രേക്ഷകര്‍ സിനിമ കണ്ടുകഴിഞ്ഞു. മറ്റൊരു കാര്യം ഈ വാരം ലിയോ റിലീസ് ആയാലും കാണാന്‍ പുതിയ മലയാള സിനിമയൊന്നും എത്തുന്നില്ല. അതിന്‍റെ ആനുകൂല്യം മമ്മൂട്ടിപ്പടത്തിന് കിട്ടും", ലിബര്‍ട്ടി ബഷീറിന്‍റെ വാക്കുകള്‍.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക