വരുന്നത് സര്‍പ്രൈസ് ഹിറ്റ്? ഉണ്ണി മുകുന്ദന്‍റെ തമിഴ് ചിത്രം എങ്ങനെ? 'ഗരുഡന്‍' ആദ്യ പ്രതികരണങ്ങള്‍ പുറത്ത്
റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു പ്രീമിയര്‍ ഷോ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു
13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് തമിഴ് സിനിമയിലൂടെയായിരുന്നു ഉണ്ണി മുകുന്ദന്‍റെ സിനിമാ അരങ്ങേറ്റം. നന്ദനത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിക്കപ്പെട്ട സീഡന്‍ ആയിരുന്നു അത്. പിന്നീട് അനുഷ്കയ്ക്കൊപ്പം അഭിനയിച്ച ഭാഗ്മതി തെലുങ്കിലും തമിഴിലുമായി എത്തി. ഇപ്പോഴിതാ ഉണ്ണി മുകുന്ദന്‍ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്ന മറ്റൊരു തമിഴ് ചിത്രം ഇന്ന് തിയറ്ററുകളില്‍ എത്തുകയാണ്. എതിര് നീച്ചല്‍, കാക്കി സട്ടൈ അടക്കമുള്ള ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ സംവിധാനം ചെയ്ത ഗരുഡന്‍ ആണ് ആ ചിത്രം. തിയറ്ററുകളിലെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് മുന്‍പേ ഗരുഡനെക്കുറിച്ചുള്ള ആദ്യ അഭിപ്രായങ്ങള്‍ എത്തിയിട്ടുണ്ട്.
റിലീസിന് മുന്നോടിയായി ചിത്രത്തിന്‍റെ ഒരു പ്രീമിയര്‍ ഷോ ഇന്നലെ ചെന്നൈയില്‍ നടന്നിരുന്നു. പ്രമുഖ ട്രേഡ് അനലിസ്റ്റുകളും ട്രാക്കര്‍മാരും എന്‍റര്‍ടെയ്ന്‍മെന്‍റ് ജേണലിസ്റ്റുകളുമൊക്കെ പങ്കെടുത്ത പ്രീമിയറില്‍ നിന്ന് ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. മൂന്ന് പുരുഷന്മാര്‍ക്കിടയിലുള്ള സൗഹൃദം, ഈഗോ, ചതി ഇവയെക്കുറിച്ചുള്ള ചിത്രമാണ് ഗരുഡനെന്ന് ശ്രീദേവി ശ്രീധര്‍ ട്വിറ്ററില്‍ കുറിച്ചു. സൂരി, ശശികുമാര്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂരിയുടെ പ്രകടനം ഗംഭീരമെന്നും ശശികുമാറിന്‍റേത് മികച്ച കാസ്റ്റിംഗ് ആണെന്നും ഉണ്ണി മുകുന്ദന്‍റേത് കരുത്തുറ്റ പ്രകടനമെന്നും ശ്രീദേവി ശ്രീധര്‍ കുറിച്ചിട്ടുണ്ട്.
2024 ല്‍ ഇതുവരെ വന്നതില്‍ മികച്ച തമിഴ് സിനിമ എന്നാണ് ലെറ്റ്സ് സിനിമ എന്ന പേജ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. മികച്ച റൂറല്‍ ആക്ഷന്‍ ഡ്രാമയാണ് ചിത്രമെന്നും ഇമോഷനും ആക്ഷനുമുള്ള മികച്ച തിരക്കഥയാണ് ചിത്രത്തിന്‍റേതെന്നും കാര്‍ത്തിക് രവിവര്‍മ്മ ട്വിറ്ററില്‍ കുറിച്ചു. ശശികുമാറിന്‍റെയും ഉണ്ണി മുകുന്ദന്‍റെയും കഥാപാത്രങ്ങള്‍ കൊള്ളാമെന്നും. തമിഴ് സിനിമയില്‍ ഈ വര്‍ഷത്തെ മികച്ച സിനിമയാണ് ഗരുഡനെന്ന് ട്രേഡ് അനലിസ്റ്റ് ആയ രാജശേഖറും കുറിച്ചിരിക്കുന്നു. തിയറ്ററില്‍ മിസ് ചെയ്യരുതാത്ത സിനിമയാണ് ഇതെന്നും.
ആര്‍ എസ് ദുരൈ സെന്തില്‍കുമാര്‍ തന്നെ രചനയും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ രേവതി ശര്‍മ്മ, ശിവദ, റോഷിണി ഹരിപ്രിയന്‍, സമുദ്രക്കനി, മീം ഗോപി തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം.
ALSO READ : മമിത ബൈജു വീണ്ടും തമിഴിലേക്ക്; നായകന്‍ പ്രദീപ് രംഗനാഥന്‍