സുരേഷ് ഗോപിയുടെ ഗരുഡന്‍ കിടുക്കിയോ?; പ്രേക്ഷക പ്രതികരണം ഇങ്ങനെ
ഇന്നലെ നടന്ന പ്രിവ്യൂവില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു.
തിരുവനന്തപുരം: സുരേഷ് ഗോപിയുടെ ഈ വര്‍ഷത്തെ ആദ്യ ചിത്രം തീയറ്ററില്‍ എത്തിയിരിക്കുകയാണ്. നവാഗതനായ അരുണ്‍ വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോന്‍ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ കേരളത്തിലെ ആദ്യ പ്രദര്‍ശനങ്ങള്‍ രാവിലെ 9 മണിയോടെയേ ആരംഭിച്ച് കഴിഞ്ഞപ്പോള്‍ ആദ്യഘട്ടത്തില്‍ മികച്ച അഭിപ്രായങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
ഇന്നലെ നടന്ന പ്രിവ്യൂവില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നേരത്തെ പ്രചരിച്ചിരുന്നു. കൊച്ചി പിവിആര്‍ ലുലുവില്‍ ഇന്നലെ രാത്രി 7 മണിക്കായിരുന്നു പ്രിവ്യൂ. ഇന്ന് വമ്പന്‍ അഭിപ്രായങ്ങളാണ് ആദ്യഷോയ്ക്ക് ശേഷം സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. മിഥുന്‍റെ മികവുറ്റ തിരക്കഥയില്‍ നന്നായി സംവിധാനം ചെയ്യപ്പെട്ടിരിക്കുന്ന ചിത്രമെന്നാണ് ചിത്രത്തെക്കുറിച്ചുള്ള പൊതു അഭിപ്രായം. ആദ്യാവസാനം പിടിച്ചിരുത്തുന്ന ചിത്രമെന്നും തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സ് എന്നും മറ്റു ചിലര്‍ കുറിക്കുന്നു.
പ്രകടനങ്ങളില്‍ സുരേഷ് ഗോപിക്കും ബിജു മേനോനും ഒരേപോലെ കൈയടി ലഭിക്കുന്നുണ്ട്. സമീപകാല മലയാള സിനിമയിലെ ഏറ്റവും മികച്ച ത്രില്ലര്‍ എന്ന അഭിപ്രായവും ഉയരുന്നുണ്ട്. അഞ്ചാം പാതിരാ അടക്കമുള്ള ചിത്രങ്ങള്‍ സംവിധാനം ചെയ്ത മിഥുന്‍ മാനുവല്‍ തോമസ് ആണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.
ലീഗൽ ത്രില്ലർ ഗണത്തിൽ പെടുന്ന ചിത്രമാണ് ഗരുഡന്‍. 12 വർഷത്തിന് ശേഷമാണ് സുരേഷ് ഗോപിയും ബിജു മേനോനും വീണ്ടും ബിഗ് സ്‌ക്രീനിൽ ഒന്നിക്കുന്നതെന്ന പ്രത്യകേതയുമുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ഗരുഡൻ നിർമ്മിക്കുന്നത്. അഭിരാമിയാണ് നായികയായി എത്തുന്നത്. സുരേഷ് ഗോപി വീണ്ടും പൊലീസ് വേഷത്തില്‍ എത്തുകയാണ് ഈ ചിത്രത്തിലൂടെ. നിഷാന്ത് എന്ന കോളേജ് പ്രൊഫസർ ആയാണ് ബിജു മേനോൻ വേഷമിടുന്നത്.
ദിവ്യ പിള്ള, മാളവിക, ജഗദീഷ്, സിദ്ധിഖ്, നിഷാന്ത് സാഗർ, തലൈവാസൽ വിജയ്, ദിലീഷ് പോത്തൻ, മേജർ രവി, ബാലാജി ശർമ, സന്തോഷ് കീഴാറ്റൂർ, രഞ്ജിത്ത് കാങ്കോൽ, ജെയ്സ് ജോസ്, ജോസുകുട്ടി, ചൈതന്യ പ്രകാശ് തുടങ്ങി വമ്പൻ താരനിര അണിനിരക്കുന്ന ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ്. ജേക്സ് ബിജോയ് ആണ് സംഗീതം ഒരുക്കിയിരിക്കുന്നത്. കടുവ, ജനഗണമന എന്നീ ചിത്രങ്ങൾക്ക് ശേഷം മാജിക് ഫ്രെയിംസിന് വേണ്ടി ജേക്സ് ബിജോയ് വീണ്ടും സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണ് 'ഗരുഡൻ'.
തന്‍റെ 'തേജസ്' ചിത്രത്തെ വെറുക്കുന്നവര്‍ എല്ലാം ദേശവിരുദ്ധരാണ്: കങ്കണ
മലയാളത്തിന്‍റെ 'പടത്തലവന്‍റെ' ചരിത്ര കുതിപ്പ്: ഒടുവില്‍ ആ അവിസ്മരണീയ നേട്ടവും കണ്ണൂര്‍ സ്ക്വാഡിന്