'ജൂനിയര്‍ ഗന്ധര്‍വ്വ'നാവാന്‍ ഉണ്ണി മുകുന്ദന്‍; പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപനം
മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലാണ് നിര്‍മ്മാതാക്കള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്
ഉണ്ണി മുകുന്ദന്‍റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം നായകനാവുന്ന പുതിയൊരു ചിത്രം കൂടി പ്രഖ്യാപിച്ചു. ഗന്ധര്‍വ്വ ജൂനിയര്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിഷ്‍ണു അരവിന്ദ് ആണ്. സെക്കന്‍ഡ് ഷോ, കല്‍ക്കി തുടങ്ങിയ ചിത്രങ്ങളില്‍ സഹ സംവിധായകനായിരുന്ന വിഷ്ണുവിന്‍റെ സംവിധാന അരങ്ങേറ്റമാണ് ചിത്രം. പ്രവീണ്‍ പ്രഭാറാമും സുജിന്‍ സുജാതനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. കൽക്കിക്കു ശേഷം ഇരുവരും ചേര്‍ന്നൊരുക്കുന്ന തിരക്കഥയാണ് ഗന്ധര്‍വ്വ ജൂനിയറിന്‍റേത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ഫാന്റസിയും ഒപ്പം ഹാസ്യവും കലര്‍ന്ന ചിത്രമാണിതെന്ന് അണിയറക്കാര്‍ അറിയിച്ചു. ഒരു ഗന്ധർവ്വന്റെ അപ്രതീക്ഷിത വരവ് ഉപകാരവും ഉപദ്രവവും ആവുന്ന നർമ്മ നിമിഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ട് പോകുന്നത്. ജെ എം ഇന്‍ഫോടെയ്ന്‍മെന്‍റും ലിറ്റില്‍ ബിഗ് ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മലയാളമുള്‍പ്പെടെ ആറ് ഭാഷകളിലാണ് നിര്‍മ്മാതാക്കള്‍ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ്, ടൊവിനോ അടക്കമുള്ള താരങ്ങളാണ് ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയത്.
ALSO READ : ബോളിവുഡിന്‍റെ കൈയടി നേടിയ ദുല്‍ഖര്‍; 'ഛുപി'ന് കേരളത്തിലും മികച്ച സ്ക്രീന്‍ കൗണ്ട്
അതേസമയം ഉണ്ണി മുകുന്ദന്‍ നായകനാവുന്ന മറ്റൊരു ചിത്രവും ഇന്ന് പ്രഖ്യാപിച്ചിരുന്നു. യമഹ എന്നു പേരിട്ടിരിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് മറ്റൊരു നവാഗതനായ ഉല്ലാസ് കൃഷ്ണയാണ്. ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ദീപു എസ് നായരും സന്ദീപ് സദാനന്ദനും ചേര്‍ന്നാണ്. ബിഗ് ജെ എന്‍റര്‍ടെയ്ന്‍മെന്‍റ്സിന്‍റെ ബാനറില്‍ ജിന്‍സ് വര്‍ഗീസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ ജോര്‍ജ് ആണ് ഛായാഗ്രഹണം. എഡിറ്റിംഗ് നിഷാദ് യൂസഫ്. സ്റ്റില്‍ ഫോട്ടോഗ്രഫി ജിനു പി കെ, ആക്ഷന്‍ കൊറിയോഗ്രഫി സുപ്രീം സുന്ദര്‍, പബ്ലിസിറ്റി വിപിന്‍ കുമാര്‍, ഡിസൈന്‍സ് സോളമന്‍ ജോസഫ്. രാഹുല്‍ രാജ് ആണ് ചിത്രത്തിന്‍റെ സംഗീത സംവിധായകന്‍.