ഇന്ത്യന്‍ 2വിന്‍റെ ക്ഷീണം തീര്‍ത്തോ ഷങ്കര്‍, രാം ചരണ്‍ ശരിക്കും ഗ്ലോബല്‍ സ്റ്റാറായോ?- ഗെയിം ചേഞ്ചർ പ്രതികരണം!
രാം ചരണും ഷങ്കറും ഒന്നിച്ച ഗെയിം ചേഞ്ചർ തിയേറ്ററുകളിൽ റിലീസ് ചെയ്തു. സോഷ്യൽ മീഡിയയിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഹൈദരാബാദ്: തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരണും സൂപ്പര്‍ സംവിധായകൻ ഷങ്കറും ഒന്നിച്ച ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ഗെയിം ചേഞ്ചർ ഇന്ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തു. ആന്ധ്രാപ്രദേശ്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലും പല തിയേറ്ററുകളിലും അതിരാവിലെ ഷോ നടന്നിരുന്നു. അതിരാവിലെ ഷോ അവസാനിച്ചതോടെ എക്സ് അടക്കം സോഷ്യല്‍ മീഡിയകളില്‍ ചിത്രത്തിന്‍റെ അവലോകനങ്ങള്‍ നിറയുകയാണ്.
എക്‌സിനെക്കുറിച്ചുള്ള നിരവധി അവലോകനങ്ങൾ ഗെയിം ചേഞ്ചറിലെ രാം ചരണിന്‍റെ പ്രകടനത്തെ വാഴ്ത്തുന്നുണ്ട് ആരാധകര്‍. എന്നാല്‍ ചിത്രത്തിന് ചില ആളുകള്‍ സമിശ്രമായ പ്രതികരണമാണ് നടത്തിയത്. ചിത്രം നല്‍കുന്ന സന്ദേശം മികച്ചതാണെന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. ഏതാണ്ട് 450 കോടിയിലേറെ മുടക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
തമിഴ് ട്രാക്കര്‍ മനോബല വിജയബാലന്‍ ഷങ്കറിന്‍റെ തിരിച്ചുവരവ് എന്നാണ് ചിത്രത്തെ വിശേഷിപ്പിച്ചത്. 4 സ്റ്റാര്‍ റൈറ്റിംഗും ഇദ്ദേഹം ചിത്രത്തിന് നല്‍കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ 2 വിനെക്കാള്‍ ഭേദമാണ് എന്നതാണ് ചില എക്സ് റിവ്യൂകളില്‍ അഭിപ്രായം പ്രത്യക്ഷപ്പെട്ടത്. ചിലയിടത്ത് വില്ലനായ എസ്ജെ സൂര്യ രാം ചരണിനെക്കാള്‍ മികച്ച പ്രകടനം നടത്തിയെന്നാണ് ചിലരുടെ അഭിപ്രായം.
ചിത്രത്തിന്‍റെ ഒന്നാം പകുതി ആവറേജ് അനുഭവം ആണെങ്കിലും രണ്ടാം പകുതിയാണ് പ്രധാനമായും ചിത്രത്തിന്‍റെ കരുത്ത് എന്നാണ് മോഹന്‍ എഡിറ്റ് എന്ന അക്കൗണ്ടില്‍ വന്ന റിവ്യൂ പറയുന്നത്. ഗെയിം ചെയ്ഞ്ചറില്‍ മികച്ച ആശയങ്ങൾ ഉണ്ടായിരുന്നു, പക്ഷേ അവ പറഞ്ഞ പഞ്ച് കുറവായിരുന്നു. ചിലയിടത്ത് അസഹനീയമായെങ്കിലും അത്രത്തോളം മോശം എന്ന് പറയാന്‍ പറ്റില്ല. ഷങ്കറിന്‍റെ സ്‌കൂൾ ഓഫ് കൊമേഴ്‌സ്യൽ സിനിമയ്ക്ക് പുതിയ സിലബസ് ആവശ്യമാണ്, എന്നാണ് ഒരു എക്സ് പോസ്റ്റ് റിവ്യൂ ചെയ്തത്.
അച്ഛനും മകനുമായി ഇരട്ട വേഷത്തിലാണ് രാം ചരണ്‍ ചിത്രത്തില്‍ എത്തുന്നത്. ഷങ്കര്‍ ചിത്രങ്ങളില്‍ സാധാരണമായ വമ്പന്‍ കാന്‍വാസ് കാണാവുന്ന ചിത്രത്തില്‍ രാം ചരണിനൊപ്പം കിയാര അദ്വാനി, സമുദ്രക്കനി, എസ് ജെ സൂര്യ, ശ്രീകാന്ത്, സുനില്‍, ജയറാം, നവീന്‍ ചന്ദ്ര, വെണ്ണല കിഷോര്‍, വിജയ കൃഷ്ണ നരേഷ്, ബ്രഹ്‍മാനന്ദം, രാജീവ് കനകല, രഘു ബാബു, പ്രിയദര്‍ശി പുലികൊണ്ട, സത്യ അക്കല, വെങ്കടേഷ് കകുമാനു, ചൈതന്യ കൃഷ്ണ, വിവ ഹര്‍ഷ, സുദര്‍ശന്‍, പൃഥ്വി രാജ്, റോക്കറ്റ് രാഘവ, പ്രവീണ തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
'ഗെയിം ചേഞ്ചര്‍' ഈവന്‍റിന് പിന്നാലെ രണ്ട് ആരാധകരുടെ മരണം; സഹായം പ്രഖ്യാപിച്ച് നിര്‍മ്മാതാവ്