'ഇന്ത്യന്‍ താത്തയുടെ ക്ഷീണം തീര്‍ക്കുമോ ഗെയിം ചെയ്ഞ്ചര്‍ ?': പക്ഷെ പുതിയ പാട്ട് ഇറക്കിയപ്പോള്‍ സംഭവിച്ചത് !
രാം ചരൺ നായകനായ ഗെയിം ചെയ്ഞ്ചറിലെ പുതിയ ഗാനം 'രാ മച്ചാ മച്ചാ' പുറത്തിറങ്ങി. തകർപ്പൻ ഡാൻസുമായി എത്തുന്ന ഗാനത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.
ഹൈദരാബാദ്: രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിലെ പുതിയ ഗാനം പുറത്തിറങ്ങി. രാ മച്ചാ മച്ചാ എന്ന് തുടങ്ങുന്ന ഗാനത്തിന്‍റെ ലിറിക്സ് വീഡിയോയാണ് തിങ്കളാഴ്ച റിലീസ് ചെയ്തിരിക്കുന്നത്. ഇതിനകം 2.5 മില്ല്യണ്‍ വ്യൂ ഗാനത്തിന് ലഭിച്ചിട്ടുണ്ട്.
എല്ലാ സിനിമകളെയും പോലെ ഈ ഗാനരംഗത്ത് തകർപ്പൻ ഡാൻസ് നമ്പറുമായാണ് രാം ചരൺ ഗാനത്തില്‍ എത്തിയിരിക്കുന്നത്. തമൻ എസ് ആണ് ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത്. അനന്ത ശ്രീറാം എഴുതിയ വരികൾ ആലപിച്ചിരിക്കുന്നത് നകാഷ് അസീസ് ആണ്. ഇന്ത്യന്‍ 2 എന്ന വന്‍ തിരിച്ചടി ലഭിച്ച ചിത്രത്തിന് ശേഷം ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗെയിം ചെയ്ഞ്ചര്‍.
2021 രണ്ടാം പകുതിയിൽ ചിത്രീകരണം ആരംഭിച്ച ഗെയിം ചെയ്ഞ്ചറിൽ കിയാര അദ്വാനിയാണ് നായികയായി എത്തുന്നത്. ചിത്രത്തിലെ 'ജരകണ്ഡി' എന്ന ഗാനം മുന്‍പ് ഇറങ്ങിയിരുന്നു. ചിത്രം ഈ വർഷം ക്രിസ്മസ് റിലീസായി എത്തും എന്നാണ് അടുത്തിടെ നിർമാതാവായ ദിൽ രാജു അറിയിച്ചത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങിയ വലിയ താര നിര ഗെയിം ചേഞ്ചറിൽ അഭിനയിക്കുന്നുണ്ട്.
അതേ സമയം ഗാനത്തിനെതിരെ ട്രോളും വരുന്നുണ്ട്. പതിവ് ഷങ്കര്‍ കെട്ടുകാഴ്ച എന്ന നിലയിലാണ് ചില തെലുങ്ക് മാധ്യമങ്ങളില്‍ ഗാനത്തിന്‍റെ റിവ്യൂ നല്‍കിയിരിക്കുന്നത്. ഗ്രേറ്റ് ആന്ധ്ര എന്ന മീഡിയയില്‍ വന്ന സോംഗ് റിവ്യൂവില്‍ പറയുന്നത് വിഷ്വലുകൾ ഗംഭീരമാണെങ്കിലും, സംഗീതവും വരികളും പ്രാഥമിക നിലവാരമുള്ളതും കാലഹരണപ്പെട്ടതും വളരെ സാധാരണവുമായ ഒരു അനുഭവം നൽകുന്നു എന്നും. പാട്ടിനെ സവിശേഷമാക്കുന്നതോ അതുല്യമാക്കുന്നതോ ആയ ഒന്നും ഗാനത്തില്‍ ഇല്ല എന്നുമാണ് പറയുന്നത്.
മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത് എന്നാണ് വിവരം. ഷങ്കറിന്റെ ആദ്യ തെലുങ്ക് ചിത്രമാണ്. തമിഴ് സംവിധായകന്‍ കാർത്തിക് സുബ്ബരാജാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. തമൻ ആണ് സംഗീത നല്‍കിയിരിക്കുന്നത്. ആര്‍ആര്‍ആര്‍ ഇറങ്ങി വലിയ ഇടവേളയ്ക്ക് ശേഷം ഇറങ്ങുന്ന രാം ചരണ്‍ സിനിമ എന്ന നിലയില്‍ ഗെയിം ചെയ്ഞ്ചറിന് വലിയ പ്രതീക്ഷയാണ് തെലുങ്ക് സിനിമ ലോകം നല്‍കുന്നത്.
'ഗോട്ട്' ഒടിടിയിലേക്ക്, വന്‍ സര്‍പ്രൈസ്: ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെ ആവേശം !