'ഇന്ത്യൻ 2' ന് വേണ്ടി മാറ്റി, മൂന്നര വർഷമായിട്ടും തീർന്നില്ല; വൻ പ്രതിസന്ധിയിൽ 'ഗെയിം ചേഞ്ചർ' നിര്‍മ്മാതാവ്
ഇന്ത്യന്‍ 2 ആദ്യം പുറത്തിറക്കാനായിരുന്നു ഷങ്കറിന്‍റെ തീരുമാനം. അതിനാല്‍ ഗെയിം ചേഞ്ചര്‍ നീളുകയായിരുന്നു
ഇന്ത്യന്‍ സിനിമയില്‍ ബിഗ് സ്ക്രീന്‍ വിസ്മയങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പേ സൃഷ്ടിച്ചിട്ടുള്ള സംവിധായകനാണ് ഷങ്കര്‍. അതില്‍ മിക്കതും ബോക്സ് ഓഫീസിലും വന്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചു. എന്നാല്‍ ഏറ്റവുമൊടുലില്‍ അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ പുറത്തെത്തിയ ഇന്ത്യന്‍ 2 വന്‍ പരാജയമായിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ 2 ന് വേണ്ടി മാറ്റിവച്ച അദ്ദേഹത്തിന്‍റെ മറ്റൊരു ചിത്രത്തിന്‍റെ നിര്‍മ്മാതാവ് വലിയ സമ്മര്‍ദ്ദം നേരിടുകയാണ്.
രാം ചരണിനെ നായകനാക്കി ഷങ്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ഗെയിം ചേഞ്ചര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് പ്രതിസന്ധി നേരിടുന്നത്. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്‍റെ ബാനറില്‍ ദില്‍ രാജുവും സിരീഷും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. 2021 ഫെബ്രുവരി മാസത്തില്‍ പ്രഖ്യാപിച്ച ചിത്രമാണിത്. ചിത്രം ആരംഭിച്ചപ്പോള്‍ ഒരു വര്‍ഷം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാനാവുമെന്നായിരുന്നു ദില്‍ രാജുവിന്‍റെ പ്രതീക്ഷ. അതിനാല്‍ത്തന്നെ ചിത്രത്തിന്‍റെ എല്ലാ തരത്തിലുള്ള അവകാശങ്ങളും അദ്ദേഹം പ്രമുഖ ബാനറായ സീ സ്റ്റുഡിയോസിന് വിറ്റു. എന്നാല്‍ ഷങ്കര്‍ ഇന്ത്യന്‍ 2 ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ ഗെയിം ചേഞ്ചര്‍ വര്‍ഷങ്ങളോളം നീണ്ടുപോയി.
നിര്‍മ്മാതാവില്‍ ഇത് സൃഷ്ടിച്ചിരിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദം വലുതാണെന്ന് തെലുങ്ക് 360 റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സ് സീ സ്റ്റുഡിയോസ് ആമസോണ്‍ പ്രൈം വീഡിയോയ്ക്കാണ് വിറ്റിരിക്കുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് സംബന്ധിച്ച് പ്രൈം വീഡിയോയ്ക്കും ഇപ്പോള്‍ വിശ്വാസം പോര. ചിത്രം ഡിസംബറില്‍ പുറത്തിറക്കാനാവുമെന്നാണ് ദില്‍ രാജു പറയുന്നത്. എന്നാല്‍ ഷങ്കര്‍ ഇക്കാര്യത്തില്‍ ഉറപ്പൊന്നും നല്‍കാത്തത് സീ സ്റ്റുഡിയോസിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ആ സമ്മര്‍ദ്ദം നിര്‍മ്മാതാവിലേക്കാണ് എത്തുന്നത്. പ്രതീക്ഷിച്ചതിലും വര്‍ഷങ്ങള്‍ നീണ്ടുപോയതിനാല്‍ ചിത്രത്തിന്‍റെ റൈറ്റ്സ് തുക കുറയ്ക്കണമെന്ന് സീ സ്റ്റുഡിയോസ് ആവശ്യപ്പെടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. സങ്കീര്‍ണ്ണമായ കരാര്‍ പ്രകാരം നിര്‍മ്മാതാവിന് കാര്യമായ നഷ്ടം ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം വൈകുന്നതിനെതിരെ രാം ചരണ്‍ ആരാധകര്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ത്താറുണ്ട്.
ALSO READ : ഷൈന്‍ ടോം ചാക്കോ നായകന്‍; 'ഒരു അന്വേഷണത്തിന്‍റെ തുടക്കം' ഫസ്റ്റ് ലുക്ക് എത്തി