'ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്': നടന്റെ വളർച്ചയിൽ അഭിമാനമെന്ന് തരുൺ മൂർത്തി
സിനിമ സ്വപ്നം കാണുന്നവർക്ക് പ്രതീക്ഷയുടെ വാതിലാണ് ലുക്മാൻ തുറന്നിരിക്കുന്നതെന്നും തരുൺ മൂർത്തി പറഞ്ഞു.
സഹതാരമായി എത്തി മലയാള സിനിമയിൽ തന്റേതായൊരിടം സ്വന്തമാക്കിയ താരമാണ് ലുക്മാൻ. തല്ലുമാല എന്ന ചിത്രത്തിലാണ് ലുക്മാൻ അവസാനമായി അഭിനയിച്ചത്. സഹതാരമാണെങ്കിലും തല്ലുമാലയിൽ ചർച്ച ചെയ്യപ്പെടുന്ന ഒരാളായി മാറിക്കഴിഞ്ഞു താരം. ഇപ്പോഴിതാ ലുക്മാന്റെ അഭിനയ ജീവിതത്തിലെ വളർച്ചയിൽ അഭിമാനമുണ്ടെന്ന് പറയുകയാണ് സംവിധായകൻ തരുൺ മൂർത്തി. ഒരുമിച്ച് നിരവധി ഓഡിഷനുകളിൽ പങ്കെടുത്ത ബന്ധം മാത്രമേയുള്ളു എങ്കിലും ആദ്യ സിനിമയിൽ താൻ ലുക്മാനെ നായകനാക്കാൻ തീരുമാനിച്ചുവെന്നും വലിയൊരു യാത്രയുടെ തുടക്കമാരും അതെന്ന് അറിഞ്ഞിരുന്നില്ലെന്നും തരുൺ കുറിക്കുന്നു. സിനിമ സ്വപ്നം കാണുന്നവർക്ക് പ്രതീക്ഷയുടെ വാതിലാണ് ലുക്മാൻ തുറന്നിരിക്കുന്നതെന്നും തരുൺ മൂർത്തി പറഞ്ഞു.
തരുൺ മൂർത്തിയുടെ വാക്കുകൾ
ലുക്മാൻ എന്ന നടനിലേക്ക് പ്രേക്ഷകർ അടുക്കുന്നതു കാണുമ്പോൾ ഒരു പാട് സന്തോഷമുണ്ട് അതിലേറെ അഭിമാനവും...ആവേശമുണ്ട്
ഉണ്ടയും, ജാവയും, തല്ലുമാലയും എല്ലാം നെയ്തെടുക്കുന്നത് ഒരു നടനെ മാത്രം അല്ല.. നടനാകാൻ കൊതിക്കുന്ന ശ്രമിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്വപ്നം കൂടിയാണ് എന്ന സന്തോഷം, ആവേശം.
പണ്ട് ഒരുമിച്ച് ഓഡിഷനുകളിൽ പങ്കെടുക്കാൻ പോയ പരിചയം മാത്രമേ ലുക്മാനും ഞാനും തമ്മിൽ ഉണ്ടായിരുന്നുള്ളൂ.. പക്ഷെ ആദ്യ സിനിമ ചെയ്യാൻ തീരുമാനിച്ചപ്പോൾ അവനേ നായകന്മാരിൽ ഒരാളാക്കാൻ എന്നെ തോന്നിച്ചത് എന്താണെന്ന് എനിക്കറിയില്ല..
അത് എന്തിനാണെന്നും അറിയില്ല... ഓപ്പറേഷൻ ജാവയിൽ വിനയ ദാസൻ ആയി കൂടെ കൂട്ടുമ്പോൾ ഞങ്ങൾ രണ്ടാളും അറിഞ്ഞിരുന്നില്ല ഇതൊരു വലിയ യാത്രയുടെ തുടക്കമാണെന്ന്...
ജാവ വിജയം ആയിരുന്നെങ്കിലും രണ്ടാം സിനിമയായ സൗദി വെള്ളക്കയിലും ലുക്മാനാണ് നായകൻ എന്നറിഞ്ഞപ്പോൾ പരാതി പറഞ്ഞവരുണ്ട്, അതെന്റെ അഹങ്കാരമാണെന്ന് പറഞ്ഞവരുണ്ട് അവരോടൊക്കെ പറയാനുള്ളത് ഇതാണ്.. അഹങ്കാരമല്ല മറിച്ച് അഭിമാനമാണ്. കഥാപാത്രത്തിന് ചേർന്ന മുഖങ്ങൾ കണ്ടെത്താൻ പറ്റുന്നത്. അവരോടൊത്ത് സിനിമ ചെയ്യാൻ പറ്റുന്നത്... അതിന്റെ ഓരോ പുരോഗതിയും കാണാൻ പറ്റുന്നത്. കാരണം സിനിമയെന്നത് ഞങ്ങൾക്ക് കച്ചവടം മാത്രമല്ല.. കലയും കൂടിയാണ്.
ബിനു ചേട്ടനും, ഗോകുലനും, രമ്യ സുരേഷും, നിൽജയും, ധന്യയും, സജീദ് പട്ടാളവും, വിൻസിയും, റിയ സൈറയും, പ്രമോദ് വെളിയനാടും, സുജിത് ശങ്കറും എല്ലാം. അസാമാന്യ ജീവിതാനുഭവമുള്ളവരാണ്... ആ ജീവിതാനുഭവം ഉള്ളത് കൊണ്ടാണ് സ്ക്രീനിൽ അവർ നിങ്ങളെ അത്ഭുതപെടുത്തുന്നത്...
ചങ്ങരംകുളത്ത് നിന്നും സിനിമയിലേക്ക് ലുകുമാൻ നീ.നടന്നു തീർത്ത വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല എന്ന് എനിക്കറിയാം,..പ്രതിസന്ധികളെ തരണം ചെയ്ത നായകനായ നീ തുറന്നിടുന്നത് ഒരു വലിയ വാതിലാണ്... നമ്മളേപ്പോലെ സിനിമ കൊതിച്ചു നടന്ന ഒരുപാട് പേർക്കുള്ള പ്രതീക്ഷയുടെ വാതിൽ.