'ശത്രുക്കൾ മാളത്തിൽ ഒളിക്കുമ്പോഴുള്ള ആനന്ദമാണ് യഥാർത്ഥ ഫലം': 'പുഴ മുതൽ പുഴ വരെ'യെ കുറിച്ച് രാമസിംഹൻ
അടുത്തിടെ സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്നും രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും ടി.ജി മോഹന്‍ദാസ് പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു.
പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടി ചിത്രമാണ് മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ രാമസിംഹന്‍ (അലി അക്ബര്‍) സംവിധാനം ചെയ്ത 'പുഴ മുതല്‍ പുഴ വരെ'. ചിത്രത്തിന്റേതായി മുൻപ് പുറത്തുവന്ന ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധനേടിയിരുന്നു. ഇപ്പോഴിതാ ഈ പോസ്റ്റർ പങ്കുവച്ച് രാമസിംഹൻ പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും. പക്ഷെ നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ കൂടെ നിൽക്കും. അതാണ് ശരിയുടെ വിജയമെന്ന് രാമസിംഹൻ കുറിക്കുന്നു.
"സത്യത്തിന്റെ കൂടെ ശരിയുടെ കൂടെ നിൽക്കുമ്പോൾ, ശത്രുക്കളുടെ ഒരു പടയെ തന്നെ നേരിടേണ്ടി വരും, പക്ഷെ നട്ടെല്ല് നിവർത്തി നിന്നാൽ നട്ടെല്ലുള്ളവർ കൂടെ നിൽക്കും.അതാണ് ശരിയുടെ വിജയം, പ്രതിഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്‌താൽ ഈശ്വരൻ ഫലം തരും.. അതിനു മുൻപ് കുറേ വേദനയും കുത്തുവാക്കും, ട്രോളുകളും സഹിക്കണം അത്രേയുള്ളൂ.. അത് കഴിഞ്ഞ് ശത്രുക്കൾ വാലും ചുരുട്ടി മാളത്തിലൊളിക്കുന്നത് കാണുമ്പോൾ ഉണ്ടാകുന്ന ആനന്ദമുണ്ടല്ലോ അതാണ് യഥാർത്ഥ ഫലം...", എന്നാണ് രാമസിംഹൻ ഫേസ്ബുക്കിൽ കുറിച്ചത്.
അടുത്തിടെ സിനിമയില്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് ചില വെട്ടിനിരത്തലുകള്‍ നിര്‍ദ്ദേശിച്ചുവെന്നും രാമസിംഹന്‍ വേദനയോടെ അത് അംഗീകരിച്ചുവെന്നും ടി.ജി മോഹന്‍ദാസ് പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധനേടിയിരുന്നു. രംഗങ്ങള്‍ വെട്ടിമാറ്റിയതിന് ശേഷം സിനിമ മോശമായാല്‍ എല്ലാവരും രാമസിംഹനെ പഴിക്കുമെന്നും സിനിമയില്‍ മാപ്പിള ലഹള മാത്രം ഉണ്ടാവില്ല മറിച്ച് ഒഎന്‍വി എഴുതിയത് പോലെ വറ്റിയ പുഴ മാത്രമേ കാണുകയുള്ളൂ എന്നും അദ്ദേഹം കുറിച്ചിരുന്നു.
'മണി ചേട്ടൻ്റെ വിയോഗശേഷം ആ സംവിധായകൻ എന്നെ മറന്നില്ല'; അലി അക്ബറിനെ കുറിച്ച് ആർഎൽവി
1921ലെ മലബാറിന്‍റെ പശ്ചാത്തലത്തില്‍ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമ പൃഥ്വിരാജിനെ നായകനാക്കി ആഷിക് അബു പ്രഖ്യാപിച്ചതിനു പിന്നാലെയാണ് അലി അക്ബറും തന്‍റെ സിനിമ പ്രഖ്യാപിച്ചത്. സംവിധായകരായ പി ടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വേങ്ങര എന്നിവരും വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതം പറയുന്ന സിനിമകള്‍ ഇതിനൊപ്പം പ്രഖ്യാപിച്ചിരുന്നു. പി ടി കുഞ്ഞുമുഹമ്മദ് സംവിധാനം ചെയ്യുന്ന സിനിമയുടെ പേര് ഷഹീദ് വാരിയംകുന്നനെന്നും ഇബ്രാഹിം വേങ്ങരയുടെ സിനിമയുടെ പേര് ദി ഗ്രേറ്റ് വാരിയംകുന്നനെന്നുമാണ്.