എമ്പുരാന്റെ വിളയാട്ടത്തിന് 115 ദിവസം; 'മഞ്ഞുമ്മലി'ന്റെ 200 കോടി തകർക്കുമോ? ലൂസിഫർ ശരിക്കും എത്ര നേടി?
ചിത്രം അടുത്ത വർഷം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും.
മലയാളത്തിൽ എമ്പുരാനോളം കാത്തിരിപ്പ് ഉയർത്തുന്ന മറ്റൊരു സിനിമയുണ്ടോ എന്ന കാര്യത്തിൽ സംശയമാണ്. മോഹൻലാൽ നായകനാകുന്നു എന്നതും പൃഥ്വിരാജിന്റെ സംവിധാനം എന്നതുമാണ് അതിന് കാരണം. വൻ വിജയം സ്വന്തമാക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായെത്തുന്ന ചിത്രം അടുത്ത വർഷം മാർച്ച് 27ന് തിയറ്ററുകളിൽ എത്തും. എമ്പുരാനുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൊടുമ്പിരി കൊള്ളുകയാണ്.
സോഷ്യൽ മീഡിയ ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്ന് ബോക്സ് ഓഫീസ് ആണ്. എമ്പുരാൻ ആദ്യദിനം എത്ര നേടും ഫൈനൽ കളക്ഷൻ എത്രയാകും എന്നതൊക്കെയാണ് ചർച്ചകൾ. രണ്ട് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിൽ എമ്പുരാൻ കയറുമെന്നാണ് ചില കമന്റുകൾ. ആദ്യദിനത്തിന്റെ റെക്കോർഡുകളെല്ലാം അബ്രഹാം ഖുറേഷി തകർക്കുമെന്ന് പറയുന്നവരും ഉണ്ട്.
നിലവിൽ മഞ്ഞുമ്മൽ ബോയ്സ് ആണ് ഏറ്റവും കുടുതൽ കളക്ഷൻ നേടിയ മലയാള സിനിമ. 200 കോടിയോളമാണ് കളക്ഷൻ. ഈ കളക്ഷനെ എമ്പുരാൻ മറികടക്കുമെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്. എന്തായാലും ആരുടെയോക്കെ റെക്കോർഡ് ആകും എമ്പുരാൻ മറികടക്കുക എന്നറിയാൻ 115 ദിവസം കൂടി കാത്തിരിക്കേണ്ടി വരും. ലൂസിഫര്‍ 128 കോടി നേടിയെന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പേർട്ട് ചെയ്യുന്നത്.
മാർച്ചിൽ റിലീസിന് എത്തുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ബൈജു, മഞ്ജു വാര്യർ, ടൊവിനോ തോമസ് തുടങ്ങി ലൂസിഫറിൽ ഉണ്ടായിരുന്ന മിക്ക താരങ്ങളും ഉണ്ടാകും. ആശീർവാദ് സിനിമാസിന്റെ നിർമാണത്തിൽ ആന്റണി പെരുമ്പാവൂർ നിർമ്മിക്കുന്ന ചിത്രത്തിൽ ലൈക്ക പ്രൊഡക്ഷൻസ് പങ്കാളികളാണ്. അതേസമയം, ബറോസ് ആണ് മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഡിസംബർ 25ന് പടം തിയറ്ററിലെത്തും.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം