വരുന്നത് ബേസില്‍ വക അടുത്ത ഹിറ്റ്? 'ഫാലിമി' ആദ്യ വാരാന്ത്യത്തില്‍ നേടിയത്
നവാഗതനായ നിതീഷ് സഹദേവ് രചനയും സംവിധാനവും
ബജറ്റ് എത്ര വലുതായാലും ഉള്ളടക്കം മോശമാവുന്ന സിനിമകള്‍ പ്രേക്ഷകര്‍ സ്വീകരിക്കില്ല. ബജറ്റില്‍ ചെറുതെങ്കിലും തങ്ങളെ വിനോദിപ്പിക്കുന്ന ചില ചെറിയ, വലിയ ചിത്രങ്ങളോട് പ്രേക്ഷകര്‍ ഒരു പ്രത്യേക ഇഷ്ടം കാട്ടാറുണ്ട്. പ്രത്യേകിച്ച് മലയാളികള്‍. അത്തരം നിരവധി ചിത്രങ്ങളില്‍ സമീപകാലങ്ങളില്‍ ബോക്സ് ഓഫീസില്‍ വിസ്മയം കാട്ടിയിട്ടുമുണ്ട്. അക്കൂട്ടത്തില്‍ ബേസില്‍ ജോസഫ് അഭിനയിച്ച പല ചിത്രങ്ങളും ഇടംപിടിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബേസില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തുകയാണ്.
നവാഗതനായ നിതീഷ് സഹദേവ് രചനയും സംവിധാനവും നിര്‍വ്വഹിച്ച ഫാലിമി എന്ന ചിത്രമാണ് അത്. ബേസിലിനൊപ്പം ജഗദീഷും മഞ്ജു പിള്ളയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ഫണ്‍ ഫാമിലി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച അഭിപ്രായമാണ് ആദ്യദിനം മുതല്‍ ലഭിക്കുന്നത്. ബോക്സ് ഓഫീസിലും അതിന്‍റെ പ്രതിഫലനം കാണാനുണ്ട്.
ആദ്യ വാരാന്ത്യത്തില്‍ ചിത്രം 2.43- 2.5 കോടി നേടിയതായാണ് പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. ഒരു ചെറിയ ചിത്രത്തെ സംബന്ധിച്ച് മികച്ച കളക്ഷനാണ് ഇത്. മുന്‍പ് കേരള ബോക്സ് ഓഫീസില്‍ അത്ഭുതം കാട്ടിയിട്ടുള്ള ജാനെമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ചിയേഴ്സ് എന്‍റര്‍ടെയ്ന്‍മെന്‍റ്സ് ആണ് ഫാലിമിയുടെ നിര്‍മ്മാണം. തുടര്‍ ദിനങ്ങളിലും പ്രേക്ഷകരുടെ നമ്പര്‍ 1 ചോയ്സ് ആയി തുടരുന്നപക്ഷം ചിത്രം കളക്ഷനില്‍ വലിയ മുന്നേറ്റം ഉണ്ടാക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. സന്ദീപ് പ്രദീപ്, മീനരാജ് എന്നിവരും ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. ബബ്‍ലു അജു ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ സംഗീതം വിഷ്ണു വിജയ് ആണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക