ശോഭനയ്‍ക്കും രേവതിക്കുമൊപ്പം നായകനായി ഫഹദ്, സിനിമയ്‍ക്ക് സംഭവിച്ചതെന്ത്?
സിനിമ ഉപേക്ഷിച്ച സംഭവം വെളിപ്പെടുത്തി സംവിധായകൻ ലാല്‍ ജോസ്.
നടൻ ഫഹദിനെ പ്രേക്ഷകര്‍ ഇഷ്‍ടപ്പെട്ടു തുടങ്ങിയ ഹിറ്റുകളില്‍ ഒന്നാണ് ഡയമണ്ട് നെക്ലേസ്. സംവിധാനം നിര്‍വഹിച്ചത് ലാല്‍ ജോസായിരുന്നു. നെഗറ്റീവ് ഷെയ്‍ഡുണ്ടായിരുന്നെങ്കിലും ഡയമണ്ട് നെക്ലേസ് സിനിമയിലെ നായകനായാണ് ഫഹദ് പ്രേക്ഷക ഹൃദയത്തിലേക്ക് ചേക്കേറിയത്. ഡയമണ്ട് നെക്ലേസിനു മുമ്പ് മറ്റൊരു സിനിമ ഫഹദിനെ നായകനാക്കി ആലോചിച്ചിരുന്നെങ്കിലും ഉപേക്ഷിക്കേണ്ടി വന്നെന്ന് സഫാരി ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ ലാല്‍ ജോസ് വെളിപ്പെടുത്തിയതും ചര്‍ച്ചയാകുകയാണ്.
ലാല്‍ ജോസിന്റെ വാക്കുകള്‍
ഫഹദുമായി ദീര്‍ഘകാലത്തെ ഒരു സൗഹൃദമുണ്ടെന്ന് പറഞ്ഞാണ് ലാല്‍ ജോസ് പഴയ ആ സിനിമയെ കുറിച്ച് വെളിപ്പെടുത്തിയത്. അമേരിക്കയിലെ പഠനം കഴിഞ്ഞ് വന്നപ്പോള്‍ അസിസ്റ്റന്റായി എനിക്കൊപ്പം വര്‍ക്ക് ചെയ്യണം എന്ന് പറഞ്ഞിരുന്ന ആളാണ്. ചുവന്ന ആപ്പിള്‍ കണക്കുള്ള നീ അസിസ്റ്റന്റായിട്ട് വെയില് കൊണ്ട് കറുക്കണ്ട. നിന്നെ നായകനാക്കി ഞാൻ ഒരു സിനിമ ചെയ്യും എന്ന് ഞാൻ ഫഹദിനോട് അന്ന് പറഞ്ഞിരുന്നു. പോ ചേട്ടാ കളിയാക്കാതെയെന്ന് ഫഹദ് പറയുകയും ചെയ്യുമായിരുന്നു. ആ കാലത്ത് ഫഹദിനെ വെച്ചൊരു സിനിമ ചെയ്യാൻ പദ്ധതിയിട്ടിരുന്നു. മദര്‍ ഇന്ത്യ എന്നായിരുന്നു ആ സിനിമയുടെ പേര്. ഫഹദായിരുന്നു അതിലെ നായകനും വില്ലനും. ശോഭനയും രേവതിയും ലീഡ് ചെയ്യുന്ന സിനിമയായിരുന്നു അത്.
അത് മുരളി ഗോപി പറഞ്ഞ കഥയെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. ക്ലാസ്‍മേറ്റ്‍സിന് പിന്നാലെ ചെയ്യാനിരുന്ന സിനിമയായിരുന്നു. പക്ഷേ ഫഹദാണ് നായകൻ എന്നതിനാല്‍ സിനിമയുടെ നിര്‍മാതാക്കള്‍ പിൻമാറുകയായിരുന്നു. കയ്യെത്തും ദൂരത്ത് എന്ന ഒരു സിനിമയില്‍ നായകനായ ഫഹദിനെ മാത്രമേ അവര്‍ക്ക് അറിയാമായിരുന്നു. പുതിയ ഫഹദിനെ അവര്‍ക്ക് അറിയുമായിരുന്നില്ല. അങ്ങനെ നടക്കാതെ പോയ ഒരു സിനിമയാണ് അത്. പിന്നീടാണ് ഡയമണ്ട് നെക്ലേസ് സംഭവിച്ചത്.
Read More: ഒടിടിയിലേക്ക് ലിയോ, എപ്പോള്‍, എവിടെ?, ഇതാ പുതിയ റിപ്പോര്‍ട്ട്
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക