ഏറ്റവും സ്വാധീനിച്ച മലയാള സിനിമ? ആ മോഹന്‍ലാല്‍ ചിത്രത്തിന്‍റെ പേര് പറഞ്ഞ് ഫഹദ് ഫാസില്‍

തന്‍റെ ജീവിതം മാറ്റിമറിച്ച ലോക സിനിമകളെക്കുറിച്ച് ഫഹദ് നേരത്തെ പറഞ്ഞിട്ടുണ്ട്

fahadh faasil reveals the name of that malayalam movie starring mohanlal which influenced him most

ആദ്യ ചിത്രത്തിന്‍റെ പരാജയത്തിന് ശേഷം അഭിനയജീവിതത്തിലേക്ക് തിരിച്ചെത്താന്‍ മണ്‍മറഞ്ഞ അതുല്യ നടന്‍ ഇര്‍ഫാന്‍ ഖാന്‍ തനിക്ക് എത്രത്തോളം പ്രചോദനമായിട്ടുണ്ടെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിട്ടുണ്ട്. കൈയെത്തും ദൂരത്തിന്‍റെ പരാജയത്തിന് ശേഷം അമേരിക്കയിലെ പഠനകാലത്താണ് ഫഹദ് ഇര്‍ഫാന്‍ ഖാന്‍ സിനിമകള്‍ കണ്ട് പ്രചോദിതനാവുന്നത്. സിനിമകളെക്കുറിച്ച് അഭിമുഖങ്ങളില്‍ സംസാരിക്കാന്‍ അത്ര തല്‍പരനല്ലെങ്കിലും അത്തരത്തില്‍ വല്ലപ്പോഴും കൊടുക്കുന്ന അഭിമുഖങ്ങളില്‍ സിനിമയെക്കുറിച്ച് ഫഹദ് വാചാലനാവാറുണ്ട്. ഇപ്പോഴിതാ തന്നെ ഏറ്റവും സ്വാധീനിച്ച മലയാള സിനിമ ഏതെന്ന് പറഞ്ഞിരിക്കുകയാണ് അദ്ദേഹം.

ഏറ്റവും പുതിയ ചിത്രം ആവേശത്തിന്‍റെ വന്‍ വിജയത്തിന് ശേഷം നല്‍കിയ അഭിമുഖങ്ങളിലൊന്നിലാണ് ഫഹദ് ഇതേക്കുറിച്ച് പറയുന്നത്. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് അത്. തന്‍റെ ജീവിതം മാറ്റിമറിച്ച ചിത്രങ്ങളായി ഫഹദ് നേരത്തെ പറഞ്ഞിട്ടുള്ള സിനിമകളാണ് 1988 ല്‍ പുറത്തിറങ്ങിയ വിഖ്യാത ഇറ്റാലിയന്‍ ചിത്രം സിനിമാ പാരഡിസോയും 2000 ല്‍ പുറത്തിറങ്ങിയ മെക്സിക്കന്‍ ചിത്രം അമോറസ് പെരോസും. വ്യക്തിപരമായി സ്വാധീനം ചെലുത്തിയ കാര്യത്തില്‍ ഇവയ്ക്ക് അടുത്ത് നില്‍ക്കുന്ന ഒരു മലയാള ചിത്രം ഏതായിരിക്കും എന്ന അഭിമുഖകാരന്‍റെ ചോദ്യത്തിന് തൂവാനത്തുമ്പികള്‍ എന്നാണ് ഫഹദിന്‍റെ മറുപടി.

പി പത്മരാജന്റെ രചനയിലും സംവിധാനത്തിലും 1987 ല്‍ പുറത്തിറങ്ങിയ തൂവാനത്തുമ്പികളിലെ ജയകൃഷ്ണന്‍ മോഹന്‍ലാലിന്‍റെ എക്കാലത്തെയും ജനപ്രിയ കഥാപാത്രങ്ങളില്‍ ഒന്നാണ്. ഉദകപ്പോള എന്ന സ്വന്തം നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ഒരുക്കിയ ചിത്രം സിനിമാപ്രേമികള്‍ക്കിടയില്‍ പില്‍ക്കാലത്ത് കള്‍ട്ട് ഫോളോവിം​ഗ് നേടിയ ചിത്രം കൂടിയാണ്. പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥ് ഒരുക്കിയ പാട്ടുകളും ജോണ്‍സന്‍റെ പശ്ചാത്തലസം​ഗീതവും മലയാളികള്‍ ഇപ്പോഴും ആവര്‍ത്തിച്ച് കേള്‍ക്കുന്നുണ്ട്. ടെലിവിഷന്‍ സംപ്രേഷണങ്ങളില്‍ ഇപ്പോഴും മികച്ച റേറ്റിം​ഗ് ലഭിക്കുന്ന ചിത്രം കൂടിയാണ് തൂവാനത്തുമ്പികള്‍.

ALSO READ : 'പുഷ്‍പ 2' പോസ്റ്റ് പ്രൊഡക്ഷന് ഒരേ സമയം 3 യൂണിറ്റുകള്‍! കാരണം ഇതാണ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios