ഫഹദ് ഫാസിലും അന്‍വര്‍ റഷീദും വീണ്ടും ഒന്നിക്കുന്നു? മാര്‍ച്ചില്‍ ചിത്രീകരണമെന്ന് റിപ്പോര്‍ട്ട്

ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തുന്നു

fahadh faasil and anwar rasheed to reunite after trance

അന്‍വര്‍ റഷീദിന്‍റെ സംവിധാനത്തില്‍ ഫഹദ് ഫാസില്‍ രണ്ട് തവണയാണ് അഭിനയിച്ചിട്ടുള്ളത്. ആന്തോളജി ചിത്രമായ 5 സുന്ദരികളിലെ ചെറുചിത്രം ആമിയിലും 2020 ല്‍ പുറത്തിറങ്ങിയ ട്രാന്‍സിലും. നിര്‍മ്മാതാവ് എന്ന നിലയിലും മറ്റൊരു ഫഹദ് ചിത്രത്തിന്‍റെ ഭാഗമായിരുന്നു അൻവര്‍. അഞ്ജലി മേനോന്‍റെ സംവിധാനത്തില്‍ 2014 ല്‍ പുറത്തെത്തിയ ബാംഗ്ലൂര്‍ ഡെയ്സ് ആയിരുന്നു ഈ ചിത്രം. ഇപ്പോഴിതാ ഒരിക്കല്‍ക്കൂടി ഈ കൂട്ടുകെട്ട് വരാനിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഫഹദ് നായകനാവുന്ന ഈ ചിത്രത്തില്‍ അന്‍വര്‍ റഷീദ് സംവിധായകന്‍ ആയിരിക്കില്ല, മറിച്ച് നിര്‍മ്മാതാവ് ആയിരിക്കും.

സൌബിന്‍ ഷാഹിറിനെ നായകനാക്കി രോമാഞ്ചം എന്ന ചിത്രം ഒരുക്കിയ ജിത്തു മാധവനാവും ഈ ചിത്രം സംവിധാനം ചെയ്യുകയെന്ന് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നു. ബംഗളൂരു ആയിരിക്കും പ്രധാന ലൊക്കേഷന്‍. ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രത്തിന്‍റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കുമെന്നും ഈ വര്‍ഷം തന്നെ തിയറ്ററുകളില്‍ എത്തുമെന്നും പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധര്‍ പിള്ള ട്വീറ്റ് ചെയ്തിട്ടുണ്ട്.

ALSO READ : 'ആടുതോമ'യ്ക്ക് പിറ്റേന്ന് 'ഭൂമിനാഥനും' എത്തും; വിജയ് ചിത്രവും കേരളത്തില്‍ റീ റിലീസിന്

ഉസ്താദ് ഹോട്ടല്‍ പുറത്തിറങ്ങി ഏഴ് വര്‍ഷത്തിനു ശേഷമെത്തുന്ന അന്‍വര്‍ റഷീദ് ചിത്രമെന്ന നിലയില്‍ വലിയ പ്രീ റിലീസ് ഹൈപ്പുമായി എത്തിയ ട്രാന്‍സിന് പ്രതീക്ഷിച്ച വിജയം ബോക്സ് ഓഫീസില്‍ നേടാന്‍ കഴിഞ്ഞിരുന്നില്ല. അതേസമയം നിരവധി സിനിമാപ്രേമികളുടെ പ്രിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ ഇടംപിടിക്കാനും കഴിഞ്ഞു ട്രാന്‍സിന്. കന്യാകുമാരിയില്‍ താമസിക്കുന്ന വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കര്‍ പാസ്റ്റര്‍‌ ജോഷ്വ കാള്‍ട്ടണ്‍ ആയി മാറുന്ന ജീവിതവഴിയാണ് ട്രാന്‍സിലെ നായക കഥാപാത്രത്തിന്‍റേത്. ഫഹദ് ആണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. അതേസമയം പുഷ്പ 2 ആണ് ഫഹദിന് അടുത്തതായി പൂര്‍ത്തിയാക്കാനുള്ള ചിത്രം. അല്ലു അര്‍ജുന്‍ ടൈറ്റില്‍ കഥാപാത്രമാവുന്ന ഫ്രാഞ്ചൈസിയുടെ ആദ്യ ഭാഗം തിയറ്ററുകളില്‍ വന്‍ വിജയം നേടിയിരുന്നു.

Latest Videos
Follow Us:
Download App:
  • android
  • ios