'കങ്കുവ അടക്കം വന്‍ ചിത്രങ്ങള്‍': കരിയറിന്‍റെ ഉന്നതിയില്‍, സിനിമ ലോകത്തെ ഞെട്ടിച്ച് നിഷാദ് യൂസഫിന്‍റെ വിയോഗം
മലയാള സിനിമയിലെ പ്രമുഖ എഡിറ്റർ നിഷാദ് യൂസഫ് അപ്രതീക്ഷിതമായി അന്തരിച്ചു. നിരവധി ശ്രദ്ധേയമായ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ചിട്ടുള്ള അദ്ദേഹം തല്ലുമാല എന്ന ചിത്രത്തിന് സംസ്ഥാന അവാർഡ് നേടിയിരുന്നു.
കൊച്ചി: മലയാള സിനിമ ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്തയോടെയാണ് ഇന്ന് നേരം പുലര്‍ന്നത്. തന്‍റെ കരിയറിന്‍റെ ഏറ്റവും ശോഭനമായ ഉയരത്തില്‍ നില്‍ക്കവെയാണ് ഫിലിം എഡിറ്റര്‍ നിഷാദ് യൂസഫ് വിടവാങ്ങുന്നത്.
കങ്കുവ പോലെ ഇന്ത്യന്‍ സിനിമ ഉറ്റുനോക്കുന്ന ചിത്രത്തിന്‍റെ എഡിറ്ററായിരുന്നു നിഷാദ് യൂസഫ്. അടുത്തിടെ സൂര്യ നായകനായ ചിത്രത്തിന്‍റെ ചെന്നൈ ഓഡിയോ റിലീസില്‍ സൂര്യയ്ക്കൊപ്പം അടക്കം നില്‍ക്കുന്ന ചിത്രങ്ങള്‍ നിഷാദ് തന്നെ തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് വഴി പങ്കുവച്ചിരുന്നു.
മാറുന്ന മലയാള സിനിമയുടെ സമകാലീന ഭാവുകത്വം നിർണ്ണയിക്കുന്ന പല ചിത്രങ്ങളുടെയും ചിത്ര സംയോജനം നടത്തിയത് നിഷാദ് യൂസഫാണ്. ഉണ്ട, സൗദി വെള്ളക്ക , തല്ലുമാല, ഓപ്പറേഷൻ ജാവ, വൺ , ചാവേർ, രാമചന്ദ്ര ബോസ്സ് & Co, ഉടൽ , ആളങ്കം, ആയിരത്തൊന്ന് നുണകൾ , അഡിയോസ് അമിഗോ , എക്സിറ്റ് ഈ വലിയ ലിസ്റ്റ് തന്നെ ഈ എഡിറ്റര്‍ സമാകാലിക സിനിമയില്‍ എങ്ങനെ അടയാളപ്പെടുത്തപ്പെടുന്നു എന്ന് വ്യക്തമാക്കുന്നുണ്ട്.
ബസൂക്ക, ആലപ്പുഴ ജിംഖാന എന്നിവ റിലീസ് ചെയ്യാനുള്ള ചിത്രങ്ങളാണ്. ഇപ്പോള്‍ ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന തരുണ്‍ മൂര്‍ത്തി മോഹന്‍ലാല്‍ ചിത്രത്തിന്‍റെയും എഡിറ്റര്‍ നിഷാദ് യൂസഫ് ആയിരുന്നു. 2022 ല്‍ തല്ലുമാല എന്ന ചിത്രത്തിന്‍റെ എഡിറ്റിംഗിന് ആ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്കാരവും നിഷാദ് യൂസഫ് നേടിയിട്ടുണ്ട്.
ഹരിപ്പാട് സ്വദേശിയാണ് നിഷാദ് യൂസഫ് കൊച്ചിയില്‍ ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കും ഒപ്പമാണ് കൊച്ചി പനമ്പള്ളി നഗറിലെ ഫ്ലാറ്റില്‍ താമസിച്ചിരുന്നത്. ഏഷ്യാനെറ്റ് ന്യൂസില്‍ അടക്കം വീഡിയോ എഡിറ്ററായ പ്രവര്‍ത്തിച്ച ശേഷമാണ് നിഷാദ് സിനിമ രംഗത്തേക്ക് എത്തുന്നത്.
മലയാള ചലച്ചിത്ര രംഗത്തെ പ്രമുഖരാണ് നിഷാദ് യൂസഫിന്‍റെ അകാല വിയോഗത്തില്‍ അദരാഞ്ജലി അര്‍പ്പിക്കുന്നത്. മൃതദേഹം പൊലീസ് നടപടികള്‍ പൂര്‍ത്തിയാക്കി എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
സിനിമാ എഡിറ്റർ നിഷാദ് യൂസഫ് കൊച്ചിയിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
ബസൂക്ക വൈകുന്നത് എന്തുകൊണ്ട്?, മമ്മൂട്ടി ചിത്രത്തിന്റെ ആരാധകര്‍ നിരാശയില്‍