കള്ളനും ഭഗവതിക്കും ശേഷം പേടിപ്പിച്ച് ഈസ്റ്റ് കോസ്റ്റ് വിജയൻ; 'ചിത്തിനി' ഈ കാലഘട്ടത്തിൻ്റെ സിനിമ
വനത്തിൻ്റെ വന്യതയും സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്.
ഈസ്റ്റ് കോസ്റ്റ് വിജയൻ നിർമാണവും സംവിധാനവും നിർവഹിച്ച ഹൊറർ ഫാമിലി ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായ ചിത്തിനി' വൻ വിജയത്തിലേക്ക് കുതിക്കുകയാണ്. നീതിക്ക് വേണ്ടിയുള്ള പെൺ പോരാട്ടത്തിൻ്റെ കഥ പറയുന്ന ചിത്തിനി ഇതിനകം കുടുംബ പ്രേക്ഷകർ ഏറ്റെടുത്തു കഴിഞ്ഞു. ക്ലീൻ ഫാമിലി ഹിറ്റ് എന്ന വിശേഷണം ആണ് ചിത്രത്തിന് പ്രേക്ഷകർ നൽകിയിരിക്കുന്നത്.
സമീപകാലത്ത് മലയാള സിനിമ കണ്ട അതിശക്തമായ സ്ത്രീ കഥാപാത്രങ്ങളാണ് ചിത്തിനിയുടെ ഏറ്റവും വലിയ പ്രത്യേകത. ഇരുപത്തിമൂന്ന് വർഷം നീതിക്കായി അലഞ്ഞ ചിത്തിനിക്ക് ഒടുവിൽ അർഹിച്ച നീതി ലഭിക്കുമ്പോൾ നിറഞ്ഞ സംതൃപ്തിയോടെയാണ് സ്ത്രീ പ്രേക്ഷകർ തീയറ്റർ വിട്ടിറങ്ങുന്നതും.
കള്ളനും ഭഗവതിയും എന്ന ഈസ്റ്റ് കോസ്റ്റ് ചിത്രത്തിലൂടെ മലയാളത്തിൽ തരംഗമായി മാറിയ ബംഗാളി താരം മോക്ഷ, നൃത്തം കൊണ്ടും ചടുലമായ കളരിച്ചുവടുകൾ കൊണ്ടും ചിത്തിനിയിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. മോക്ഷയുടെ നൃത്തരംഗത്തിനും ഫൈറ്റ് സീനിനും തീയറ്ററിൽ ലഭിച്ച കൈയ്യടി തന്നെ അതിന് ഉദാഹരണമാണ്.
ചിത്തിനി ആയി വേഷമിട്ട പുതുമുഖ താരം ഏനാക്ഷിയും നിഷ സേവ്യർ എന്ന അന്വേഷണാത്മക പത്രപ്രവർത്തകയെ അവതരിപ്പിച്ച ആരതി നായരും തിളക്കമുള്ള പ്രകടനം കാഴ്ചവച്ചു. അലൻ ആൻ്റണി എന്ന സർക്കിൾ ഇൻസ്പെക്ടർ ആയിട്ടാണ് അമിത് ചക്കാലയ്ക്കൽ എത്തുന്നത്. വിശാൽ എന്ന ഗോസ്റ്റ് ഹണ്ടർ ആയി വിനയ് ഫോർട്ടും വേഷമിടുന്നു. സേവ്യർ പോത്തൻ എന്ന നാട്ടുപ്രമാണിയെ അവതരിപ്പിച്ച ജോണി ആൻ്റണിയും മികച്ചു നിന്നു. നടൻ സുധീഷിൻ്റെ പ്രകടനം ഞെട്ടിച്ചു എന്നാണ് ബഹുഭൂരിപക്ഷം പ്രേക്ഷകരും അഭിപ്രായപ്പെട്ടത്.
ക്ലൈമാക്സിലെ അപ്രതീക്ഷിത ട്വിസ്റ്റ് ആണ് ചിത്രത്തിൽ പ്രേക്ഷകരെ അമ്പരപ്പിച്ച പ്രധാന ഘടകങ്ങളിൽ ഒന്ന്. പതിവ് ഹൊറർ ചിത്രങ്ങളുടെ തനത് വഴിയിൽ നിന്ന് മാറി സഞ്ചരിച്ചതാണ് 'ചിത്തിനി'യെ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാക്കിയത്. അനിതരസാധാരണമായ അവതരണം കൊണ്ടും ശബ്ദവിന്യാസം കൊണ്ടും ചിത്തിനി അടുത്ത കാലത്തെ ഏറ്റവും മികച്ച ചലച്ചിത്രാനുഭവമായി മാറി എന്നാണ് പ്രേക്ഷകർ ഒന്നടങ്കം പറയുന്നത്.
വനത്തിൻ്റെ വന്യതയും സൗന്ദര്യവും നിറഞ്ഞ് നിൽക്കുന്ന പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്. ആരാണ് ചിത്തിനി ? എന്താണ് ചിത്തിനിക്ക് സംഭവിച്ചത് ? ഈ ചോദ്യങ്ങൾക്കും ഒരുപാട് നിഗൂഢതകൾക്കും ഉള്ള ഉത്തരങ്ങളുമായി എത്തുന്ന 'ചിത്തിനി ' പ്രേക്ഷകരെ ഓരോ നിമിഷവും ഉദ്വേഗത്തിൻ്റെ മുൾമുനയിൽ നിർത്തിയാണ് മുമ്പോട്ട് പോവുന്നത്.
അതിമനോഹരമായ ഗാനങ്ങൾ കൊണ്ടും സമ്പന്നമാണ് ചിത്രം. ഈസ്റ്റ് കോസ്റ്റ് വിജയൻ, സന്തോഷ് വർമ, സുരേഷ് എന്നിവർ എഴുതിയ വരികൾക്ക് ഈണം പകർന്നിരിക്കുന്നത് രഞ്ജിൻരാജ് ആണ്. മധു ബാലകൃഷ്ണൻ, ഹരിശങ്കർ, കപിൽ കപിലൻ, സന മൊയ്തൂട്ടി, സത്യ പ്രകാശ്, അനവദ്യ എന്നിവരാണ് ഗായകർ. ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങളും ചിത്രത്തിൻ്റെ ഹൈ-ലൈറ്റ്സ് ആണ്. ജീ മാസ്റ്ററും രാജശേഖറും ആണ് സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
ജോയ് മാത്യു, പ്രമോദ് വെളിയനാട്, മണികണ്ഠൻ ആചരി , ശ്രീകാന്ത് മുരളി , സുജിത്ത്, 'പൗളി വത്സൻ ജയകൃഷ്ണൻ തുടങ്ങി വൻതാരനിര തന്നെ ചിത്രത്തിലുണ്ട്. രതീഷ് റാമിൻ്റെ ഛായാഗ്രഹണവും രഞ്ജിൻ രാജ് ഒരുക്കിയ പശ്ചാത്തല സംഗീതവും ചിത്രത്തിൻ്റെ നട്ടെല്ല് ആണ്. കഥ - കെ.വി അനിൽ, തിരക്കഥ - സംഭാഷണം -ഈസ്റ്റ് കോസ്റ്റ് വിജയൻ - കെ.വി അനിൽ, ജോൺ കുട്ടിയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. നൃത്തസംവിധാനം - കല മാസ്റ്റർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..