'എന്നെ തകര്‍ത്തുകളഞ്ഞു'; ഝാര്‍ഖണ്ഡിൽ ബ്രസീലിയന്‍ വനിത കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ദുല്‍ഖര്‍
"നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു"
ഝാര്‍ഖണ്ഡില്‍ ബ്രസീലിയന്‍ യാത്രികരായ ദമ്പതികള്‍ ആക്രമിക്കപ്പെടുകയും സ്ത്രീ കൂട്ടബലാത്സംഗം ചെയ്യപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കി.മീ. അകലെ ഡുംക ജില്ലയില്‍ വച്ച് വെള്ളിയാഴ്ച രാത്രിയായിരുന്നു പ്രസ്തുത സംഭവം. ബൈക്കില്‍ നടത്തുന്ന ലോകസഞ്ചാരത്തിന്‍റെ ഭാഗമായാണ് ഇവര്‍ ഇന്ത്യയിലെത്തിയത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയുടെ ഭാഗമായി ഝാര്‍ഖണ്ഡിലെത്തിയ ഇവര്‍ ഡുംകയില്‍ രാത്രി തങ്ങാനായി ഒരു ടെന്‍റ് ഒരുക്കിയിരുന്നു. അവിടെവച്ചാണ് ആക്രമണം നടന്നത്. നേപ്പാള്‍ യാത്രയ്ക്ക് മുന്‍പ് ഇവര്‍ കേരളത്തിലുമെത്തിയിരുന്നു. കോട്ടയത്ത് തന്‍റെ സുഹൃത്തുക്കള്‍ ഒരുക്കിയ വിരുന്നില്‍ ഇവര്‍ പങ്കെടുത്തിരുന്നുവെന്ന് ദുല്‍ഖര്‍ പറയുന്നു.
"എന്നെ തകര്‍ത്തുകളഞ്ഞു ഈ വാര്‍ത്ത. നിങ്ങളിരുവരും ഈയിടെ കോട്ടയത്ത് എത്തിയിരുന്നു. എന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്കൊപ്പം ഭക്ഷണം കഴിച്ചിരുന്നു. ആര്‍ക്കും ഒരിടത്തുമുണ്ടാവരുത് ഇത്തരമൊരു അനുഭവം", ദമ്പതിമാരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ കുറിച്ചു. വീഡിയോയില്‍ തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് സ്ത്രീ പറയുന്നത് ഇങ്ങനെ- "ഒരാള്‍ക്കും സംഭവിക്കരുതെന്ന് ഞങ്ങള്‍ കരുതുന്ന ഒന്ന് ഞങ്ങള്‍ക്ക് സംഭവിച്ചു. ഏഴ് പുരുഷന്മാര്‍ ചേര്‍ന്ന് എന്നെ റേപ്പ് ചെയ്തു. ഞങ്ങളെ മര്‍ദിക്കുകയും മോഷ്ടിക്കുകയും ചെയ്തു. അധികം വസ്തുക്കള്‍ മോഷ്ടിച്ചില്ല. കാരണം അവര്‍ക്ക് എന്നെ റേപ്പ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഞങ്ങളിപ്പോള്‍ പൊലീസിനൊപ്പം ആശുപത്രിയിലാണ് ഉള്ളത്".
ഭഗല്‍പൂരില്‍ നിന്ന് നേപ്പാളിലേക്കുള്ള യാത്രയ്ക്കിടെ ഒരു രാത്രി തങ്ങാന്‍ ഇവര്‍ കുറുമാഹാട്ട് എന്ന സ്ഥലത്ത് ഒരു താല്‍ക്കാലിക സംവിധാനം ഒരുക്കുകയായിരുന്നു ദമ്പതിമാരെന്ന് പൊലീസ് പറയുന്നു. ഇവിടെവച്ചാണ് ആക്രമണവും കൂട്ടബലാല്‍സംഗവും ഉണ്ടായത്. സംഭവത്തില്‍ ഉള്‍പ്പെട്ട മുഴുവന്‍ പേരെയും തിരിച്ചറിഞ്ഞതായും മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതായും ഡുംക എസ്‍പി പീതാംബര്‍ സിംഗ് ഖേര്‍വാള്‍ മാധ്യമങ്ങളെ അറിയിച്ചു.
ALSO READ : 'മമ്മൂട്ടിയുടെ ചങ്കൂറ്റം സമ്മതിച്ചേ പറ്റൂ'; ഭ്രമയുഗത്തെക്കുറിച്ച് സി ജെ ജോണ്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം