ദീപാവലി ദുല്‍ഖര്‍ തൂക്കിയോ?: ലക്കി ഭാസ്കര്‍ ആദ്യ പ്രേക്ഷക റിവ്യൂകള്‍ എത്തി !
ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ലക്കി ഭാസ്കറിന് മികച്ച പ്രതികരണം. സോഷ്യല്‍ മീഡിയയിലും ട്രേഡ് അനലിസ്റ്റുകളില്‍ നിന്നും നിരൂപകരില്‍ നിന്നും മികച്ച അഭിപ്രായം.
കൊച്ചി: ദുല്‍ഖര്‍ സല്‍മാന്‍ വലിയൊരു ഇടവേളയ്ക്ക് ശേഷം നായകനായി എത്തിയ ചിത്രമാണ് ലക്കി ഭാസ്കര്‍. ഒറിജിനല്‍ തെലുങ്ക് ചിത്രമാണെങ്കിലും ദുല്‍ഖറിന്‍റെ പാന്‍ ഇന്ത്യ ഇമേജ് ചിത്രം ഒരു പാന്‍ ഇന്ത്യന്‍ റിലീസാക്കി മാറ്റിയിട്ടുണ്ട്. മികച്ച അഭിപ്രായം ചിത്രം നേടുന്നുവെന്നാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. വിവിധ ട്രേഡ് അനലിസ്റ്റുകളും നിരൂപകരും ആദ്യഷോയ്ക്ക് ശേഷം എക്സിലും മറ്റും അഭിപ്രായം പങ്കിടുന്നുണ്ട്.
സിനിഗാസം നടത്തിയ റിവ്യൂവില്‍ നർമ്മവും ഡ്രമായും സമന്വയിപ്പിക്കുന്ന ഒരു ഹൃദ്യമായ സിനിമ, ഈ ദീപാവലിക്ക് പ്രിയങ്കരമായ സിനിമയാകും ഇത് എന്നാണ് പറയുന്നത്. സൈമ 3.5 റൈറ്റിംഗാണ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്. സമർത്ഥമായി തയ്യാറാക്കിയ ഒരു ഫിനാന്‍സ് ത്രില്ലറും ബുദ്ധിപരമായ കഥപറച്ചില്‍ രീതിയും സമന്വയിക്കുന്നു എന്നാണ് ഇവരുടെ റിവ്യൂവില്‍ പറയുന്നത്.
ഇതിനൊപ്പം തന്നെ എക്സ് അക്കൗണ്ടുകളില്‍ ചിത്രത്തിന് വന്‍ കൈയ്യടിയാണ് ലഭിക്കുന്നത്. ഡിക്യുവിന്‍റെ അഭിനയത്തിനും തിരക്കഥയ്ക്കും ഒരു പോലെ പ്രശംസ ലഭിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം ചിത്രത്തിന്‍റെ പ്രീമിയര്‍ പെയ്ഡ് ഷോകള്‍ നടന്നിരുന്നു. അതിലും മികച്ച അഭിപ്രായങ്ങളാണ് ചിത്രം നേടിയത്. നന്നായി നിര്‍മ്മിക്കപ്പെട്ട, പിടിച്ചിരുത്തുന്ന ഒരു ഫിനാന്‍ഷ്യല്‍ ഡ്രാമയാണ് ചിത്രമെന്ന് ആന്ധ്ര ബോക്സ് ഓഫീസ് ഡോട്ട് കോം എന്ന തെലുങ്ക് മാധ്യമം എക്സില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ആവേശം പകരുന്ന നിരവധി മുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ടെന്ന് അവര്‍ പറയുന്നു. ചിത്രം ബ്ലോക്ക്ബസ്റ്റര്‍ ആണെന്ന് പ്രശാന്ത് രംഗസ്വാമി പോസ്റ്റ് ചെയ്യുന്നു. എന്തൊരു കഥാപാത്രം, എന്തൊരു പ്രകടനം, ദുല്‍ഖറിന്‍റെ കഥാപാത്രത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും അദ്ദേഹത്തിന്‍റെ പ്രതികരണം. സംഗീതം പകര്‍ന്നിരിക്കുന്ന ജി വി പ്രകാശിനും രചനയും സംവിധാനവും നിര്‍വ്വഹിച്ച വെങ്കി അറ്റ്‍ലൂരിക്കും അദ്ദേഹത്തിന്‍റെ അഭിനന്ദനമുണ്ട്. കുടുംബങ്ങളുമൊന്നിച്ച് ടിക്കറ്റ് എടുക്കാവുന്ന ചിത്രമെന്നും പ്രശാന്ത് രംഗസ്വാമി കുറിക്കുന്നു.
ആന്ധ്രയിലും തെലങ്കാനയിലുമായി 150 ല്‍ അധികം പ്രീമിയര്‍ ഷോകളാണ് ചിത്രത്തിന്‍റേതായി ഇന്ന് നടന്നത്. പ്രിവ്യൂ ഷോകളിലെ അഭിപ്രായങ്ങള്‍ നാളെ ആദ്യ പ്രദര്‍ശനങ്ങള്‍ക്ക് ശേഷവും ലഭിക്കുകയാണെങ്കില്‍ വന്‍ വിജയമാവും ദുല്‍ഖറിനെ കാത്തിരിക്കുന്നത്.
വെങ്കി അറ്റ്ലൂരി തിരക്കഥ എഴുതി സംവിധാനം നിര്‍വഹിക്കുന്നത് ആണ് ലക്കി ഭാസ്‍കര്‍. മീനാക്ഷി ചൗധരിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്റെ നിര്‍മാണം സിതാര എന്റർടെയിൻമെന്റസിന്റെ ബാനറില്‍ ആണ്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്‍റെ സംഗീതം. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന ചിത്രമാണ് ലക്കി ഭാസ്‍കര്‍.
സിങ്കം എഗെയിന്‍, ഭൂൽ ഭുലയ്യ 3, അമരൻ എന്നീ ചിത്രങ്ങള്‍ സൗദിയിൽ പ്രദര്‍ശിപ്പിക്കില്ല; കാരണം ഇതാണ് !
എങ്ങനെയുണ്ട് 'ലക്കി ഭാസ്‍കര്‍'? ദുല്‍ഖറിന്‍റെ വന്‍ തിരിച്ചുവരവ്? ആദ്യ റിവ്യൂസ് എത്തി