'ദുല്‍ഖര്‍ ശരിക്കും പാന്‍ ഇന്ത്യന്‍ നടന്‍'; ഓണം റിലീസുകളില്‍ താന്‍ ആദ്യം കാണുക 'കിംഗ് ഓഫ് കൊത്ത'യെന്ന് ഷിജു
അഭിലാഷ് ജോഷിയുടെ സംവിധാന അരങ്ങേറ്റമാണ് കിംഗ് ഓഫ് കൊത്ത
മറുഭാഷാ സിനിമകളില്‍ ദുല്‍ഖറിനെപ്പോലെ സ്വീകാര്യത നേടിയ മറ്റ് നടന്മാര്‍ മലയാളത്തില്‍ ഇല്ലെന്ന് നടനും ബിഗ് ബോസ് താരവുമായ ഷിജു എ ആര്‍. തെന്നിന്ത്യയിലെ പല സൂപ്പര്‍താരങ്ങള്‍ക്കും ലഭിക്കാതിരുന്ന പാന്‍ ഇന്ത്യന്‍ സ്വീകാര്യത ഇതിനകം ദുല്‍ഖര്‍ നേടിയെടുത്തിട്ടുണ്ടെന്നും ഷിജു പറഞ്ഞു. സില്ലി മോങ്ക്സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ദുല്‍ഖര്‍ എന്ന് പറയുന്ന നടന്‍ ഒരു പാന്‍ ഇന്ത്യന്‍ ആക്റ്റര്‍ തന്നെയാണ്. നമുക്ക് കിട്ടിയ ഒരു മഹാഭാഗ്യം തന്നെയാണ് ദുല്‍ഖര്‍. സൌത്ത് ഇന്ത്യയില്‍ നിന്ന് പോകുന്നവര്‍ക്ക് അവിടെ (ബോളിവുഡ്) സ്വീകാര്യത കിട്ടുക എന്ന് പറയുന്നത് ഭയങ്കര ബുദ്ധിമുട്ടുള്ള കാര്യമാണ്. അത് ഇപ്പോഴെന്നല്ല, പണ്ടും. കമല്‍ ഹാസനും രജനികാന്തുമൊക്കെ അവിടെ പോയി പടം ചെയ്തിട്ടുണ്ടെങ്കിലും പ്രേക്ഷകര്‍ അങ്ങോട്ട് സ്വീകരിച്ചിട്ടില്ല. അവര്‍ക്കൊരു അകല്‍ച്ച നില്‍ക്കുന്നുണ്ട്. പൃഥ്വിരാജ് കുറേ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിനും ചെറിയ സ്വീകാര്യത ഉണ്ടെങ്കില്‍ പോലും ദുല്‍ഖറിന് കിട്ടിയതുപോലെ ഒരു സ്വീകാര്യത, എല്ലാ ഭാഷകളിലും മറ്റാര്‍ക്കും കിട്ടിയതായി എനിക്ക് തോന്നിയിട്ടില്ല. എല്ലാവര്‍ക്കും ഇഷ്ടമാണ് ദുല്‍ഖറിനെ", ഷിജു പറയുന്നു.
ഓണം റിലീസുകളില്‍ ആദ്യം ഏത് കാണുമെന്ന ചോദ്യത്തിന് കിംഗ് ഓഫ് കൊത്തയെന്ന് പറയുന്നു ഷിജു- "കിംഗ് ഓഫ് കൊത്ത ആയിരിക്കും എനിക്ക് ആദ്യം കാണാന്‍ തോന്നുന്നത്. കാരണം അത് വലിയ സ്കെയിലില്‍ ഒരുങ്ങുന്ന സിനിമയാണ്. പിന്നെ ജോഷി സാറിന്‍റെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ്. അങ്ങനെയുള്ളവര്‍ക്ക് വെല്ലുവിളി കൂടുതലാണ്. ഒരു നടന്‍റെ മകന്‍ അഭിനയിക്കാന്‍ വരുമ്പോഴേക്ക് വലിയ തലവേദനയാണ് അത്. അതുപോലെ ഇദ്ദേഹത്തിനും ആ ഭാരം കൂടുതലായിരിക്കും. അതിന് മുകളില്‍ ചെയ്യാനുള്ള പരിശ്രമവും കൂടുതല്‍ ആയിരിക്കും. ട്രെയ്‍ലര്‍ കണ്ടപ്പോള്‍ വളരെ വ്യത്യസ്തത തോന്നി. മലയാള സിനിമയ്ക്ക് ഒരു വ്യത്യസ്തത ആയിരിക്കും ഈ സിനിമയെന്ന് തോന്നുന്നു. കണ്ടാലേ നമുക്ക് പറയാന്‍ പറ്റൂ", ഷിജു പറഞ്ഞ് നിര്‍ത്തുന്നു
അതേസമയം സിനിമാജീവിതത്തില്‍ താന്‍ കടന്നുവന്ന വഴികളെക്കുറിച്ച് ഷിജു ബിഗ് ബോസില്‍ വിശദമായി സംസാരിച്ചിരുന്നു. അത് വായിക്കാം.. 'കാബൂളിവാലയില്‍ കാസ്റ്റ് ചെയ്തതിനുശേഷം ഒഴിവാക്കി'; ബിഗ് ബോസില്‍ ജീവിതം പറഞ്ഞ് ഷിജു
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക