മലയാളത്തിലല്ല, ദുല്‍ഖറിന്‍റെ അടുത്ത രണ്ട് ചിത്രങ്ങളും തെലുങ്കില്‍? വരാനിരിക്കുന്നത് ബിഗ് ബജറ്റ് സിനിമ
പ്രമുഖ ഛായാഗ്രാഹകനായ കാര്‍ത്തിക് ഗട്ടമനെനി സംവിധാനം
ഭാഷാഭേദമന്യെ ഇന്ത്യന്‍ സിനിമാപ്രേമികളുടെ പരിചിത മുഖമാണ് ഇന്ന് ദുല്‍ഖര്‍ സല്‍മാന്‍. കരിയറിലെ 10 വര്‍ഷം കൊണ്ട് മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലും ദുല്‍ഖര്‍ അഭിനയിച്ചു. അക്കൂട്ടത്തിലെ പല ചിത്രങ്ങളും വിജയിക്കുകയും അതിലൂടെ പ്രേക്ഷകശ്രദ്ധ നേടുകയും ചെയ്തു. ഇപ്പോഴിതാ മറ്റൊരു ബിഗ് ബജറ്റ് ഇതരഭാഷാ ചിത്രത്തിലേക്കും ദുല്‍ഖര്‍ എത്താനുള്ള സാധ്യത തെളിയുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
സംക്രാന്തി റിലീസ് ആയി എത്താനിരിക്കുന്ന ഹനു മാനിലെ നായകന്‍ തേജ സജ്ജ, മഞ്ജു മനോജ് എന്നിവരെയും പ്രധാന കഥാപാത്രങ്ങളാക്കി കാര്‍ത്തിക് ഗട്ടമനെനി സംവിധാനം ചെയ്യുന്ന മിര്യായി എന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ എത്തിയേക്കുമെന്ന് കരുതപ്പെടുന്നത്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമാണ് ഇത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു- "ഇതുവരെ ഒന്നും ഫൈനലൈസ് ചെയ്തിട്ടില്ല. അണിയറക്കാര്‍ ദുല്‍ഖറുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാനെ ഈ പ്രോജക്റ്റിലേക്ക് കൊണ്ടുവരാനായി അവര്‍ നന്നായി ശ്രമിക്കുന്നുണ്ട്", അടുത്ത വൃത്തങ്ങള്‍ പറയുന്നു.
പ്രമുഖ ഛായാഗ്രാഹകനായ കാര്‍ത്തിക് ഗട്ടമനെനി സംവിധായകനായി അരങ്ങേറുന്നത് ഫെബ്രുവരിയില്‍ തിയറ്ററുകളിലെത്താനിരിക്കുന്ന രവി തേജ ചിത്രം ഈഗിളിലൂടെയാണ്. കമ്മിറ്റ് ചെയ്യുന്നപക്ഷം തെലുങ്കില്‍ ദുല്‍ഖറിന്‍റെ നാലാമത്തെ ചിത്രമായിരിക്കും ഇത്. 2018 ല്‍ പുറത്തെത്തിയ മഹാനടി, 2022 ല്‍ പുറത്തിറങ്ങിയ സീതാരാമം എന്നിവയാണ് ദുല്‍ഖറിന്‍റേതായി ഇതുവരെ പുറത്തെത്തിയ തെലുങ്ക് ചിത്രങ്ങള്‍. ലക്കി ഭാസ്കര്‍ എന്ന ചിത്രം ഇതിനകം തെലുങ്കില്‍ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം അദ്ദേഹത്തിന്‍റേതായി തിയറ്ററുകളില്‍ എത്തുന്ന ചിത്രവും ലക്കി ഭാസ്കര്‍ ആയിരിക്കും. മലയാളത്തില്‍ അദ്ദേഹത്തിന്‍റെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ALSO READ : മലയാളത്തിലെ 80 കോടി ക്ലബ്ബില്‍ എത്ര സിനിമകള്‍? മോഹന്‍ലാലും മമ്മൂട്ടിയുമല്ലാതെ ആരൊക്കെ?
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം