'ഒന്നിച്ചഭിനയിക്കാൻ കാത്തിരിക്കുന്നു' എന്ന് യോഗി ബാബു; ഏത് പടത്തിലും റെഡിയെന്ന് ദുൽഖർ
കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ അഭിമുഖത്തിനിടെ തന്റെ പ്രിയ കൊമേഡിയൻ യോഗി ബാബു ആണെന്ന് ദുൽഖർ സൽമാൻ പറയുന്നുണ്ട്.
തെന്നിന്ത്യൻ സിനിമയിലെ പ്രധാന ഹാസ്യതാരമാണ് യോഗി ബാബു. സിനിമയിൽ എത്തി ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്റേതായൊരിടം കണ്ടെത്തിയ യോഗി, ഇന്ന് തമിഴിൽ ഒഴിച്ചുകൂടാനാകാത്ത താരമാണ്. മുൻനിരതാരങ്ങൾക്കൊപ്പം കട്ടയ്ക്ക് നിന്ന് കോമഡിയിൽ കസറുന്ന യോഗി ബാബുവിനെ മലയാളികൾക്കും പ്രിയം ഏറെയാണ്. ഇപ്പോഴിതാ മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാനൊപ്പം അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യോഗി. ട്വിറ്ററിലൂടെ ആയിരുന്നു യോഗി തന്റെ ആഗ്രഹം പ്രകടിപ്പിച്ചത്.
കിംഗ് ഓഫ് കൊത്തയുടെ പ്രമോഷൻ അഭിമുഖത്തിനിടെ തന്റെ പ്രിയ കൊമേഡിയൻ യോഗി ബാബു ആണെന്ന് ദുൽഖർ സൽമാൻ പറയുന്നുണ്ട്. നല്ലൊരു വ്യക്തിത്വത്തിന് ഉടമയാണ് യോഗി എന്നാണ് ദുൽഖർ പറഞ്ഞത്. ഈ വീഡിയോ പങ്കുവച്ച്, 'ദുൽഖറിന്റെ വാക്കുകൾക്ക് നന്ദി. നിങ്ങളോടൊപ്പം പ്രവർത്തിക്കാനും രസകരമായ കോമഡി സെഷൻ നടത്താനും ആകാംക്ഷയോടെ കാത്തിരിക്കുന്നു', എന്നാണ് യോഗി ബാബു കുറിച്ചത്.
ട്വീറ്റ് ശ്രദ്ധയിൽപ്പെട്ട ദുൽഖർ ഉടൻ തന്നെ മറുപടിയുമായി എത്തി. 'കാത്തിരിക്കുന്നു സാർ. കോമഡി മാത്രമല്ല, നിങ്ങൾ ഏതുവേഷവും ചെയ്യും. ഏത് ജോണറിലുള്ള ചിത്രമായാലും നിങ്ങൾക്കൊപ്പം അഭിനയിക്കാൻ ഞാൻ തയ്യാറാണ്. എന്റെ പ്രിയപ്പെട്ടവരിൽ ഒരാളാണ് നിങ്ങൾ', എന്നാണ് ദുൽഖർ കുറിച്ചത്.
'വളരെ നല്ലൊരു മനുഷ്യനാണ് യോഗി ബാബു. ഇടയ്ക്ക് സുഖവിവരങ്ങൾ അന്വേഷിച്ച് എനിക്ക് മെസേജ് അയക്കാറുണ്ട്. വളരെ ജനുവിൻ ആയ നിഷ്കളങ്കനായ ആളാണ് അദ്ദേഹം. ജീവിതത്തെ എൻജോയ് ചെയ്യുന്ന സന്തോഷവാനായ ആളാണ് അദ്ദേഹം. അഭിനയം കഴിഞ്ഞ് ക്രിക്കറ്റ് കളിക്കാൻ പോകും. എന്ത് കാര്യങ്ങൾ ചെയ്താലും ആസ്വദിക്കുകയും ചെയ്യും', എന്നാണ് അഭിമുഖത്തിൽ യോഗി ബാബുവിനെ കുറിച്ച് ദുൽഖർ പറഞ്ഞത്.
ഓണത്തിന് കളംപിടിക്കാന്‍ ദുൽഖർ; വരുന്നത് മാസ് എന്റർടെയ്നർ
രജനികാന്ത് നായകനായി എത്തിയ ജയിലര്‍ ആണ് യോഗി ബാബുവിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. ചിത്രത്തില്‍ രജനികാന്തും യോഗിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍ എല്ലാം തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും തിയറ്ററുകളില്‍ ചിരിപ്പൂരം തീര്‍ക്കുകയും ചെയ്തിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം..