സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം; കൊച്ചിയിൽ ഇതുവരെ പിടിയിലായത് 4 ജൂനിയർ ആർടിസ്റ്റുകൾ, വമ്പന്മാർ ഇപ്പോഴും പുറത്ത്
രാസ ലഹരിയുടെ രസത്തിൽ മയങ്ങുന്ന വമ്പന്മാരെ പിടിക്കാൻ വലയൊരുങ്ങിയെന്നാണ് സിനിമാ സംഘടനകൾ പറയുന്നത്. എന്നാൽ എക്സൈസിന്‍റെ വലയിൽ കുരുങ്ങുന്നത് ചെറിയ മീനുകൾ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
കൊച്ചി : സിനിമാ മേഖലയിലെ ലഹരി ഉപയോഗം പരസ്യമായ രഹസ്യമായിട്ടും ചെറുസംഘങ്ങളെ കേന്ദ്രീകരിച്ച് മാത്രമാണ് പരിശോധനയും അന്വേഷണങ്ങളും ഇപ്പോഴും നടക്കുന്നത്. കഴിഞ്ഞ എട്ട് മാസത്തിൽ കൊച്ചിയിൽ നാല് ജൂനിയർ ആർടിസ്റ്റുകൾ അടക്കം അഞ്ച് പേരാണ് പിടിയിലായത്. പിടിയിലായവർ സിനിമാ മേഖലയിലെ വിതരണക്കാരാണെന്ന് എക്സൈസ് പറയുമ്പോഴും ഏതൊക്കെ ലൊക്കേഷനുകളിൽ, ആർക്കൊക്കെ വിതരണം ചെയ്തുവെന്നതിൽ അന്വേഷണം മുന്നോട്ട് പോയിട്ടില്ല.
രാസ ലഹരിയുടെ രസത്തിൽ മയങ്ങുന്ന വമ്പന്മാരെ പിടിക്കാൻ വലയൊരുങ്ങിയെന്നാണ് സിനിമാ സംഘടനകൾ പറയുന്നത്. എന്നാൽ എക്സൈസിന്‍റെ വലയിൽ കുരുങ്ങുന്നത് ചെറിയ മീനുകൾ മാത്രമാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
2022 ആഗസ്റ്റ് 17 നാണ് എട്ടര ഗ്രാം എംഡിഎംഎയുമായി ട്രാൻസ്ജന്‍റർ ദീക്ഷ പിടിയിലാകുന്നത്. സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായിരുന്ന ദീക്ഷയുടെ മൊഴിക്ക് പിന്നാലെ അന്വേഷണം എത്തിയത് മോഡലായ റോസ് ഹെമ്മയെന്ന ഷെറിൻ ചാരുവിലേക്കായിരുന്നു. 2023 മാർച്ച് 24ന് ഇടപള്ളിയിൽ വച്ച് 2.25 ഗ്രാം എംഡിഎംഎയുമായി ഷെറിൻ പിടിയിലാകുന്നത്. സിനിമാ മേഖലയിൽ വിപുലമായ ബന്ധങ്ങളുള്ള ഷെറിന്‍റെ മയക്കുമരുന്ന് ഇടപാടുകാർ ആരൊക്കെ എന്നതിൽ ഒരുമാസത്തിനിപ്പുറവും ഉത്തരം കണ്ടെത്താൻ പൊലീസ് തുനിഞ്ഞിട്ടില്ല.
2023 ജനുവരി എട്ടാം തീയതിയാണ് കൊച്ചിയിലെ സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥിയും ജൂനിയർ ആർട്ടിസ്റ്റായ ബ്ലെയ്സി പിടിയിലാകുന്നത്. പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മാർച്ച് മാസം ആശാൻ സാബുവെന്ന ശ്യാമിലേക്ക് അന്വേഷണം എത്തി. സിനിമാ മേഖലയിലെ പ്രധാന വിതരണക്കാരിൽ ഒരാളാണ് ശ്യാമെന്ന് എക്സൈസും സമ്മതിക്കുന്നു. 20 ഗ്രാം എംഡിഎംഎയുമായി ഇടപ്പള്ളിയിൽ നിന്നാണ് ശ്യാം പിടിയിലാകുന്നത്. ശ്യാം നൽകിയ വിവരങ്ങളിൽ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അഭിനേതാവായ ചാർളി എന്നറിയപ്പെടുന്ന നിധിൻ ജോസിനെ മാർച്ച് 9 ന് പിടികൂടി. വരാൽ,എല്ലാം സെറ്റാണ് അടക്കം ഒരു ഡസൻ സിനിമകളിൽ പ്രവർത്തിച്ച നിതിൻ ജോസിനെ വാടകവീട്ടിൽ നിന്നുമാണ് എക്സൈസ് സംഘം പിടികൂടുന്നത്.
സിനിമാ രംഗത്തെ മയക്കുമരുന്ന് വിതരണക്കാർ എന്ന് എക്സൈസ് വ്യക്തമാക്കുമ്പോഴും ആർക്ക് വിതരണം ചെയ്തുവെന്നതിലോ ഏതൊക്കെ സെറ്റുകളിൽ മയക്കുമരുന്ന് എത്തിച്ചുവെന്നതിലോ അന്വേഷണമില്ല. പിടികൂടുമ്പോൾ സിനിമാ ചർച്ചയാണ് നടന്നതെന്ന് നിതിന്‍റെ ജാമ്യ ഹർജിയിൽ പരാമർശിക്കുന്നുണ്ട്. എക്സൈസിന്‍റെ നിരീക്ഷണത്തിലുള്ള പുതുമുഖ നടന്മാരുമായും നിതിന് അടുത്ത സൗഹൃദമാണുള്ളത്. എന്നാൽ നിതിന്‍റെ അറസ്റ്റോടെ ചങ്ങല മുറിഞ്ഞു. ഫോറൻസിക്ക് റിപ്പോർട്ടുകളും ഡിജിറ്റൽ തെളിവുകളുടെ ശാസ്ത്രീയ പരിശോധനകളും വൈകുന്നതാണ് പ്രധാന തടസമെന്നാണ് എക്സൈസ് പറയുന്നു. സിനിമയിലെ പലർക്കും വേണ്ടി ക്യാരിയറായി ബംഗലുരുവിൽ നിന്നുമാണ് വലിയ അളവിൽ ആശാൻ സാബുവെന്ന ശ്യാം മയക്കുമരുന്ന് എത്തിക്കുന്നത്.കർണ്ണാടകത്തിലെ അന്വേഷണവും ഇതുവരെ ലക്ഷ്യം കണ്ടില്ല. ഇതൊക്കെ സിനിമാ ലൊക്കേഷന് പുറത്ത് നടന്ന അറസ്റ്റുകളാണ്. ലൊക്കേഷനുകളിലും കയറി പരിശോധന നടത്തും, മുഖം നോക്കാതെ നടപടി തുടങ്ങിയ വിരട്ടലുകൾ ഇപ്പോഴും ഉണ്ടയില്ലാ വെടികൾ മാത്രമാണെന്ന് വ്യക്തം.