നേരിലെ 'ദൃശ്യം' റെഫറൻസും ആ രംഗത്തിലെ മോഹൻലാലിന്‍റെ നോട്ടവും
കൗതുകമായി നേരിലെ ദൃശ്യം റെഫറൻസ്.
മോഹൻലാലിന്റെ എക്കാലത്തെയും ഒരു ഹിറ്റ് ചിത്രമാണ് ദൃശ്യം. ക്രൈം ഒളിപ്പിക്കാനുള്ള ശ്രമങ്ങളാണ് ദൃശ്യം സിനിമയുടെ പ്രധാന ആകര്‍ഷണം. സംവിധായകൻ ജീത്തു ജോസഫും മോഹൻലാലും ഒന്നിച്ച ചിത്രം നേരിലും ക്രൈം പ്രധാന പ്രമേയമാകുന്നുണ്ടെങ്കിലും സസ്‍പെൻസിലുപരി കോര്‍ട്ട് റൂം നടപടികളാണ് ഉദ്വേഗജനകമാകുന്നത്. നേരിലെ ഒരു ദൃശ്യം റെഫറൻസാണ് താരത്തിന്റെ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.
ക്രൈം മറച്ചുവയ്‍ക്കാൻ ബുദ്ധിപൂര്‍വം ദൃശ്യം കഥയില്‍ നായകൻ കാട്ടുന്ന ശ്രമങ്ങളില്‍ ഒന്നാണ് നേരിലെ മോഹൻലാലിന്റെ കഥാപാത്രത്തിന്റെ സഹായി സൂചിപ്പിക്കുന്നത്. സഹായി അത് ചൂണ്ടിക്കാട്ടുമ്പോള്‍ ആ രംഗത്ത് മോഹൻലാലിന്റെ ഒരു നോട്ടവുമുണ്ട് എന്ന് നേര് കണ്ട പ്രേക്ഷകര്‍ ആവേശത്തോടെ സാമൂഹ്യ മാധ്യമത്തില്‍ കുറിക്കുന്നു. ദൃശ്യത്തിലെ വിജയത്തില്‍ നിര്‍ണായകമായിരുന്നു അത്. തിയറ്ററില്‍ നേര് കണ്ടവരെ ആവേശത്തിലാക്കുന്ന രംഗമായി ദൃശ്യം റെഫറൻസ് മാറുകയും ചെയ്‍തു എന്നാണ് പ്രേക്ഷകരുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.
നേരില്‍ സസ്‍പെൻസില്ലെന്ന് നേരത്തെ തന്നെ സംവിധായകൻ ജീത്തു ജോസഫ് പല ആവര്‍ത്തി വ്യക്തമാക്കിയത് ഫലം ചെയ്‍തു എന്നാണ് അഭിപ്രായങ്ങള്‍. ദൃശ്യം പ്രതീക്ഷിച്ച് നേര് കാണാൻ ആരും പോകേണ്ട എന്ന് ജീത്തു ജോസഫ് അഭ്യര്‍ഥിച്ചിരുന്നു. അങ്ങനെ പോയാല്‍ നിരാശയാകും ഫലമെന്നും സംവിധായകൻ ജീത്തു ജോസഫ് വ്യക്തമാക്കിയിരുന്നു. ഇമോഷന് പ്രാധാന്യമുള്ള കോര്‍ട്ട് റൂം ചിത്രമാണ് നേര് എന്ന് ജീത്തു ജോസഫ് വ്യക്തമാക്കിയത് അക്ഷരംപ്രതി ശരിയാണെന്ന് പ്രേക്ഷകരും അംഗീകരിക്കുന്നു.
അനശ്വര രാജനാണ് നേരില്‍ കേന്ദ്ര കഥാപാത്രമായി എത്തിയിരിക്കുന്നത്. കണ്ണ് കാണാത്ത പെണ്‍കുട്ടിയായി നേര് സിനിമയില്‍ അനശ്വര രാജൻ എത്തിയിരിക്കുന്നത്. ഛായാഗ്രാഹണം സതീഷ് കുറുപ്പാണ്. ജീത്തു ജോസഫും ശാന്തി മായാദേവിയും തിരക്കഥ എഴുതിയിരിക്കുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക